റോമ: കോവിഡിൻെറ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഫുട്ബാൾ മൈതാനങ്ങൾ സജീവമാകുന്നതിനിടെ ‘കടി’ ചരിതങ്ങളും ഉയരുന്നു. കഴിഞ്ഞ ദിവസം ഇറ്റാലിയൻ ലീഗിൽ ലാസിയോ - യു.എസ് ലാചെസെ മത്സരത്തിനിടയിൽ ലാസിയോ ഡിഫൻഡർ ഗിൽ പാട്രീസ് എതിർ ടീമിലെ ഡൊണാറ്റി യുടെ കൈയിൽ കടിച്ച് ചുകപ്പു കാർഡ് കണ്ടു പുറത്തുപോയതാണ് അവസാന സംഭവം. ഉറുഗ്വ താരം സുവരസിൻെറ പിൻഗാമിയുടെ ശിക്ഷ റെഡ്കാർഡിൽ അവസാനിച്ചില്ല.
ഇറ്റാലിയൻ ലീഗ് ഫെഡറേഷൻ 10,000 യുറോ പിഴയും നാല് കളികളിൽ വിലക്കും ഏർപ്പെടുത്തി. പാട്രീസിൻെറ കടി വിലയേറിയതാണെങ്കിലും സുവരസിൻെറ റെക്കോർഡിന് അടുത്തൊന്നും എത്താനായില്ല. ഉറുഗ്വേ ദേശീയ താരത്തിന് ലോകകപ്പ് കടിക്ക് കിട്ടിയത് നാല് മാസത്തെ കളി വിലക്കും ഒമ്പത് അന്തർ ദേശീയ മത്സരങ്ങളിൽ നിന്നുള്ള ഒഴിവാക്കലും പിന്നെ 82,000 ഡോളർ പിഴയും ആയിരുന്നു. വിചിത്രവും രസകരവുമായ കാര്യം അദേഹത്തിൻെറ ആദ്യ കടി ശിക്ഷയായിരുന്നില്ല എന്നതാണ്. മൂന്നാം തവണയാണ് ശിക്ഷ ലഭിക്കുന്നത്.
2010ൽ ഹോളണ്ട് ലീഗിൽ അയാക്സിന് കളിക്കുമ്പോൾ പി.എസ്.വിയുടെ ഒട്ടുമാൻ ബക്കലിനെ കടിച്ചുകൊണ്ടായിരുന്നു തുടക്കം. അത് മത്സരം നിയന്ത്രിച്ച റഫറി ക്യയ്‌പ്പേഴ്‌സ് കണ്ടതുമില്ല. എന്നാൽ, കടികൊണ്ടയാൾ ബഹളം വച്ചപ്പോൾ ടെലിവിഷൻ രംഗങ്ങൾ പരിശോധിച്ചശേഷം ഫെഡറേഷൻ ഏഴ് മത്സരങ്ങളിൽനിന്ന് വിലക്കി.
2013ൽ പ്രീമിയർ ലീഗിൽ ലിവർപൂളിന് കളിക്കുമ്പോൾ ചെൽസിയിലെ ബ്രാൻസിലാവ് ഇവാനോവിച്ചിൻെറ കൈക്കിട്ടൊരു കടികൊടുത്തു. ഇവിടെ റഫറി കെവിൻ ഫ്രണ്ട് ശിക്ഷ ഒന്നും നൽകിയില്ല. എന്നാൽ, തുടർ പരിശോധനയിൽ ഇംഗ്ലീഷ് ഫുട്ബാൾ ഫെഡറേഷൻ വിധിച്ചത് പത്ത് കളി വിലക്കും കാര്യമായ പിഴ ശിക്ഷയും ആയിരുന്നു. മൂന്നാമത്തേതാണ് വിഖ്യാതമായ 2014 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ഉറുഗ്വേ ഇറ്റലിക്കെതിരെ കളിക്കുമ്പോൾ ചെല്ലിനിയുടെ ഷോൾഡർ കടിച്ച് പറിച്ചത്.
അന്നത്തെ ശിക്ഷക്ക് എതിരെ അദ്ദേഹം ലോക സ്പോർട്സ് കോടതിയെ സമീപിച്ചെങ്കിലും അന്തർ ദേശീയ കളി വിലക്കുകളിൽ ഇളവ് ലഭിച്ചില്ല. എന്നാൽ, ബാഴ്സലോണ ടീമിനൊപ്പം പരിശീലിക്കാനും പ്രാദേശിക മത്സരങ്ങളിൽ കളിക്കാനുമുള്ള അനുമതി ലഭിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.