കൊല്‍ക്കത്ത: ശിഖര്‍ ധവാന് പരിക്കേറ്റതോടെ ഗൗതം ഗംഭീറിന് രണ്ടു വര്‍ഷത്തിനുശേഷം ടെസ്റ്റില്‍ ഇന്ത്യന്‍ കുപ്പായമണിയാന്‍ അവസരമൊരുങ്ങുന്നു. പരിക്കേറ്റ ലോകേഷ് രാഹുലിന് പകരം കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിച്ചിരുന്നുവെങ്കിലും ഗംഭീറിന് കളിക്കാനായിരുന്നില്ല. ഒട്ടും ഫോമിലല്ലാതിരുന്നിട്ടും ഒരിക്കല്‍കൂടി അവസരം ലഭിച്ച ധവാന്‍ ആദ്യ ഇന്നിങ്സില്‍ പരാജയമായതിനുശേഷം രണ്ടാം വട്ടം ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് ട്രെന്‍റ് ബോള്‍ട്ടിന്‍െറ പന്ത് രണ്ടുതവണ തള്ളവിരലില്‍ കൊണ്ടത്. മത്സരശേഷം നടത്തിയ പരിശോധനയില്‍ ചെറിയ പൊട്ടലുള്ളതായി കണ്ടത്തെിയതിനാല്‍ ധവാന് 15 ദിവസത്തെ വിശ്രമം ആവശ്യമാണെന്ന് ടീം മാനേജര്‍ നിഷാന്ത് അറോറ വ്യക്തമാക്കി.
ഏറെക്കാലം വീരേന്ദര്‍ സെവാഗിനൊപ്പം ഇന്ത്യയുടെ വിശ്വസ്ത ഓപണറായിരുന്ന ഗംഭീര്‍ ഫോം മങ്ങിയതിനെ തുടര്‍ന്ന് 2012ലാണ് ടെസ്റ്റ് ടീമില്‍നിന്ന് പുറത്താവുന്നത്. ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷം 2013ല്‍ ഇംഗ്ളണ്ടിനെതിരായ പരമ്പരയില്‍ തിരിച്ചത്തെിയെങ്കിലും നാലു ഇന്നിങ്സുകളില്‍നിന്നായി 25 റണ്‍സ് മാത്രമേ സ്കോര്‍ ചെയ്യാനായുള്ളൂ. ഇതോടെ വീണ്ടും ടീമില്‍നിന്ന് പുറത്തായ ഗംഭീര്‍ സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ടീമിലേക്കുള്ള വാതില്‍ തുറന്നത്. ദുലീപ് ട്രോഫിയില്‍ അഞ്ചു കളികളില്‍ നാലു അര്‍ധ സെഞ്ച്വറികളടക്കം 356 റണ്‍സടിച്ചിരുന്നു 34കാരന്‍. 56 ടെസ്റ്റുകളില്‍നിന്ന് 42.58 ശരാശരിയില്‍ ഒമ്പതു സെഞ്ച്വറികളും 21 അര്‍ധശതകങ്ങളുമടക്കം 4046 റണ്‍സാണ് ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍െറ സമ്പാദ്യം.
ധവാനുപകരം കര്‍ണാടകയുടെ മലയാളിവേരുകളുള്ള കരുണ്‍ നായരാണ് ടീമിലിടംപിടിച്ചത്. സമീപകാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുമായി ശ്രദ്ധയാകര്‍ഷിച്ച കരുണ്‍ 2015-16 രഞ്ജി ട്രോഫി സീസണില്‍ കര്‍ണാടകയുടെ മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരനായിരുന്നു. ഈവര്‍ഷം ജൂണില്‍ സിംബാബ്വെക്കെതിരായ പരമ്പരയില്‍ രണ്ടു ഏകദിനങ്ങളില്‍ ബാറ്റേന്താന്‍ കരുണിന് അവസരം ലഭിച്ചിരുന്നു. 34 ഫസ്റ്റ്ക്ളാസ് മത്സരങ്ങളില്‍ 49.39 ശരാശരിയില്‍ ഏഴു ശതകങ്ങളും പത്ത് അര്‍ധസെഞ്ച്വറികളുമടക്കം 2519 റണ്‍സും 49 ലിസ്റ്റ് എ കളികളില്‍ ഒരു സെഞ്ച്വറിയും ഒമ്പതു അര്‍ധശതകങ്ങളുമടക്കം 36.70 ശരാശരിയില്‍ 1358 റണ്‍സുമാണ് വലങ്കയ്യന്‍ ബാറ്റ്സ്മാന്‍െറ സമ്പാദ്യം. 2015ല്‍ ലങ്കന്‍ പര്യടനത്തിനിടെ മുരളി വിജയിന് പരിക്കേറ്റപ്പോള്‍ കരുണിനെ ടീമിലെടുത്തിരുന്നുവെങ്കിലും ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.