മെസ്സി വന്നു; ഗോളടിച്ചു അർജൻറീനക്ക്​ ജയം

മെന്‍ഡോസ: രാജ്യമുപേക്ഷിച്ച് പോയ ലയണല്‍ മെസ്സി വിജയഗോളുമായി തിരിച്ചത്തെി വീണ്ടും അര്‍ജന്‍റീനയുടെ പ്രിയ പുത്രനായി. കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് കീഴടങ്ങി മനസ്സുതകര്‍ന്ന് ദേശീയ ടീമില്‍നിന്ന് രാജിവെച്ച സൂപ്പര്‍താരം രണ്ടര മാസത്തിനുശേഷം വീണ്ടും ആ കുപ്പായമണിഞ്ഞപ്പോള്‍ ഗോളടിച്ചുകൊണ്ടായി തിരിച്ചുവരവ്. തെക്കനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കരുത്തരായ ഉറുഗ്വായ്യെ തോല്‍പിച്ച മത്സരത്തില്‍ (1-0) അര്‍ജന്‍റീനയുടെ ഏകഗോള്‍ പിറന്നത് മെസ്സിയുടെ മാന്ത്രികബൂട്ടില്‍ നിന്ന്. 43ാം മിനിറ്റിലായിരുന്നു പെനാല്‍റ്റി ബോക്സിന് പുറത്തുനിന്നും പായിച്ച ഷോട്ട് വലകുലുക്കിയത്. അര്‍ജന്‍റീനക്ക് ജയവും പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും.

ആദ്യ പകുതി പിരിയും മുമ്പേ പൗലോ ഡിബാല രണ്ട് മഞ്ഞക്കാര്‍ഡുകളുമായി പുറത്തായി അര്‍ജന്‍റീന പത്ത് പേരിലേക്കൊതുങ്ങിയെങ്കിലും വിജയമാറ്റ് കുറക്കാന്‍ ഒന്നിനും കഴിഞ്ഞില്ല. പുതിയ കോച്ച് എഡ്ഗാര്‍ഡോ ബൗസയുടെ അരങ്ങേറ്റംകൂടിയായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ടത്. കോപ ഫൈനല്‍ ട്രാജഡിയില്‍ തകര്‍ന്നുപോയ അര്‍ജന്‍റീനയെ വീണ്ടെടുക്കാനിറങ്ങിയ എഡ്ഗാര്‍ഡോ മെസ്സിക്ക് പതിവ് പൊസിഷന്‍ നല്‍കിയപ്പോള്‍, എയ്ഞ്ചല്‍ ഡി മരിയയെയാണ് ഇടതുവിങ്ങില്‍ കളിപ്പിച്ചത്. ലൂകാസ് പ്രാറ്റോ സ്ട്രൈക്കറും പൗലോ ഡിബാല അറ്റാക്കിങ് മിഡ്ഫീല്‍ഡറും. യാവിയര്‍ മഷറാനോ, ലൂകാസ് ബിഗ്ളിഗ, ഒടമെന്‍ഡി, സബലേറ്റ എന്നിവരും പ്ളെയിങ് ഇലവനിലത്തെി. സ്വന്തം മണ്ണിലിറങ്ങിയ ഉറുഗ്വായ് ലൂയി സുവാരസ്, എഡിന്‍സണ്‍ കവാനി, കാര്‍ലോസ് സാഞ്ചസ്, ഡീഗോ ഗോഡിന്‍, ജോസ് ഗിമിനെസ് തുടങ്ങിയ പ്രമുഖരെതന്നെ അണിനിരത്തി.

അര്‍ജന്‍റീനക്കായിരുന്നു മുന്‍തൂക്കം. പക്ഷേ, മുസ്ലേരയെന്ന കരുത്തനായ ഗോളിക്കു മുന്നില്‍ മരിയ-മെസ്സി കൂട്ടിന്‍െറ മുന്നേറ്റങ്ങളൊന്നും വിലപ്പോയില്ല. 42ാം മിനിറ്റിലെ ഗോളിന്‍െറ ആനുകൂല്യത്തില്‍ ടീം സെറ്റായെങ്കിലും ഡിബാലയുടെ പുറത്താവലോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. രണ്ടാം പകുതിയില്‍ സുവാരസും കവാനിയും സമ്മര്‍ദം സൃഷ്ടിച്ചെങ്കിലും യാവിയര്‍ മഷറാനോയും ഒടമെന്‍ഡിയും നയിച്ച ഉരുക്കുമുഷ്ടിയെ പിളര്‍ത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഏഴു കളിയില്‍ 14 പോയന്‍റുമായി അര്‍ജന്‍റീന ഒന്നാമതായി. 13 പോയന്‍റുള്ള ഉറുഗ്വായ് രണ്ടാം സ്ഥാനത്താണ്.

  • അര്‍ജന്‍റീന
  • കുപ്പായത്തില്‍ ലയണല്‍
  • മെസ്സിക്ക് ഗോളെണ്ണം 56
  •  

 56 ഗോള്‍ നേടിയത്
114 മത്സരങ്ങളില്‍

 അര്‍ജന്‍റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍ സ്കോററായി റെക്കോഡ് കുറിച്ചത് കോപ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിനിടെ
 മറികടന്നത് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ (54)

  •  ഒടുവിലത്തെ ഗോള്‍ ഉറുഗ്വായ്ക്കെതിരെ

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.