ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിർണായക ജയവുമായി ആഴ്സനലിന് സ്ഥാനക്കയറ്റം. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ആഴ്സനൽ വീഴ്ത്തിയത്.
ഹോം ഗ്രൗണ്ടിൽ പീരങ്കിപ്പടയുടെ തുടർച്ചയായ 10ാം ജയമാണിത്. കളിയുടെ ഇരുപകുതികളിലുമായി ആരോൺ റംസിയും (30ാം മിനിറ്റ്) അലക്സാണ്ടർ ലകാസറ്റെയും (83) നേടിയ ഗോളിൽ മൂന്നു പോയൻറുറപ്പിച്ചവർ മാഞ്ചസ്റ്റർ യുനൈറ്റഡിനെയും ടോട്ടൻഹാമിനെയും മറികടന്ന് സീസണിൽ ആദ്യമായി മൂന്നാം സ്ഥാനത്തെത്തി.
ലകാസറ്റെയും ഒാസിലും ആരോൺ റംസിയും നയിച്ച മുന്നേറ്റത്തിൽ എതിർ പ്രതിരോധം പലവട്ടം കുലുങ്ങി. 30ാം മിനിറ്റിൽ ലകാസറ്റെയുടെ കാലിൽനിന്ന് എതിർപ്രതിരോധം റാഞ്ചിയ പന്ത് വഴിതെറ്റിയെത്തിയപ്പോൾ റംസി പിഴക്കാതെ വലയിലാക്കി. ഇടവേളക്ക് പിരിയുംമുേമ്പ ലീഡുയർത്താൻ അവസരം ലഭിച്ചെങ്കിലും ന്യൂകാസിൽ ഡിഫൻഡർ മാറ്റ് റിച്ചിയുടെ ഗോൾ ലൈൻ സേവ് പന്തിനെ പുറത്താക്കി. 83ാം മിനിറ്റിൽ നീളൻ മുടിക്കാരൻ മാറ്റ്യോ ഗ്യൂൻഡോസിയും ഒബുമയാങ്ങും നൽകിയ ടച്ചിൽനിന്ന് പന്ത് വോളിയിലൂടെ ലകാസറ്റെ വലയിലേക്ക് കോരിയിട്ടു.
ഫെബ്രുവരി തുടക്കത്തിൽ ടോട്ടൻഹാമിനും 10 പോയൻറ് പിന്നിലായി ആറാമതായിരുന്ന ആഴ്സനൽ രണ്ടുമാസംകൊണ്ട് ലീഡ് പിടിച്ച് മൂന്നിലെത്തി.
ലിവർപൂൾ (79), മാഞ്ചസ്റ്റർ സിറ്റി (77), ആഴ്സനൽ (63), ടോട്ടൻഹാം (61), മാഞ്ചസ്റ്റർ യുനൈറ്റഡ് (61) എന്നിങ്ങനെയാണ് ലീഗ് ടേബ്ൾ.
അവസാന അഞ്ചു കളിയിൽ നാലിലും തോറ്റതാണ് ടോട്ടൻഹാമിന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.