അർജൻറീന തലസ്ഥാനം ബ്വേനസ് എയ്റിസ്
ജനസംഖ്യ 44 ദശലക്ഷം
ഫിഫ റാങ്കിങ് 5
കോച്ച് ഹോർഗെ സാംപയോളി ഏറ്റവും പുരാതനമായ ഫുട്ബാൾ ടീമാണ് അർജൻറീനയുടേത്. 1893ൽ രൂപവത്കൃതമായ അവരുടെ ടീം ആദ്യമായി മത്സരിച്ചത് ഉറുഗ്വായ്ക്കെതിരെ 1901 മേയ് 16ന് ആയിരുന്നു. പ്രഥമ മത്സരം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് അവർ ജയിക്കുകയും ചെയ്തു . ഇക്വഡോറിനെതിരെ 1942 ജനുവരിയിൽ നേടിയ 12-0 ആണ് അവരുടെ ഏറ്റവും വലിയ വിജയം. ലോകകിരീടം ഉയർത്തിയ എട്ടു ടീമുകളിൽ ഒന്നാണവർ. 1978 , ’86 വർഷങ്ങളിൽ ജേതാക്കളായ അവർ 1930ലെ പ്രഥമ ലോകകപ്പിലും 1990, 2014 വർഷങ്ങളിലും രണ്ടാം സ്ഥാനക്കാരായി.
അർജൻറീന, ബ്രസീൽ, ഫ്രാൻസ് എന്നീ ടീമുകൾക്ക് മാത്രമേ ഫുട്ബാളിലെ ഏറ്റവും പ്രധാനപ്പെട്ട ട്രോഫികളായ ലോകകപ്പ്, കോൺഫെഡറേഷൻ കപ്പ്, ഒളിമ്പിക് സ്വർണ മെഡൽ എന്നിവ സ്വന്തമാക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. 1901 മുതലുള്ള കണക്കുകൾ അനുസരിച്ച് ഇതുവരെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയ രണ്ടു ടീമുകൾ അർജൻറീനയും ചിലിയുമാണ്. 198 തവണ.
റഷ്യയിൽ അർജൻറീനക്കൊപ്പമുള്ളത് ഐസ്ലൻഡ്, ക്രൊയേഷ്യ നൈജീരിയ എന്നീ ടീമുകളാണ്. ലാറ്റിനമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ആദ്യമൊന്നും മികവ് പുലർത്തുവാൻ കഴിയാതിരുന്ന അർജൻറീനക്ക് ലോകകപ്പ് യോഗ്യത ലഭിക്കുമെന്നുപോലും കരുതിയിരുന്നില്ല. എന്നാൽ, അവസാന മൂന്നു മത്സരങ്ങളിൽ കാൽപന്തു കളിയുടെ യഥാർഥ മിശിഹാ ആണ് താനെന്ന് തെളിയിച്ചുകൊണ്ട് മെസ്സി മികവിലെത്തിയപ്പോൾ അർജൻറീന ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി റഷ്യൻ ടിക്കറ്റ് ഉറപ്പിച്ചു. ഒറ്റക്ക് അവരെ ഫൈനൽ റൗണ്ടിലേക്ക് നയിച്ച ഫുട്ബാൾ മിശിഹാക്ക് അവരെ കിരീടത്തിലേക്ക് നയിക്കാനാകുമോ എന്നതാണ് ഈ ലോകകപ്പിെൻറ പ്രസക്തമായ ചോദ്യം.
യോഗ്യത മത്സരങ്ങളിലെ 18 മത്സരങ്ങളിൽ വെറും 19 ഗോളുകൾ അടിച്ച അവരുടെ മുന്നേറ്റ നിര ഏറെ മാറേണ്ടതുണ്ട്. അതല്ലങ്കിൽ കടുകട്ടി ഡിഫൻസുള്ള നൈജീരിയക്കും ക്രൊയേഷ്യക്കും മുന്നിൽ വിയർക്കേണ്ടിവരും. ഒപ്പം കളിക്കളത്തിലെ ആവേശമാകുന്ന ഐസ്ലൻഡിനെയും എഴുതിത്തള്ളാനാവില്ല. ഏറ്റവും വിശ്വസ്തരായ രണ്ടു ഗോളികളാണ് സാംപയോളിയുടെ കൈമുതൽ. പരിചയസമ്പന്നനായ സെർജിയോ റൊമേരിയോയോ ജുറോനിമോ റൂളിയോ എന്ന് അദ്ദേഹം അവസാന നിമിഷമേ തീരുമാനിക്കൂ. എന്തായാലും അവരുടെ പ്രതിരോധനിരക്ക് മുതൽക്കൂട്ടാകും ഇരുവരും.
യോഗ്യത മത്സരങ്ങളിൽ അർജൻറീനയെ ഏറ്റവും വിഷമിപ്പിച്ചത് അവരുടെ പ്രതിരോധനിരയായിരുന്നു. ഈസാക്കീൽ ഗരായ്, നികളസ് ഒടമൻഡി, മാർക്കോ റോഹോ ത്രയങ്ങൾ അവസരത്തിനൊത്ത് ഉയരുമെന്നുതന്നെയാണ് കോച്ചു സാംപയോളിയുടെ പ്രത്യാശ. ഏറ്റവും മികച്ച മധ്യനിരയായിരിക്കും അവരുടേത്. ഈ വമ്പന്മാരിൽ ആരൊക്കെ അവസാന നാലിൽ എന്നെ അറിയാനുള്ളൂ. എവർ ബനേഗാ (സെവിയ്യ), ലൂക്കാസ് ബിഗ്ലിയ (എ.സി മിലാൻ), ലെൻഡ്രോ പരേഡ്സ് (സെനിത് സെൻറ് പീറ്റേഴ്സ്ബർഗ്), എയ്ഞ്ചൽ ഡി മരിയ (പി.എസ്.ജി), മാർക്കോസ് എക്കോണ (സ്പോർട്ടിങ് ലിസ്ബൻ), എഡ്വേർഡോ സാല്വിയോ (ബെൻഫിക്ക), എമിലിയാനോ റിഗോണി (സെനിത് സെൻറ് പീറ്റേഴ്സ്ബർഗ്), അലെഹാന്ദ്രോ ഗോമസ് (അറ്റ്ലാൻറ) എന്നിവർ മധ്യനിരയിലേക്ക് വിളി കാത്തിരിക്കുന്ന വമ്പന്മാരാണ്.
മെസ്സി തന്നെയാകും മുന്നേറ്റനിരയിലെ നായകൻ. ഒപ്പം പൗലോ ഡിബെല (യുവൻറസ്), മൗറോ ഇകാർഡി (ഇൻറർ മിലൻ), സെർജിയോ അഗ്യൂറോ (മാഞ്ചസ്റ്റർ സിറ്റി). ഒരേ മനസ്സോടെ കളിച്ചാൽ ഏതു പ്രതിരോധനിരക്കും ഭീഷണിയാകും ഇവർ. നിലവിലെ ലോകകപ്പ് റണ്ണേഴ്സ് അപ്പായ അർജൻറീനയുടെ അനായാസമായ കടന്നുകയറ്റം തന്നെയാകും ഗ്രൂപ് ഡിയിൽ എന്നാണു പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.