ബർലിൻ: കോവിഡ് പിടിച്ച് രണ്ടുമാസം ഉറങ്ങിക്കിടന്ന കാൽപന്ത് ൈമതാനങ്ങൾക്ക് ജീവരക്തം പകർന്ന് ബുണ്ടസ്ലിഗയിൽ വീണ്ടും വിസിൽ മുഴങ്ങുന്നു. രോഗവ്യാപന സാധ്യതകളെ പടിക്കുപുറത്ത് നിർത്താൻ കാണികളെ വിലക്കിയും സബ്സ്റ്റിറ്റ്യൂഷൻ എണ്ണം വർധിപ്പിച്ചും പുതിയ രൂപത്തിലാണ് ഇന്നുമുതൽ ജർമൻ ലീഗിലെ മൈതാനങ്ങൾ വീണ്ടുമുണരുക. ഇതോടെ, മുൻനിര യൂറോപ്യൻ ലീഗുകളിൽ ആദ്യമായി കളി പുനരാരംഭിക്കുന്നുവെന്ന നേട്ടം ബുണ്ടസ്ലിഗക്കു സ്വന്തം.
ജർമനിയിലെ രണ്ടാം ഡിവിഷൻ ഫുട്ബാളും ഇതോടൊപ്പം അരങ്ങേറും. രണ്ടു താരങ്ങൾ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് രണ്ടാം ഡിവിഷനിലെ ഡൈനാമോ ഡ്രെസ്ഡൻ ടീം മൊത്തമായി രണ്ടാഴ്ച സമ്പർക്ക വിലക്കിലായത് ആശങ്കയുണർത്തിയിരുന്നുവെങ്കിലും മറ്റു ടീമുകൾക്ക് കളി പുനരാരംഭിക്കാൻ അനുമതി നൽകുകയായിരുന്നു. ബുണ്ടസ് ലിഗ ക്ലബായ കൊളോണിലെ രണ്ടു പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ടീമിന് പക്ഷേ, സമ്പർക്ക വിലക്കുവന്നിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ വരുന്നപക്ഷം അടിയന്തരമായി മൈതാനങ്ങൾ മാറ്റാൻ അനുമതിയുണ്ട്. ജൂൺ 30ന് അവസാനിക്കണമെന്നാണെങ്കിലും ആവശ്യമെങ്കിൽ ജൂലൈയിലേക്കും നീളാം. കളിക്കിടെ മൂന്നു പേരെ പകരക്കാരായി ഇറക്കാവുന്ന നിയമത്തിൽ ഇളവു വരുത്തിയാണ് അഞ്ചുപേർക്ക് സബ്സ്റ്റിറ്റ്യൂഷൻ അനുവദിക്കുന്നത്. സീസൺ പൂർത്തിയാക്കാനായാൽ പതിവുപോലെ പട്ടികയിലെ അവസാനക്കാർ തരംതാഴ്ത്തപ്പെടുമെന്നും ജർമൻ ഫുട്ബാൾ ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇരു ലീഗുകളിലുമായി 36 ടീമുകളിൽ ഒരുടീം മാത്രമാണ് തരംതാഴ്ത്തലിനെ അനുകൂലിച്ചത്.
മുന്നിൽ ബയേൺ മ്യൂണിക്
നാലു പോയൻറ് മുന്നിലുള്ള ബയേൺ മ്യൂണിക് അവസാനം കളിച്ച ഏഴും ജയിച്ച് കിരീടനേട്ടത്തിന് ഏറെ അരികെയാണ്. ലെവൻഡോവ്സ്കി, മ്യൂളർ, ഹാവി മാർട്ടിനെസ്, ബോട്ടെങ് തുടങ്ങിയ വെറ്ററൻ പടയും പരിചയത്തികവ് കുറഞ്ഞ ഹാൻസി ഫ്ലിക് എന്ന പരിശീലകനും അവരുടെ മുന്നേറ്റങ്ങൾക്ക് ആക്കം പകർന്നിട്ടേയുള്ളൂ. എർലിങ് ഹാലൻഡ്- ജെയ്ഡൻ സാഞ്ചോ, മാർകോ റൂയസ്, അഷ്റഫ് ഹകീമി എന്നിവർ പന്തുതട്ടുന്ന ബൊറൂസിയ ഡോർട്മുണ്ടും ടിമോ വേർണർ എന്ന ഒറ്റയാൻ നയിക്കുന്ന ലിപ്സിഷും കിരീടപോരാട്ടത്തിൽ ഒപ്പമുണ്ട്.
ഒരേയൊരു ലെവൻഡോവ്സ്കി
പ്രായം 30 പിന്നിട്ടിട്ടും 18െൻറ ചുറുചുറുക്കുമായി എതിർഗോൾമുഖത്ത് പറന്നുനടക്കുന്ന റോബർട്ടോ ലെവൻഡോവ്സ്കി തന്നെ ഗോൾഡൻ ബൂട്ടിനുള്ള പട്ടികയിൽ ഒന്നാമത്. 23 കളികളിൽ 25 ഗോളുകളാണ് സമ്പാദ്യം. 25 കളിയിൽ 21 ഗോൾ സ്വന്തമായുള്ള ലീപ്സിഷിെൻറ ടിമോ വെർണർ എന്ന അതിമാനുഷൻ അത്ഭുതങ്ങൾ കാണിച്ചാലേ പോളണ്ട് ക്യാപ്റ്റൻകൂടിയായ ലെവൻഡോവ്സ്കി പട്ടികയിൽ പിറകോട്ടുപോകൂ.
രണ്ടു ബർലിൻ ക്ലബുകൾ
ബർലിൻ മതിലിനിരുവശമായ രണ്ടു ബദ്ധവൈരികൾ പിന്നീട് മതിൽപൊളിച്ച് ഐക്യപ്പെട്ടെങ്കിലും ചരിത്രത്തിലാദ്യമായി ബുണ്ടസ്ലിഗയിൽ ഒന്നിച്ചുകളിച്ച സീസണായിരുന്നു നിലവിലത്തേത്. ടീമുകൾ യൂനിയൻ ബർലിനും ഹെർത ബർലിനും. കന്നി സീസണായിട്ടും മികച്ച പ്രകടനം തുടരുന്ന യൂനിയൻ പട്ടികയിൽ 11ാമതുണ്ട്. ബൊറൂസിയയെവരെ അട്ടിമറിച്ച ടീം പ്രതീക്ഷ നൽകുേമ്പാൾ ഹെർത 13ാമതാണ്. ഇരുവരും തമ്മിലെ നാട്ടങ്കം മേയ് 24നാകും.
തരംതാഴ്ത്തപ്പെടുന്നവർ
മുൻ അയാക്സ് ക്യാപ്റ്റൻ ഡേവി ക്ലാസൻ, ജർമൻ ഇൻറർനാഷനൽ മാക്സി എഗസ്റ്റീൻ തുടങ്ങി പ്രമുഖരുണ്ടായിട്ടും തോൽവികൾ തുടർക്കഥയായ വെർഡർ ബ്രെമനാണ് തരംതാഴ്ത്തൽ പട്ടികയിൽ മുൻനിരയിലുള്ളത്. അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ 1980നു ശേഷം ആദ്യമായാകും ടീം തരംതാഴ്ത്തപ്പെടുന്നത്. പേഡർബോൺ, ഫോർച്യൂണ എന്നിവയും സാധ്യതാപട്ടികയിലുള്ളവയാണ്ൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.