മ്യൂണിക്: ആശാനും ശിഷ്യനും തമ്മിലെ പോരാട്ടത്തിൽ വിജയം ശിഷ്യന്. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ ബയേൺ മ്യൂണികിനെതിരെ റയൽ മഡ്രിഡ് ജയം സ്വന്തമാക്കി. റയൽ മഡ്രിഡിന് പത്താം യൂറോപ്യൻ കിരീടം സമ്മാനിച്ച കാർലോ ആഞ്ചലോട്ടി ബയേൺ മ്യൂണിക് പരിശീലകനായും അതേ ആഞ്ചലോട്ടി കളിക്കാരനായും കോച്ചായും പിടിച്ചുയർത്തിയ സിനദിൻ സിദാൻ റയൽ കോച്ചായും ഏറ്റുമുട്ടിയ മത്സരത്തിലാണ് സിദാൻ ജയം നേടിയത്. ലോകഫുട്ബാളിൽ പ്രതിഭയും മിടുക്കും ഗ്ലാമറുംകൊണ്ട് ഒന്നും രണ്ടും സ്ഥാനത്തുള്ള രണ്ടു ക്ലബുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ സിദാൻെറ സംഘം 2-1നാണ് വിജയിച്ചത്. 25ാം മിനിറ്റിൽ അർതുറോ വിഡാലിൻെറ ഹെഡറിലൂടെ ബയേണാണ് ആദ്യം വലകുലുക്കിയത്. 47ാം മിനിറ്റിൽ തിരിച്ചടിച്ച റോണോ 77ാം മിനിറ്റിൽ ലീഡുയർത്തി.
ബയേൺ താരം ജാവി മാർട്ടിനസ് മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി. ബയോണിന് ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിക്കുന്നതിൽ കിക്കെടുത്ത അർതുറോ വിഡാലിന് പിഴച്ചതും ടീമിന് തിരിച്ചടിയായി. യുവേഫ ക്ലബ് പോരാട്ടങ്ങളിൽ 100 ഗോൾ തികക്കുന്ന ആദ്യതാരമെന്ന നേട്ടവും ഇന്ന് ക്രിസ്റ്റ്യാനോയെ തേടിയെത്തി. മാഡ്രിഡിൽ നടക്കുന്ന രണ്ടാം പാദ മത്സരം ജർമൻ വമ്പന്മാർക്ക് കടുകട്ടിയാകും.
അതേസമയം അത്ലറ്റിക്കോ മാഡ്രിഡ്- ലെസിസ്റ്റർ സിറ്റി പോരാട്ടത്തിൽ സ്പാനിഷുകാർ വിജയം നേടി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിൻെറ ജയം. 28ാം മിനിറ്റിൽ അൻറോണിയോ ഗ്രീസ്മാനാണ് ഗോൾ നേടിയത്. ഇന്നലെ ടീം ബസിന് നേരെ നടന്ന ആക്രമണത്തെ തുടർന്ന് മാറ്റി വെച്ച ബൊറൂസിയ ഡോർട്ട്മുണ്ട്-മൊണാക്കോ മത്സരത്തിൽ ജർമൻ ക്ലബിന് സെൽഫ് ഗോളിൽ തോൽവി പറ്റി. 35ാം മിനിറ്റിൽ ബൊറൂസിയ താരം സ്വെൻ ബെൻററിൽ നിന്നുണ്ടായ സെൽഫ് ഗോളാണ് ജർമൻ ടീമിനെ തോൽപിച്ചത്. 2-3നാണ് മൊണാക്കോ ബൊറൂസിയ കീഴടക്കിയത്. മൊണാക്കോ സ്ട്രൈക്കർ കിലിയൻ ബാപെ ഇരട്ട ഗോൾ നേടി. 19,79 മിനിട്ടുകളിലായിരുന്നു ബാപെയുടെ ഗോളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.