ബ്വേനസ് എയ്റിസ്: മുന്നേറ്റത്തിലും മധ്യനിരയിലും ലോകത്തെ ഏറ്റവും മികച്ച നിര പന്തുതട്ടിയിട്ടും ലോകകപ്പ് യോഗ്യത കൈയാലപ്പുറത്ത് തുടരുന്ന നിലവിലെ ൈഫനലിസ്റ്റുകൾ അവസാന പ്രതീക്ഷയുമായി ഇന്ന് വീണ്ടും കളത്തിൽ. ഗ്രൂപ്പിൽ നാലാമതും ലോക റാങ്കിങ്ങിൽ 12ാമതുമുള്ള പെറുവാണ് ‘അന്നംമുടക്കാ’ൻ ഇന്ന് ലോക മൂന്നാമന്മാരായ അർജൻറീനയുമായി കൊമ്പുകോർക്കുന്നത്. യോഗ്യത പോരാട്ടങ്ങളിൽ ഇതുവരെ കളിച്ച 16ൽ അത്ര തന്നെ ഗോളുകൾ മാത്രം നേടുകയും പതിവു ആക്രമണത്തിെൻറ മൂർച്ച എന്നേ നഷ്ടമാകുകയും ചെയ്ത അർജൻറീന ഇന്നും നിറംമങ്ങിയാൽ അടുത്ത വർഷം റഷ്യയിൽ അരങ്ങേറുന്ന ലോകകപ്പിൽ മെസ്സിക്കൂട്ടം ഇറങ്ങാനുള്ള സാധ്യത സ്വപ്നമാകും.
ലോക ഫുട്ബാളിെൻറ വിധി മാറ്റിവരക്കാൻ പ്രാപ്തരായ 10 ടീമുകളുടെ ലാറ്റിൻ അമേരിക്കൻ ഗ്രൂപ്പിൽ മത്സരങ്ങൾ അവസാനത്തോടടുത്തിട്ടും ഒന്നാമതുള്ള ബ്രസീൽ മാത്രമേ യോഗ്യത ഉറപ്പാക്കിയിട്ടുള്ളൂ. ആദ്യ നാലുപേർക്ക് നേരിട്ട് യോഗ്യതയുള്ള ഗ്രൂപ്പിൽ, കോൺഫെഡറേഷൻ ചാമ്പ്യന്മാരായ ചിലിയും കഴിഞ്ഞ ഫൈനലിസ്റ്റുകളായ അർജൻറീനയും ആദ്യ നാലിൽ പോലുമില്ല. പോയൻറ് പട്ടികയിൽ അവസാനമുള്ള ബൊളീവിയയും വെനിേസ്വലയും പുറത്തേക്ക് വഴി ഉറപ്പാക്കിയതൊഴിച്ചാൽ മറ്റു ടീമുകൾക്കൊക്കെയും നേരിയ സാധ്യത നിലനിൽക്കുന്നുണ്ടുതാനും. ഇനിയുള്ള വെറും രണ്ടുകളികളിൽ എന്തും സംഭവിക്കാമെന്നതിനാൽ പരമാവധി പ്രകടനവുമായി വിജയം അടിച്ചെടുക്കാൻ ഒാരോ ടീമും കച്ചകെട്ടിയിറങ്ങുേമ്പാൾ കളിക്കമ്പക്കാരുടെ മനസ്സ് പെരുമ്പറ കൊട്ടുമെന്നുറപ്പ്. അർജൻറീനൻ ക്ലബായ ബൊക്കാ ജൂനിയേഴ്സിെൻറ സ്വന്തം ഗ്രൗണ്ടായ ലാ ബൊംബൊനെരയിലാണ് അർജൻറീന ഇന്ന് ഭാഗ്യം തേടിയിറങ്ങുന്നത്.
ലയണൽ മെസ്സിയും പൗലോ ഡിബാലയും ഗോൺസാലോ ഹിഗ്വെയ്നുമുൾപ്പെടെ യൂറോപ്പിെൻറ കളിമുറ്റങ്ങളിൽ തീതുപ്പുന്ന എൻജിനുകളെ മുന്നിൽ നിർത്തിയാണ് പോരാട്ടമെങ്കിലും ഒരേ ഉൗർജത്തോടെ ടീം പന്തു തട്ടുന്നില്ലെന്നാണ് ആരാധകരുടെ പരാതി. കൂട്ടത്തിൽ ദുർബലരെന്നു വിളിക്കാവുന്ന വെനിസ്വേലയോട് അവസാന മത്സരത്തിൽ ഒാരോ ഗോളുകളടിച്ച് സമനിലയുമായി കഷ്ടിച്ച് കടന്നുകൂടിയവർക്ക് ഇന്നു പക്ഷേ, കൂടുതൽ കരുത്തരാണ് എതിരാളികൾ. അവസാനം കളിച്ച മൂന്നു കളികളും മനോഹരമായി ജയിച്ച ആത്മവിശ്വാസം പെറുവിന് പ്രതീക്ഷ നൽകുന്നുണ്ട്. കരുത്തരായ കൊളംബിയ, ചിലി, പരഗ്വേ എന്നിവരായിരുന്നു എതിരാളികൾ എന്നുകൂടി ചേർത്തുവായിക്കണം. പതിറ്റാണ്ടുകളായി ലോകകപ്പ് കളിക്കാനാവാത്ത ടീമിന് ഇന്ന് ജയിക്കാനായാൽ യോഗ്യത കൂടുതൽ അടുത്താകും.
കടലാസിൽ ഇപ്പോഴും അർജൻറീനക്കു തന്നെയാണ് മുൻതൂക്കം. താരങ്ങളുടെ പകിട്ടു പരിഗണിച്ചാൽ എല്ലാവരും വിദേശത്തു കളിക്കുന്നവർ. ട്രാൻസ്ഫർ വിപണിയിൽ മോഹവില ലഭിക്കുന്നവർ. മറുവശത്ത്, പെറുവിനാകെട്ട, വിദേശത്തുനിന്ന് ഒാഫറുകൾ എത്താത്തവരാണ് പലരും. എന്നിട്ടും അവർ ജയിച്ചുകൊണ്ടേയിരിക്കുന്നുവെന്നതാണ് അർജൻറീനയെ വലക്കുന്നത്. അടുത്ത രണ്ടു മത്സരങ്ങളും ജയിക്കുകയും അഞ്ചാമത് നിലനിൽക്കുകയും ചെയ്താൽ ടീമിന് ന്യൂസിലൻഡുമായി േപ്ലഒാഫ് കളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.