റാമല്ല: ഇസ്രയേലിനെതിരായ സൗഹൃദ മത്സരത്തിൽ നിന്നും അര്‍ജന്റീന പിന്മാറി. അർജൻറീനൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിനെതിരെ ഫലസ്തീനിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. മത്സരത്തിനിറങ്ങിയാൽ സൂപ്പർതാരം ലയണല്‍ മെസ്സിയുടെ ജഴ്സി കത്തിക്കാനും ആഹ്വാനമുണ്ടായി. സുരക്ഷാഭീഷണിയും തീരുമാനത്തിന് കാരണമായിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അർജന്റീനിയൻ പ്രസിഡൻറ് മൗറിസ്യോ മക്രിയുമായി ടെലിഫോണിലൂടെ സംസാരിക്കുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂണ്‍ പത്തിന് ടെഡി സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരമാണ് അവസാന നിമിഷം റദ്ദാക്കിയത്. അറേബ്യൻ നാടുകളിൽ മെസ്സിക്ക് കടുത്ത ആരാധകരാണുള്ളത്. ഇസ്രായേലിൽ മെസ്സി കളിക്കുന്നതിനെതിരെ വൻ ക്യാമ്പയിനാണ് സാമൂഹിക മാധ്യമങ്ങളിലടക്കം നടന്നത്. മെസ്സി കളിച്ചാല്‍ താരത്തിൻെറ ജഴ്സിയും ചിത്രങ്ങളും മെസ്സി ആരാധകർ കത്തിക്കണമെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചീഫ് ജിബ്‌രീല്‍ റജൗബ് അഭ്യര്‍ത്ഥിച്ചിരുന്നു.
മെസ്സി സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. അറബ്, മുസ്ലീം രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരാണ് മെസ്സിക്കുള്ളത്. സൗഹൃദം എന്താണെന്ന് അറിയാത്ത രാജ്യമാണ് ഇസ്രായേല്‍ അവരുമായി ഫുട്ബാൾ കളിക്കരുതെന്ന് ഫലസ്തീന്‍ ആരാധര്‍ നേരത്തെ മെസ്സിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 'നതിങ് ഫ്രണ്ട്‌ലി' എന്ന ഹാഷ്ടാഗിൽ സോഷ്യല്‍ മീഡിയ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു-ജിബ്‌രീല്‍ റജൗബ് പറഞ്ഞു.
ഇസ്രായേലിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള അർജൻറീനയുടെ സന്നാഹ മത്സരത്തെ ഇസ്രായേല്‍ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നതായി അര്‍ജന്റീന സർക്കാർ, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍, ഫിഫ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എന്നിവർക്ക് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പരാതിപ്പെട്ടിരുന്നു.
ഇസ്രായേൽ തലസ്ഥാനമായി ജറൂസലം അമേരിക്ക അംഗീകരിച്ചത് മുതൽ ഫലസ്തീനിൽ പ്രതിഷേധ പരിപാടികൾ തുടരുകയാണ്. അതിർത്തിയിൽ പ്രതിഷേധിച്ച നിരവധി പേരെയാണ് ഇസ്രായേൽ സൈന്യം ഇതിനകം കൊലപ്പെടുത്തിയത്. അമേരിക്കൻ എംബസി തുറന്ന മെയ് 14 ന് ഇസ്രായേൽ സേന 61 ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്.
സ്വാഗതം ചെയ്ത് ഹിഗ്വെയ്ൻ
ബാഴ്സലോണ: ഇസ്രായേലിൽ കളിക്കാനുള്ള തീരുമാനം റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത് അർജൻറീന സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ൻ. വിവാദഭൂമിയിൽ കളിക്കുന്നതിൽ നേരത്തെതന്നെ പ്രതിഷേധം അറിയിച്ച താരം ‘ഒടുവിൽ ശരിയായ തീരുമാനമായി’ എന്നാണ് പ്രതികരിച്ചത്.
‘‘ധാർമികതയും മനുഷ്യത്വവും സ്പോർട്സും വിജയിച്ചു. മത്സരം റദ്ദാക്കിയതിലൂടെ ഇസ്രായേലിനെതിരെയാണ് ഇൗ ചുവപ്പുകാർഡ്’’ -ജിബ്രീൽ റജൂബ് (ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ്)
പരാതിയുമായിഇസ്രായേൽ
ജറൂസലം: സന്നാഹമത്സരം അർജൻറീന ഏകപക്ഷീയമായി റദ്ദാക്കിയതിനു പിന്നാലെ ഇസ്രായേൽ ഫുട്ബാൾ ഫെഡറേഷൻ നിയമ നടപടിക്ക്. ടിക്കറ്റുകൾ വിറ്റഴിഞ്ഞ മത്സരം റദ്ദാക്കിയതിനെതിരെ ഫിഫക്കും അച്ചടക്കസമിതിക്കും പരാതി നൽകുമെന്ന് ഇസ്രായേൽ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് റോട്ടം കാമർ പ്രതികരിച്ചു. ഫലസ്തീൻ അസോസിയേഷൻ പ്രസിഡൻറ് ജിബ്രീൽ റജൂബിെൻറ ഫുട്ബാൾ തീവ്രവാദമെന്നായിരുന്നു ഇസ്രായേലിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.