മാഞ്ചസ്റ്റര്‍ ഡെര്‍ബിയിൽ സിറ്റിക്ക് ജയം

മാഞ്ചസ്റ്റര്‍: ലോകം കാത്തിരുന്ന മാഞ്ചസ്റ്റര്‍ നഗരപോരാട്ടത്തില്‍ വിജയം സിറ്റിക്കൊപ്പം. അടിമുടി ആവേശം നിറഞ്ഞുനിന്ന ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. സിറ്റിക്കായി കെവിന്‍ ഡിബ്രൂയ്നും കലേച്ചി ഇഹനാച്ചോയും ലക്ഷ്യംകണ്ടപ്പോള്‍ യുനൈറ്റഡിനായി സ്ളാറ്റന്‍ ഇബ്രാഹിമോവിച് വലകുലുക്കി. മൂന്നു ഗോളുകളും ആദ്യ പകുതിയിലായിരുന്നു. ഇടവേളക്കുശേഷം ഇരു ഗോള്‍മുഖത്തേക്കും മാറിമറിഞ്ഞ നീക്കങ്ങളുണ്ടായെങ്കിലും കൂടുതല്‍ ഗോള്‍ പിറക്കാതിരുന്നതോടെ തുടര്‍ച്ചയായ നാലാം വിജയവുമായി 12 പോയന്‍േറാടെ സിറ്റി തലപ്പത്തേക്ക് കയറി. നാലു കളികളില്‍ മൂന്നു വിജയങ്ങളില്‍നിന്നുള്ള ഒമ്പതു പോയന്‍റുമായി യുനൈറ്റഡ് മൂന്നാമതാണ്. മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷം സൈഡ്ലൈനില്‍ മുഖാമുഖം അണിനിരന്നപ്പോള്‍ ജോസ് മൗറീന്യോക്കെതിരെ വിജയത്തോടെ തുടങ്ങാനായത് പെപ് ഗ്വാര്‍ഡിയോളക്ക് നേട്ടമായി. യുനൈറ്റഡിന്‍െറ തട്ടകത്തില്‍ ഇതിഹാസ പരിശീലകന്‍ അലക്സ് ഫെര്‍ഗൂസനെക്കൂടി സാക്ഷിയാക്കിയായിരുന്നുവെന്നത് സിറ്റിയുടെ വിജയത്തിന് ഇരട്ടിമധുരം പകര്‍ന്നു.
 

ആദ്യപകുതിയിലെ മികച്ച പ്രകടനത്തിന്‍െറ ബലത്തിലായിരുന്നു സിറ്റിയുടെ ജയം. യുനൈറ്റഡ് സ്റ്റോപ്പര്‍ ബാക്ക് ഡാലി ബ്ളിന്‍ഡിന്‍െറ പിഴവില്‍നിന്നായിരുന്നു സിറ്റിയുടെ രണ്ടു ഗോളുകളും. 14ാം മിനിറ്റില്‍ ഇഹാനോച്ചോയുടെ ഹെഡര്‍ എത്തുമ്പോള്‍ ഡിബ്രൂയ്നെ തടയാന്‍കഴിയുന്ന പൊസിഷനിലായിരുന്നു ബ്ളിന്‍ഡ്. എന്നാല്‍, അനായാസം ഡച്ച് ഡിഫന്‍ഡറെ മറികടന്ന ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ യുനൈറ്റഡ് ഗോളി ഡേവിഡ് ഡിഹെയയെ അനയാസം കീഴടക്കി. 34ാം മിനിറ്റില്‍ സിറ്റിയുടെ രണ്ടാം ഗോളിനും ബ്ളിന്‍ഡിന്‍െറ ‘സഹായ’മുണ്ടായിരുന്നു. ഡിബ്രൂയ്ന്‍െറ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയത് ഗോളാക്കിയ ഇഹനാച്ചോയെ ഓണ്‍സൈഡാക്കിയത് ബ്ളിന്‍ഡിന്‍െറ പൊസിഷനിങ്ങായിരുന്നു. രണ്ടു ഗോളുകളുടെ മുന്‍തൂക്കം നേടിയ സിറ്റിക്ക് തിരിച്ചടിയായത് ബാഴ്സലോണയില്‍നിന്നത്തെി യ ഗോളി ബ്രാവോയുടെ പിഴവ്. ഇബ്രാഹിമോവിച്ചിന്‍െറ ഹാഫ് വോളി സിറ്റി വല ഭേദിച്ചപ്പോള്‍  യുനൈറ്റഡ് തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഗോള്‍ പിറക്കാതിരുന്നതോടെ വിജയം ഗ്വാര്‍ഡിയോളക്കായി.  

ആഴ്സനല്‍ 2-1ന് സതാംപ്ടണെയും ബേണ്‍മൗത്ത് 1-0ന് വെസ്റ്റ് ബ്രോംവിച്ചിനെയും ക്രിസ്റ്റല്‍ പാലസ് 2-1ന് മിഡില്‍സ്ബ്രോയെയും ടോട്ടന്‍ഹാം ഹോട്സ്പര്‍ 4-0ന് സ്റ്റോക് സിറ്റിയെയും വാറ്റ്ഫോര്‍ഡ് 4-2ന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും തോല്‍പിച്ചപ്പോള്‍ ബേണ്‍ലി-ഹള്‍ സിറ്റി മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.