മ്യൂണിക്: അഞ്ചും ആറും ഡിവിഷനിൽ ഒതുങ്ങിനിന്ന പ്രാദേശിക തൊഴിലാളികളുടെ ക്ലബിനെ കാശ്മുടക്കി ജർമൻ ബുണ്ടസ്ലിഗയിലെ മുൻനിര ക്ലബുകൾക്കൊപ്പമെത്തിച്ച ഉടമയോടുള്ള അരിശം പകയായി പുറത്തുവിട്ട ബയേൺ മ്യൂണിക് ആരാധകർ ഫുട്ബാൾ ലോകത്തിന് അപമാനമായി.
ശനിയാഴ്ച രാത്രി ബുണ്ടസ്ലിഗയിൽ ബയേൺ മ്യൂണികും ഹൊഫൻഹിമും ഏറ്റുമുട്ടിയപ്പോഴായിരുന്നു ഫുട്ബാൾ പ്രേമികളെയും കളിക്കാരെയും നിരാശപ്പെടുത്തിയ നാടകീയ രംഗങ്ങളുടെ അരങ്ങേറ്റം. മത്സരത്തിൽ ബയേൺ 6-0ത്തിന് മുന്നിൽ നിൽക്കെ, ഹൊഫൻഹിം ഉടമയും ജർമൻ കോടീശ്വരനുമായ ഡീറ്റുമർ ഹോപ്പിനെതിരെ കാണികൾ തിരിഞ്ഞു. സ്റ്റേഡിയത്തിലെ ബയേൺ േബ്ലാക്കിൽ ഹോപ്പിനെ അപമാനിക്കുന്ന പോസ്റ്ററും ബാനറും ഉയർത്തിയും തെറിവിളിക്കുകയും ചെയ്തായിരുന്നു കാണികളുടെ അക്രമം.
ഇതോടെ, കളി മുടങ്ങി. ബയേണിെൻറ മുൻ ഇതിഹാസ താരം ഒലിവർഖാനും, പരിശീലകൻ ഹാൻസ് ഡീറ്റർ ഫ്ലിക്കും കളിക്കാരുമെത്തി ബാനർ പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും കാണികൾ വഴങ്ങിയില്ല. ഒടുവിൽ അവരെ ഒഴിപ്പിച്ച ശേഷം 10 മിനിറ്റ് കഴിഞ്ഞാണ് കളി പുനരാരംഭിച്ചത്.
പിന്നീട് ഇരു ടീമുകളും പരസ്പരം പന്ത് തട്ടികളിച്ചതല്ലാതെ കാര്യമാക്കിയില്ല. ഒടുവിൽ, സ്വന്തം കാണികൾ അപമാനിച്ച ഡീറ്റുമർ ഹോപ്പിനെ മൈതാനത്തേക്ക് ആനയിച്ച് ആദരിച്ചാണ് ബയേൺ താരങ്ങളും മറ്റും മാപ്പുചോദിച്ചത്.
വർഷങ്ങളായി ജർമൻ ഫുട്ബാളിൽ തുടരുന്ന ചേരിപ്പോരിെൻറ ബാക്കിപത്രമാണ് ഹൊഫൻഹീം ഉടമെക്കതിരായ പ്രതിഷേധം.
അമേച്വർ ക്ലബായിരുന്ന ഹൊഫൻഹീമിൽ 2000ത്തിലാണ് സോഫ്റ്റ്വെയർ സംരംഭക ഭീമനായ ഡീറ്റ്മർ നിക്ഷേപമിറക്കുന്നത്. മികച്ച താരങ്ങളെ സ്വന്തമാക്കിയതിനു പിന്നാലെ പടിപടിയായി വളർന്നു. 2007-08ൽ ബുണ്ടസ് ലിഗ രണ്ടാം ഡിവിഷനിലും, അടുത്ത സീസണിൽ ഒന്നാം ഡിവിഷനിലേക്കും സ്ഥാനക്കയറ്റം കിട്ടി. ഇത് പാരമ്പര്യവാദികളായ ക്ലബുകളെയും ആരാധകരെയും ചൊടിപ്പിച്ചതു മുതൽ തുടങ്ങുന്നു ഹൊഫൻഹീമിനെതിരായ പക. 2017ൽ അവർ ചാമ്പ്യൻസ് ലീഗിലുമെത്തിയതോടെ ഹോപ്പ് മുൻനിര ക്ലബ് ആരാധകരുടെ ശത്രുവായി.
ഈ സീസണിൽ ബയേൺ മ്യൂണികിനെ തോൽപിച്ച നാല് ടീമുകളിൽ ഒന്ന് ഹൊഫൻഹീമായിരുന്നു. അന്ന് ബയേൺ തോൽപിക്കാനാവാത്ത സംഘമല്ലെന്ന ഹോപ്പിെൻറ പ്രസ്താവനകൂടി വന്നതോടെ അരിശം കൂടി. അത് ഫുട്ബാളിലെ മറ്റൊരു നാണക്കേടായ രാത്രിയിലുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.