N നസൊഡ്രോവ്യാ- റഷ്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഉപചാര വാക്കാണിത്. അതായത്, ഇംഗ്ലീഷുകാർ മദ്യപാനത്തിന് മുേമ്പ സഹകുടിയന്മാർക്ക് ചിയേഴ്സ് പറയുന്നത് പോലൊരു ആചാരവാക്ക്. എന്നാൽ, റഷ്യക്കാർക്കു അതിലൊക്കെ അപ്പുറമാണവരുടെ ‘നസൊഡ്രോവ്യാ’. നന്ദി, സ്വാഗതം, അങ്ങനെയാകട്ടെ, നന്ദി സ്വീകരിക്കുന്നു എന്നിവക്കൊക്കെ ഇത് ഉപയോഗിക്കാം. ചുരുക്കത്തിൽ റഷ്യ സന്ദർശിക്കുന്നവർക്ക് ഒരു നസൊഡ്രോവ്യാ കൈയിലുണ്ടെങ്കിൽ തൽക്കാലം കഴിഞ്ഞു കൂടാം.
O ഒളിമ്പിക്സ് -ഒളിമ്പിക്സിലെ അധിപൻമാരായിരുന്നു റഷ്യക്കാർ. ഒളിമ്പിക്സിൽ അവർ വാരിക്കൂട്ടിയ സ്വർണമെഡലുകൾക്കും റെക്കോഡുകൾക്കും കണക്കില്ല. സമ്മർ -വിൻറർ ഒളിമ്പിക്സുകളിലെ ഈ മെഡൽ കൊയ്ത്ത് അവരുടെ സ്വകാര്യ അഹങ്കാരമായി നിലനിൽക്കുമ്പോഴും നാണിപ്പിക്കുന്ന പൂർവകാല അനുഭവം അവർക്ക് ഒളിമ്പിക്സ് ചരിത്രത്തിലുണ്ട്. 1908ൽ ലണ്ടനിൽ ഒളിമ്പിക്സ് നടന്നപ്പോൾ റഷ്യക്കാർ മത്സരിക്കാൻ എത്തിയത് 12 ദിവസം കഴിഞ്ഞിട്ടായിരുന്നു. അന്നവർ ഉപയോഗിച്ചിരുന്ന ജൂലിയൻ കലണ്ടറും ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറും തമ്മിൽ 13 ദിവസത്തെ വ്യത്യാസമുണ്ട്. അതായത്, ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ലോകത്തു എല്ലായിടത്തും ഇന്ന് മാർച്ച് 18 എങ്കിൽ ജൂലിയൻ കലണ്ടർ പ്രകാരം ഇന്ന് മാർച്ച് അഞ്ച് ആണ്. എന്തായാലും റഷ്യക്കാർക്ക് പിന്നീട് അത്തരം അബദ്ധം ഉണ്ടായിട്ടില്ല. അവരും ഗ്രിഗോറിയൻ കലണ്ടറിലേക്കു തന്നെ മാറി.
P പീറ്റേഴ്സ്ബർഗ് -പലതവണ പേരിനു മാറ്റമുണ്ടായെങ്കിലും റഷ്യക്കാർക്ക് അന്നും ഇന്നും ഈ നഗരം അവരുടെ പീറ്റേഴ്സ്ബർഗ് തന്നെയാണ്. പീറ്റർ ചക്രവർത്തി (സാർ ഒന്നാമൻ) 1703ൽ രൂപകൽപന ചെയ്ത് നിർമിച്ച ഈ മഹാ നഗരം രണ്ടു നൂറ്റാണ്ടിലധികം റഷ്യയുടെ തലസ്ഥാനമായിരുന്നു. 1917ലെ റഷ്യൻ വിപ്ലവത്തിന് ശേഷമാണ് തലസ്ഥാനം മോസ്കോ ആയി മാറിയത്. നേവാ നദിക്കരയിലുള്ള അതിമനോഹരമായ ഈ നഗരം മനംകവരുന്ന കൊട്ടാരങ്ങളും കോട്ടകളും സ്വകാര്യ വില്ലകൾ കൊണ്ടും സമ്പന്നമാണ്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള ഈ രാജ്യത്തിനു കാലംകണ്ട എക്കാലത്തെയും ഏറ്റവും വലിയ ക്രൂരെൻറ കടന്നുകയറ്റത്തിനും കൂട്ടക്കൊലക്കും സാക്ഷിയാകേണ്ടിയും വന്നിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്ലറുടെ നാസിപ്പട ഇവിടം കൈയേറി 10 ക്ഷം റഷ്യക്കാരെ കൊന്നൊടുക്കി. പെട്രോഗ്രേഡും ലെനിൻഗ്രേഡും ഒക്കെ ആയി മാറിയെങ്കിലും കാലം കരുതിവെച്ച ആ പേരുതന്നെ അവർക്കു തിരിച്ചുകിട്ടി. റഷ്യയും ഇൗജിപ്തും ഏറ്റുമുട്ടുന്ന 2018 ജൂൺ 19ലെ കളിയടക്കം അഞ്ചു മത്സരങ്ങൾ കാണാൻ ഇവിടത്തുകാർക്കു അവസരമൊരുങ്ങി.
(തുടരും )
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.