മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിന് കേളികൊട്ടായി ഇന്ത്യൻ താരങ്ങളുടെ ഡ്രാഫ്റ്റ് പട്ടിക തയാറായപ്പോൾ കോടി വിലയിൽ തിളങ്ങിയത് മലയാളിതാരം അനസ് എടത്തൊടിക. 199 ഇന്ത്യൻ താരങ്ങളുടെ പട്ടികയാണ് െഎ.എസ്.എൽ സംഘാടകർ പുറത്തുവിട്ടത്. ജൂലൈ 23 ഞായറാഴ്ചയാണ് ഡ്രാഫ്റ്റ് വഴി താരങ്ങളെ സ്വന്തമാക്കാനുള്ള അവസരം. നാലുലക്ഷം മുതൽ 1.10 കോടി വരെ വില നിശ്ചയിച്ചാണ് താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഡൽഹി ഡൈനാമോസ് താരമായിരുന്ന അനസിനൊപ്പം ഇന്ത്യൻ താരം യൂജിൻസൺ ലിങ്ദോക്കും 1.10 കോടിയാണ് വില. 199 താരങ്ങളിൽ 134 പേർക്കാണ് പത്ത് ടീമുകളിലായി അവസരമുണ്ടാവുക. ശേഷിച്ച 65 പേർ സൂപ്പർ ലീഗിന് പുറത്താവും.
ഡ്രാഫ്റ്റിൽ ആവശ്യക്കാരില്ലാത്ത താരങ്ങളുമായി ഞായറാഴ്ച കഴിഞ്ഞ് ടീമുകൾക്ക് നേരിട്ട് കരാറിലെത്താം. എട്ട് ടീമുകളിലായി 16 പേരെയാണ് നിലനിർത്തിയത്. ഒാരോ ടീമിലും 15 ഇന്ത്യൻ താരങ്ങൾ വേണമെന്നാണ് നിർദേശം. ആഭ്യന്തര താരങ്ങൾക്കായി െചലവഴിക്കുന്ന പണത്തിന് നിയന്ത്രണമില്ല. എന്നാൽ, വിദേശ താരങ്ങൾക്കായി പരമാവധി 12.5 കോടി രൂപയെ െചലവഴിക്കാനാവൂ. റിനോ ആേൻറാ ഉൾപ്പെടെ 15 താരങ്ങളുടെ വില നിശ്ചയിച്ചിട്ടില്ല.
ഡ്രാഫ്റ്റിൽ ആദ്യം ടാറ്റ
പുതിയ ടീമായ ടാറ്റാ സ്റ്റീൽസിനാണ് ഡ്രാഫ്റ്റിലെ ആദ്യ റൗണ്ടിൽ അവസരം. ആരെയും നിലനിർത്താത്ത ഡൽഹി ഡൈനാമോസിന് രണ്ടാം അവസരം ലഭിക്കും. ഒരു അണ്ടർ-21 താരത്തെ മാത്രം സ്വന്തമാക്കിയ പുണെ സിറ്റിക്ക് മൂന്നാം അവസരം. മൂന്നാം റൗണ്ട് ആരംഭിക്കും മുമ്പ് ടാറ്റ, ഡൽഹി, പുണെ ടീമുകൾ രണ്ട് താരങ്ങളെ സ്വന്തമാക്കിയിരിക്കണം. രണ്ട് സീനിയർ ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി ഗോവ, മുംബൈ സിറ്റി, നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് തുടങ്ങിയ ടീമുകൾക്ക് മൂന്നാം റൗണ്ടിലാവും ഡ്രാഫ്റ്റിൽ പ്രവേശനം.
രണ്ട് ഇന്ത്യൻ സീനിയർ താരത്തെയും ഒരു അണ്ടർ-21 ദേശീയ താരത്തെയും സ്വന്തമാക്കിയ ചെന്നൈയിൻ എഫ്.സിക്ക് നാലാം റൗണ്ടിലാവും അവസരം. ആദ്യ അവസരം ലഭിക്കുന്ന ടീമിന് നിശ്ചയിച്ച വിലയിൽ കളിക്കാരെ സ്വന്തമാക്കാം. ആദ്യം വിളിച്ചെടുത്ത താരത്തിനായി മറ്റൊരു ടീം താൽപര്യം പ്രകടിപ്പിച്ചാൽ ടീമുകൾ തമ്മിൽ ധാരണയിലെത്തി കൈമാറാനുള്ള അവസരവും ലഭിക്കും.
സന്ദേശ് ജിങ്കാൻ, സി.കെ. വിനീത് എന്നിവരെ നിലനിർത്തിയാണ് ബ്ലാസ്റ്റേഴ്സ് ലേലത്തിനെത്തുന്നത്.
അവസാന സ്ഥാനക്കാരായ 10 പേർ
5 ലക്ഷം: അവിലാസ് പോൾ, ഇമ്രാൻ ഖാൻ, ദേശ്യാങ് കച്റു, ഇന്ദ്രജിത് സിങ്, സിദ്ദാർഥ് സിങ്, സുമിത് ദാസ്, ക്ലൈഡ് ഫെർണാണ്ടസ്, നിഖിൽ കദം.
4 ലക്ഷം: കാൽവിൻ അഭിഷേക്.
ഡ്രാഫ്റ്റിൽ 12
മലയാളികൾ
റാഫിക്ക് 30 ലക്ഷം, സക്കീറിന് 18
മുംബൈ: അനസ് എടത്തൊടിക സൂപ്പർതാരമായ െഎ.എസ്.എൽ നാലാം സീസൺ ഡ്രാഫ്റ്റ് പട്ടികയിൽ 12 മലയാളികൾ. 1.10 കോടി വിലയുള്ള അനസാണ് മുന്നിൽ. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി (30 ലക്ഷം), ചെന്നൈയിൻ എഫ്.സിയുടെ എം.പി. സക്കീർ (18 ലക്ഷം), ഡെൻസൺ ദേവദാസ് (15 ലക്ഷം), ജസ്റ്റിൻ സ്റ്റീഫൻ (14) എന്നിവരാണ് ഡ്രാഫ്റ്റിലെ മുതിർന്ന മലയാളി താരങ്ങൾ.
പുതുമുഖക്കാരായ എൻ. അബ്ദുൽ ഹഖ് (12), എം.വി. നിധിൻലാൽ (12), ഷഹിൻലാൽ (8), സി.കെ. ഉബൈദ് (6), അക്ഷയ് ജോഷി (6), അജിത് ശിവൻ (6) എന്നിവരാണ് മറ്റു മലയാളിതാരങ്ങൾ.
നാലാം സീസൺ
നവംബർ 18 മുതൽ
മുംബൈ: പത്ത് ടീമുകളായി മാറിയ െഎ.എസ്.എൽ നാലാം സീസണിന് നവംബർ 18ന് കിക്കോഫ്. ഒക്ടോബറിൽ നടക്കുന്ന അണ്ടർ-17 ലോകകപ്പ് സമാപിച്ചതിനു ശേഷമാണ് നാലാം സീസൺ പോരാട്ടത്തിന് തുടക്കമാവുക. ടീമുകളുടെ എണ്ണം എട്ടിൽനിന്നും 10 ആയതോടെ ടൂർണമെൻറ് അഞ്ചുമാസത്തിലധികം നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.