ഫോര്‍ലാന്‍െറ ഗോളില്‍ മുംബൈ; നോര്‍ത് ഈസ്റ്റിന് തോല്‍വി

മുംബൈ: പുതിയ തട്ടകത്തിലെ ആദ്യ അങ്കത്തില്‍ സൂപ്പര്‍താരം ഡീഗോ ഫോര്‍ലാന്‍െറ പെനാല്‍റ്റി ഗോളില്‍ ജയം നേടി മുംബൈ സിറ്റി എഫ്.സി.
മുംബൈ ഫുട്ബാള്‍ അറീനയില്‍ നടന്ന മത്സരത്തില്‍ രണ്ട് ജയവുമായി നെഞ്ചുവിരിച്ചത്തെിയ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ ഒരുഗോളിലാണ് മുംബൈ മടക്കിയയച്ചത്. ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷം 55ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ മധ്യനിരതാരം പ്രണോയ് ഹല്‍ദറെ നോര്‍ത് ഈസ്റ്റിന്‍െറ പ്രതിരോധക്കാരന്‍ റീഗണ്‍ സിങ് ഫൗള്‍ചെയ്തു വീഴ്ത്തിയതിന് വിധിച്ച പെനാല്‍ട്ടി കിക്ക് ഫോര്‍ലാന്‍ വലയിലാക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് കളികളില്‍ കേരളബ്ളാസ്റ്റേഴ്സിനെയും എഫ്.സി ഗോവയെയും വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് വടക്കുകിഴക്കന്‍ പട കളത്തിലിറങ്ങിയത്.
മുംബൈയുടെ തുരുപ്പുശീട്ടായ ഫോര്‍ലാനെ പ്രതിരോധവലയത്തില്‍ കുരുക്കിയായിരുന്നു നോര്‍ത് ഈസ്റ്റിന്‍െറ കളിതന്ത്രം. അവരുടെ ഗോള്‍വേട്ടക്കാരായ ജപ്പാന്‍കാരന്‍ കത്സുമി യുസയെയും ഉറുഗ്വായ്ക്കാരന്‍ എമിലാനൊ അല്‍ഫറോയെയും മുംബൈയുടെ പ്രതിരോധനിരയും ചെറുത്തു. ഇരുവശങ്ങളിലേക്കും മാറിമാറി നടന്ന മുന്നേറ്റങ്ങള്‍ ആവേശം വിതറി. നോര്‍ത് ഈസ്റ്റിന്‍െറ മധ്യനിരക്കാരന്‍ കോഫിന്ദ്രി, കത്സുമി, അല്‍ഫറോ എന്നിവരുടെ ഉശിരന്‍ ഷോട്ടുകള്‍ കൈയിലൊതുക്കിയും തട്ടിത്തെറിപ്പിച്ചും ബ്രസീലുകാരനായ മുംബൈയുടെ ഗോള്‍കീപ്പര്‍ റോബര്‍ട്ടോ വൊല്‍പാടൊ രക്ഷകനായി.

അതേസമയം, മധ്യനിരയിലെ അര്‍ജന്‍റീനക്കാരന്‍ മത്യാസും ഫോര്‍ലാനും തമ്മിലെ കൂട്ടുകെട്ടിനെ നോര്‍ത് ഈസ്റ്റിന്‍െറ പ്രതിരോധപട വരുതിയിലാക്കിയത് മുംബൈക്ക് പ്രതികൂലമായി. റുഗന്‍ സിങ്, ഗുസ്താവോ, ദിദിയര്‍ സൊകൊറ എന്നിവരുടെ പ്രതിരോധവലയത്തിലായിരുന്നു ഫോര്‍ലാന്‍.
മത്യാസും ലിയനാര്‍ഡോയും തുറന്ന അവസരങ്ങളിലേക്ക് നീട്ടിനല്‍കിയ പന്തുകളില്‍ ഫോര്‍ലാന് കാലത്തൊത്ത കാഴ്ച പലകുറി കണ്ടു. മത്യാസിന്‍െറയും മറ്റും പരീക്ഷണത്തില്‍ നോര്‍ത് ഈസ്റ്റിന്‍െറ കാവല്‍ക്കാരന്‍ സുബ്രതാപോളിന്‍െറ കാവല്‍മികവും ഇടക്ക് പ്രകടമായി.

33ാം മിനിറ്റില്‍ മുംബൈയുടെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി നോര്‍ത് ഈസ്റ്റിന്‍െറ മുന്നറ്റനിര നടത്തിയ കുതിപ്പ് പ്രതിരോധത്തില്‍ തട്ടി ചിതറി. 51ാം മിനിറ്റില്‍ സമാനമായ മുന്നേറ്റം മുംബൈയും നടത്തി. മൂന്ന് മിനിറ്റ് ഇഞ്ചുറി ടൈമില്‍ മൂന്ന് കോര്‍ണര്‍ കിക്കുകളാണ് മുംബൈ വഴങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.