ലോകകപ്പിലെ പ്രബല ശക്തികളായ ബ്രസീൽ, അർജൻറീന, ജർമനി, സ്പെയിൻ ടീമുകൾക്ക് ഒപ്പം തങ്ങളുടെ ടീം ചെന്നുപെടരുത് എന്നാകും ചെറുതും വലുതുമായ മറ്റു ടീമുകളുടെ ആരാധകരുടെ പ്രാർഥന. ഇത്തവണ ഗ്രൂപ് ഇയിൽ ബ്രസീലിനൊപ്പം ചെന്നുപെട്ടിരിക്കുന്നത് സ്വിറ്റ്സർലൻഡും കോസ്റ്ററീകയും സെർബിയയുമാണ്.
ബ്രസീൽ ഇതുവരെയുള്ള എല്ലാ ലോകകപ്പുകളിലും പങ്കെടുക്കുകയും അഞ്ചുതവണ വിജയികളാവുകയും ചെയ്ത ബ്രസീൽ കഴിഞ്ഞ സെമിഫൈനലിലെ അത്യാഹിതവും അതിെൻറ നടുങ്ങുന്ന ഓർമകളും മറന്നുകൊണ്ട് ഇത്തവണ ലാറ്റിനമേരിക്കൻ യോഗ്യത ഗ്രൂപ്പിൽനിന്ന് ആകർഷകമായ പ്രകടനങ്ങളുമായിട്ടാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി കടന്നുവന്നിരിക്കുന്നത്.
2015 നവംബർ 13ന് ബ്വേനസ് എയ്റിസിൽ നടന്ന അർജൻറീനക്കെതിരായ ആദ്യ മത്സരം ഓരോ ഗോളടിച്ച് സമനിലയിലായെങ്കിൽ അടുത്ത വർഷം ബെലോ ഹൊറിസോണ്ടയിലെ ഹോം മത്സരം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജയിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു.
ചിലിയോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോറ്റ ‘സെലസാവോ’കൾ ബൊളീവിയ, ഉറുഗ്വായ്, പരേഗ്വ, കൊളംബിയ എന്നീ ടീമുകളോട് സമനിലയിലുമായാണ് റഷ്യയിൽ എത്തുന്നത്. ദുംഗ അടക്കം വമ്പന്മാരായ നിരവധി പരിശീലകരെ മാറിമാറി പരീക്ഷിച്ചിട്ടും പഴയ ബ്രസീൽ ആകാൻ വിഷമിച്ച അവരുടെ പുതിയ കോച്ച് ആയി ടിറ്റെ നിയമിതനായതോടെ ദിശാബോധം കൈവരുകയും മെല്ലെമെല്ലെ സാംബാതാളം കെണ്ടത്തുകയും ചെയ്തു. ഒടുവിൽ ഏറ്റവും അടുത്ത ടീമായ ഉറുഗ്വായ്യെക്കാൾ 10 പോയൻറ് അധികം നേടി ഗ്രൂപ് ജേതാക്കളായി യോഗ്യത നേടി.
ഗുരുതരമായി പരിക്കേറ്റ ലോക ഫുട്ബാളിലെ വിലയേറിയ താരം നെയ്മർ ജൂണിൽ ചികിത്സയും വിശ്രമവും കഴിഞ്ഞ് ശക്തനായി മടങ്ങിവരും എന്നുതന്നെയാണ് ബ്രസീലിെൻറ പ്രതീക്ഷ. കൂട്ടിന് ഫിലിപ് കുടീന്യോയും ഗബ്രിയേൽ ജീസസും റോബർേട്ടാ ഫിർമീന്യോയുമടങ്ങുന്ന മുൻനിര ഒപ്പമുള്ള മൂന്നു ടീമുകളുടെയും പ്രതിരോധത്തിന് പിടിപ്പതു പണിയുണ്ടാക്കും. ബ്രസീലിനുവേണ്ടി കുടീന്യോ ഇതുവരെ എട്ടു ഗോളുകളേ നേടിയിട്ടുള്ളൂവെങ്കിലും പൗളീന്യോയുമായുള്ള കോമ്പിനേഷൻ മികച്ചതാണ്.
2014 ലോകകപ്പ് നടക്കുമ്പോൾ സാവോപോളോയിലെ തെരുവുകളിൽ പെയിൻറിങ് ജോലി ചെയ്തിരുന്ന ഗബ്രിയേൽ ജീസസ് ഫുട്ബാൾ അവതാരമായി ടീമിലെത്തിയപ്പോൾ പഴയകാല ബ്രസീലിെൻറ ഗോൾ മഴയും കാണാനായി. അവരുടെ ഗ്രൂപ്പിൽ ഒന്നാമതെത്താൻ അവർക്കു ലഭിച്ച 41 പോയൻറുകൾക്ക് തുല്യമായിരുന്നു അവരുടെ ഗോളുകളും-41. പിൻനിരയിൽ പരിചയ സമ്പന്നരായ മാഴ്സലോ, ഡാനി ആൽവസ്, തിയാഗോ സിൽവ എന്നിവർ അണിനിരക്കുമ്പോൾ എതിർ ടീമുകൾക്ക് കടന്നുകയറാൻ പ്രയാസമാകും.
