ബോട്ടെങ്, ജര്‍മനി നിങ്ങള്‍ക്കൊപ്പമുണ്ട്

പാരിസ്: ജര്‍മന്‍ ദേശീയതയുടെ പ്രതീകമായ തൂവെള്ളക്കുപ്പായം വിയര്‍പ്പില്‍ കുളിക്കുമ്പോള്‍ ജെറോം ബോട്ടെങ് ആരോടൊക്കെയോ കണക്കുതീര്‍ക്കുകയായിരുന്നു. മുന്നിലുള്ളത് ലോകചാമ്പ്യന്മാരെന്ന ഭയപ്പാടൊന്നുമില്ലാതെ തുരുതുരാ ആക്രമിച്ച യുക്രെയ്ന്‍ മുന്നേറ്റ നിരക്കു മുന്നില്‍ അതിര്‍ത്തികാക്കുന്ന പടയാളിയെ പോലെ ബോട്ടെങ് കാവല്‍ നിന്നു. ഒരിക്കല്‍പോലും ആ വന്‍മതില്‍ പിളര്‍ന്നില്ല. ഒരുനിമിഷം ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ക്ക് പിഴച്ചപ്പോള്‍ അതിമാനുഷനായി അവിടെയും ഘാനക്കാരന്‍ അച്ഛന്‍െറ മകനത്തെി. ആറടി മൂന്നര ഇഞ്ചുകാരന്‍ വായുവില്‍ ഉയര്‍ന്നു നൃത്തം ചവിട്ടി തൊഴിച്ചപ്പോള്‍ രക്ഷപ്പെട്ടത് ജര്‍മനിയായിരുന്നു. ഗോളെന്നുറച്ച നീക്കത്തില്‍ പന്ത് വരകടക്കും മുമ്പെ വന്നവഴി പറന്നുപോയി. ഇവിടെ തീര്‍ന്നില്ല, 90 മിനിറ്റും പ്രതിരോധനിരയില്‍ ഒറ്റയാനായി ബോട്ടെങ് നിലയുറപ്പിച്ചപ്പോള്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയും, ഒപ്പം നിന്നവര്‍ക്കുള്ള നന്ദിവാക്കുമായി. യൂറോകപ്പ് ഗ്രൂപ് സിയില്‍ ജര്‍മനി യുക്രെയിനെ 2-0ത്തിന് തോല്‍പിച്ചപ്പോള്‍ ലോകചാമ്പ്യന്മാരുടെ നാട്ടില്‍ താരമായത് ഗോളടിച്ച ഷൊദ്റന്‍ മുസ്തഫിയും കളത്തിലിറങ്ങി ആദ്യ ടച്ചില്‍ പന്ത് വലയിലത്തെിച്ച ബാസ്റ്റ്യന്‍ ഷൈന്‍ സ്റ്റീഗറുമായിരുന്നില്ല. ദേശീയവാദികള്‍ വെറുമൊരു കുടിയേറ്റക്കാരനായ ആഫ്രിക്കനായി ചവിട്ടിത്തേച്ച് അരുക്കാക്കാന്‍ ശ്രമിച്ച ഒരേയൊരു ബോട്ടെങ്. ലോകചാമ്പ്യന്മാരെന്ന പകിട്ടില്‍ ജര്‍മനി യൂറോകപ്പിനൊരുങ്ങുമ്പോഴായിരുന്നു ബോട്ടെങ്ങിനെതിരെ രാഷ്ട്രീയ ആക്രമണം നടക്കുന്നത്. ‘മികച്ച ഫുട്ബാളറാണെങ്കിലും, ജര്‍മനിക്കാര്‍ ബോട്ടെങ്ങിനെയൊന്നും അയല്‍ക്കാരാക്കാന്‍ ആഗ്രഹിക്കുന്നില്ളെന്ന’ തീവ്ര ദേശീയവാദികളുടെ നേതാവായ അലക്സാണ്ടര്‍ ഗൗലണ്ടിന്‍െറ പ്രസ്താവന വിവാദമായി. രാജ്യമൊന്നാകെ ബോട്ടെങ്ങിന് പിന്തുണയുമായി രംഗത്തത്തെി. ദേശീയ താരത്തിന്‍െറ ജഴ്സിയണിഞ്ഞ് ജനപ്രതിനിധിയായ സ്വെ പീറ്റെക് പാര്‍ലമെന്‍റിലത്തെിയതോടെ വിഷയം രാജ്യാന്തര ശ്രദ്ധനേടി.

ജെറോം ബോട്ടെങ്ങിന്‍െറ ഗോള്‍ലൈന്‍ സേവ്

തന്‍െറ പേരില്‍ രാജ്യമൊന്നാകെ ഇളകുമ്പോഴെല്ലാം ബോട്ടെങ് നിശ്ശബ്ദനായിരുന്നു. യൂറോകപ്പില്‍ ജര്‍മനി കളത്തിലിറങ്ങിയപ്പോള്‍ ഗാലറിയില്‍ ആരാധകരില്‍ വലിയൊരു പങ്കും ഘാന വംശജന്‍െറ ജഴ്സിയുമണിഞ്ഞത്തെി. അവര്‍ക്കെല്ലാവര്‍ക്കുമുള്ള നന്ദിപ്രകടനമായിരുന്നു യുക്രെയിനെതിരെ ആദ്യ മത്സരത്തില്‍ കണ്ടത്. കളിയുടെ 19ാം മിനിറ്റില്‍ ഷൊദ്റാന്‍ മുസ്തഫിയുടെ ഹെഡ്ഡര്‍ ഗോളിലൂടെ  മുന്നിലത്തെിയവരെ,  90ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ബാസ്റ്റ്യന്‍ ഷൈന്‍സ്റ്റീഗറാണ് വിജയമുറപ്പിച്ചത്. ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റില്‍ മെസ്യൂത് ഓസിലിന്‍െറ വിങ്ങ് മുന്നേറ്റത്തെ ആദ്യ ടച്ചിലൂടെ തന്നെ ഷൈന്‍സ്റ്റീഗര്‍ വലയിലാക്കി. ആദ്യ പകുതിയില്‍ നേടിയ ഗോളുമായി പൊരുതിയ ലോകചാമ്പ്യന്മാരെ കരുത്തുറ്റ പ്രത്യാക്രമണവുമായാണ് യുക്രെയ്ന്‍ നേരിട്ടത്. ക്യാപ്റ്റന്‍െറ ആംബാന്‍ഡുമായി ടീമിനെ നയിച്ച ഗോളി മാനുവല്‍ നോയറും പ്രതിരോധത്തിലെ വന്‍മതിലായി നിറഞ്ഞു നിന്ന ജെറോം ബോട്ടെങ്ങും ചേര്‍ന്നാണ് യുക്രെയ്ന്‍ മുന്നേറ്റങ്ങള്‍ പൊട്ടിച്ചത്. മെസ്യൂത് ഓസിലും മരിയോ ഗോട്സെയും നയിച്ച ജര്‍മന്‍ മുന്നേറ്റം ആദ്യവസാനം എതിര്‍ഗോള്‍മുഖത്ത് ആക്രമണം നടത്തി. രണ്ടാം പകുതിയുടെ അവസാനം കളത്തിലത്തെിയ ഷൈന്‍സ്റ്റീഗര്‍ ആദ്യ സ്പര്‍ശം തന്നെ ഗോളാക്കി ചാമ്പ്യന്മാര്‍ക്ക് മോഹിച്ച തുടക്കം സമ്മാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.