ഒരു പ്രീക്വാർട്ടറും ക്വാർട്ടറും അടക്കം ലോകകപ്പിലെ ആറു മത്സരങ്ങൾക്ക് ഈ നഗരം വേദിയാകുന്നു എന്നറിയുമ്പോഴേക്കും ഇവിടത്തുകാരുടെ കളിപ്രേമവും നഗരത്തിെൻറ ചരിത്ര പ്രാധാന്യവും നമുക്കറിയാനാകും. റഷ്യൻ ഫെഡറേഷനിലെ മറ്റു പ്രവിശ്യകളിൽനിന്ന് തികച്ചും വേറിട്ട സാമൂഹിക, സാംസ്കാരിക രീതികളാണ് ഇവിടത്തേത്. എന്നാലും അവർ ഇപ്പോഴും റഷ്യയുടെ അവിഭാജ്യഘടകമായി നിലനിൽക്കുന്നു.
റഷ്യയിലെ എട്ടാമത്തെ ഏറ്റവുംവലിയ നഗരമാണ് മുൻ ഇസ്ലാമിക രാജ്യമായിരുന്ന ഇപ്പോഴത്തെ ടാറ്റാറിസ്ഥാെൻറ തലസ്ഥാനമായ കസാൻ. റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ പൈതൃകനഗരം വോൾഗാ നദിയുടെ തീരങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഇസ്ലാമിെൻറ സംസ്കാരവും പൈതൃകവും അതുപടി അംഗീകരിച്ചുകൊണ്ട് മുൻ കമ്യൂണിസ്റ്റ് ഭരണകൂടം ഇവർക്ക് പൈതൃകപദവി അംഗീകരിച്ച് നൽകിയിട്ടുണ്ട്.
ഒരു കാലത്ത് വോൾഗാ ബൾഗേറിയ എന്ന് പേരുണ്ടായിരുന്ന ഈ ഇസ്ലാം ഭരണ പ്രവിശ്യ 922ൽ ആണ് ഇന്നത്തെ റഷ്യയുടെ ഭാഗമായത്. ടാറ്റർസ്ഥാൻ പ്രവിശ്യയുടെ ജനസംഖ്യയിൽ 55 ശതമാനവും സുന്നി വിഭാഗത്തിൽപെടുന്ന മുസ്ലിംകളാണ്. ലോകചരിത്രത്തിൽ ഏറ്റവും അധികം ചോരയൊഴുകിയ പ്രദേശങ്ങളിൽ ഒന്നാണിത്. റഷ്യൻ പൈതൃകവും സ്ലാവ്യൻ പാരമ്പര്യവും ഇല്ലാത്ത ഏക വിദേശ ശക്തിയായിരുന്ന ഖാൻസു തലസ്ഥാനമായിരുന്ന ടാറ്റാറൻ പ്രവിശ്യ പിടിച്ചടക്കാൻ ഇവാൻ നാലാമൻ ചക്രവർത്തിക്ക് നിരവധിതവണ പടയോട്ടം നടത്തേണ്ടിവന്നു. ഒടുവിൽ റഷ്യൻ പ്രവിശ്യയുടെ ഭാഗമായിട്ടും അവർ അവരുടെ സാംസ്കാരികത്തനിമ അതുപടി നിലനിർത്തി. മോസ്ക്കുകളുടെയും മിനാരങ്ങളുടെയും നഗരമായ കസാൻ ഒപ്പം കളികളുടെയും നഗരമാണ്. 1701ൽ പീറ്റർ ഒന്നാമൻ ചക്രവർത്തിയാണ് കസാൻ നഗരത്തെ പ്രവിശ്യ തലസ്ഥാനമായി പ്രഖ്യാപിച്ചത്. മോസ്കോയിലേതുപോലെ ഒരു ക്രെംലിൻ കസാനിലും ഉണ്ട്. അത് ഇപ്പോൾ യുനെസ്കോ സാംസ്കാരിക പൈതൃകമാണ്.
സോവിയറ്റ് കാലഘട്ടത്തിലെ അവരുടെ കായിക പെരുമയുടെ അടയാളമായിരുന്നു കസാൻ. ഗുസ്തിയും ഭാരോദ്വഹനവും മുഷ്ടിയുദ്ധവും അടക്കമുള്ള കായികയിനങ്ങളിൽ നിരവധി ചാമ്പ്യന്മാർ ഇവിടന്നുണ്ടായി. റഷ്യയിലെ ഏറ്റവും പ്രശസ്തമായ ഗോൾഫ് കേന്ദ്രങ്ങളും സൈക്ലിങ് വെലോഡ്രാമുകളും ഇവിടെയാണ്. റൂബിൻ കസാൻ ആണ് അവരുടെ ചാമ്പ്യൻ ഫുട്ബാൾ ടീം.1958ൽ രൂപവത്കൃതമായ ടീമിനെ വോൾഗാ ക്ലബ് എന്നാണ് നാട്ടുകാർ വിളിക്കുന്നത്. ഇവർ ചില്ലറക്കാർ ആണെന്ന് കരുതാൻ വരട്ടെ, 2008ലെയും 2009ലെയും റഷ്യൻ ദേശീയ ചാമ്പ്യന്മാരായിരുന്നു റൂബിൻ കസാൻ. മാത്രമല്ല 2011, 12 സീസണിലെ റഷ്യൻ കപ്പ് വിന്നേഴ്സ് കപ്പ് വിജയികളും. ഈ മികവുകളൊക്കെ കണക്കിലെടുത്തുകൊണ്ടാണ് വേറിട്ട സാംസ്കാരിക പൈതൃകമുള്ള ഇവർക്ക് ലോകകപ്പ് നടത്താനുള്ള അവസരവും ആറു കളികളും റഷ്യൻ ഫുട്ബാൾ ഫെഡറേഷൻ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.