സ്വിറ്റ്സർലൻഡ് യൂറോപ്യൻ ഗ്രൂപ് ബിയിൽ പോർചുഗലിനൊപ്പമായിരുന്ന സ്വിറ്റ്സർലൻഡ് ഗോൾ ശരാശരിയിൽ രണ്ടാംസ്ഥാനക്കാരായ വടക്കൻ അയർലൻഡിനെതിരെ പ്ലേഓഫ് കളിച്ചാണ് റഷ്യൻ പാസ്പോർട്ട് തരമാക്കിയത്. വൈവിധ്യമായ കേളീശൈലിയിലൂടെ ശ്രദ്ധേയമായ ടീമാണ് സ്വിറ്റ്സർലൻഡ്. യോഗ്യത മത്സരങ്ങളിൽ അവരുടെ 14 കളിക്കാർ ഗോളുകൾ നേടിയെന്നതും ഹാരിസ് സഫിറോവിച്ചിെൻറ നാല് ഗോളുകളും അവരെ അപകടകാരികളാക്കുന്നു. ഇതുവരെ ക്വാർട്ടറിൽ പോലും എത്തിയിട്ടില്ലാത്ത അവർ ഇത്തവണ കരുത്തരാണ്. അവരുടെ നിരയിൽ ശ്രദ്ധേയരാവുക ഗ്രാനേറ്റ് ശക്കാ, ശക്കീരി, സഫിറോവിച്ച, റോഡ്രിഗസ് എന്നിവരായിരിക്കും.
കോസ്റ്ററീക കഴിഞ്ഞ ലോകകപ്പിലെ വിസ്മയ ടീമാണ് കോസ്റ്ററീക. പ്രബലരായ ഉറുഗ്വായ്യെയും ഇറ്റലിയെയും അട്ടിമറിച്ച അവർ അന്ന് ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിലും പിടിച്ചിരുന്നു. ഒരു ലോകകപ്പ് കൊണ്ട് ചരിത്രത്തിെൻറ ഭാഗമായി റയൽ മഡ്രിഡിെൻറ വലകാക്കാൻ അർഹത നേടിയ കെയ്ലർ നവാസ്, ഹോയൽ കാംബൽ, ബ്രയാൻ റൂയിസ്, ബ്രയാൻ ഓവീഡിയോ, ജോണി അകോസ്റ്റോ, മാർകോ യുറേന എന്നിവരാണ് അവരുടെ നിരയിലെ വമ്പന്മാർ. ഉത്തര മധ്യ അമേരിക്ക ഗ്രൂപ്പിൽ മെക്സികോക്ക് തൊട്ടുപിന്നിലായിട്ടാണവർ യോഗ്യത നേടിയത്.
സെർബിയ സെർബിയ യൂറോപ്യൻ ഗ്രൂപ് ഡിയിൽ ഉത്തര അയർലൻഡിനെ പ്ലേഓഫിന് അയച്ചുകൊണ്ട് ഒന്നാം സ്ഥാനക്കാരായിട്ടാണ് യോഗ്യത നേടിയത്. പരമ്പരാഗത ഡിഫൻസിവ് ടീം എന്ന ഖ്യാതിയുള്ള സെർബിയക്കാർ ഇത്തവണ ശക്തമായ ഒരു മുൻ നിരകൂടി ഒരുക്കിക്കൊണ്ടാണ് റഷ്യയിൽ എത്തുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ നെമാന്യ മാറ്റിച്ച് എന്ന ഡിഫൻസിവ് മിഡ്ഫീൽഡർ ആണ് ടീമിലെ ശ്രദ്ധേയതാരം. അലക്സാണ്ടർ കൊളറോവ്, ബറിൻസ്ലാവ് ഇവാനോവിച്ച് എന്നിവരുടെ സാന്നിധ്യം ബ്രസീലിനുപോലും വിഷമം സൃഷ്ടിക്കും. പഴയ ഇറ്റാലിയൻ കാറ്റനാച്ചിയോ ഡിഫൻസിവ് തന്ത്രം പ്രായോഗികമാക്കിയവരാണ് ഈ മുൻ യൂഗോസ്ലാവിയൻ രാജ്യം
പ്രവചനം ഈ നാലു ടീമുകളുടെയും ഇതുവരെയുള്ള പ്രകടനങ്ങൾ കണക്കിലെടുത്താൽ ബ്രസീലും സെർബിയയും അടുത്ത റൗണ്ടിൽ എത്തുമെന്നാണ് പ്രവചനം. കോസ്റ്ററീക കഴിഞ്ഞതവണത്തേതുപോലെ വിസ്മയച്ചെപ്പ് തുറക്കുകയാണെങ്കിൽ അവരാകും ബ്രസീലിനൊപ്പം അടുത്ത റൗണ്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.