വാഷിങ്ടൺ: ഭാര്യയുടെ വംശീയധിക്ഷേപ പോസ്റ്റുകൾ കാരണം മിഡ്ഫീൽഡർ അലക്‌സാണ്ടർ കറ്റായിയെ ലോസ് ആഞ്ചലസ് ഗാലക്‌സി ഒഴിവാക്കി.
വർണ്ണ വെറിയനായ പൊലീസുകാരൻ ജോർജ് ഫ്ലോയിഡെന്ന 29 വയസുകാരനെ കാൽമുട്ട് െകാണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് രാജ്യത്ത് പ്രക്ഷോഭങ്ങൾ അലയടിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് കറ്റായിയുടെ സെർബിയക്കാരിയായ ഭാര്യ തിയാ കറ്റായി പ്രക്ഷോഭങ്ങക്ക് എതിരെ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ സമൂഹ മാധ്യമ പോസ്റ്റുകളുമായി രംഗത്ത് വന്നത്.
ആഫ്രോ അമേരിക്കൻ വംശജരെയും പ്രതിഷേധക്കാരെയും അവഹേളിക്കുന്ന മൂന്ന് പോസ്റ്റുകളാണ് അവർ പങ്കുവെച്ചത്. വ്യാപകമായ പ്രതിഷേധമുയർന്നതോടെ അവർ വീഡിയോകൾ പിൻവലിച്ചെങ്കിലും പകർപ്പുകൾ വ്യാപകമായി പ്രചരിച്ചു. അമേരിക്കയിലെ വെള്ളക്കാരുടെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ പോലും ഇത്രയും നിന്ദ്യവും ക്രൂരവും ആയി പ്രതികരിച്ചിട്ടില്ലാത്തതിനാൽ തന്നെ ഇവർക്കെതിരെ വ്യാപകമായ പ്രതിഷേധമുയർന്ന് കഴിഞ്ഞു.
വിവരം പുറത്തുവന്നതോടെ എൽ.എ ഗാലക്‌സി അധികൃതർ മാപ്പ് പറയുകയും കറ്റായിയുടെ സേവനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സെർബിയക്കാരനായ അലക്‌സാണ്ടർ കറ്റായി ഡിസംബറിലാണ് എൽ.എ ഗാലക്സിയിൽ ചേർന്നത്. ഇരുവരെയും നാടുകടത്താനും സാധ്യതയുണ്ട്. 2018ൽ മേജർ സോക്കർ ലീഗിലെത്തിയ കറ്റായി ചിക്കാഗോ ഫയറിൽ രണ്ട് വർഷം പന്തുതട്ടിയ ശേഷമാണ് ഗാലക്സിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.