ടൂറിൻ: കളമുണരും മുേമ്പ പിറന്ന രണ്ട് ഗോളിലൂടെ കളിപിടിച്ച ശേഷം, ജോർജിയോ ചെല്ലിനിയും മെദി ബെനാട്ടിയയും ചേർന്നൊരുക്കിയ പ്രതിരോധക്കോട്ടയിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സംഘത്തെ കെട്ടുകെട്ടിക്കാമെന്ന് മോഹിച്ച യുവൻറസിന് ഇൗ സമനിലക്ക് (2-2) തോൽവിയുടെ ഭാരമുണ്ട്. അടിയും തിരിച്ചടിയും കണ്ട ആവേശകരമായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ യുവൻറസിന് സ്വന്തം ഗ്രൗണ്ടിൽ കണ്ണീരിെൻറ കനമുള്ള സമനില.
സ്വന്തം തട്ടകത്തിലെ ആദ്യപാദ പോരാട്ടം ജയിച്ച് ക്വാർട്ടർ പ്രവേശനം എളുപ്പമാക്കാമെന്നായിരുന്നു യുവൻറസ് േകാച്ച് മാസിമിലിയാനോ അലെഗ്രിയുടെ മോഹങ്ങൾ.
ആദ്യ പത്തു മിനിറ്റിൽ അതിന് ഫലം കാണുകയും ചെയ്തു. കളി തുടങ്ങിയ രണ്ടാം മിനിറ്റിൽതന്നെ ടോട്ടൻഹാമിെൻറ വലയിൽ പന്തെത്തിയപ്പോൾ എതിരാളികൾ അമ്പരന്നു. പെനാൽറ്റി ബോക്സിനു മുന്നിൽനിന്നും ലഭിച്ച ഫ്രീകിക്ക് മിറാലം പാനിച്ച്, മാർക്ക് ചെയ്യപ്പെടാതിരുന്ന ഹ്വിെഗ്വയ്ന് നൽകിയതാണ് ഗോളിൽ അവസാനിച്ചത്. പന്ത് നിലം തൊടുന്നതിനുമുെമ്പ വോളിയിലൂടെ അർജൻറീനൻ താരം വലയിലാക്കി. ഗാലറിയൊന്നടങ്കം ആർപ്പുവിളിച്ച സമയം. ഹിഗ്വെയ്നെ ഒാഫ് സൈഡ് കെണിയിൽ കുടുക്കാനുള്ള ടോട്ടൻഹാം താരങ്ങളുടെ തന്ത്രങ്ങൾ പിഴക്കുകയായിരുന്നു.
ഏഴു മിനിറ്റ് കഴിഞ്ഞില്ല, ആരാധകരുടെ ആഘോഷങ്ങൾക്ക് വെടിക്കെട്ടിെൻറ ശൗര്യംപകർന്ന് യുവൻറസിന് വീണ്ടും ഗോളെത്തി. എതിർ ബോക്സിലേക്ക് ഇരച്ചുകയറിയ ഫെഡ്രികോ ബെർണാഡഷ്ചിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഹിഗ്വെയ്ൻ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ, ആദ്യ പത്തു മിനിറ്റിനിടെ ഇറ്റലിക്കാർ രണ്ടു ഗോളുകൾക്ക് മുന്നിൽ. വൻ മാർജിനിൽ ആതിഥേയർ ജയിക്കുമെന്ന് സ്വപ്നം കണ്ടവരെ അദ്ഭുതപ്പെടുത്തി ടോട്ടൻഹാം തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്.
ഡിലെ അലി നൽകിയ ത്രൂപാസിൽനിന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് സ്കോറർ ഹാരികെയ്ൻ (35) ഗോളാക്കി. യുവൻറസിെൻറ വിശ്വസ്തൻ ജിയാൻലൂയിജി ബുഫണിനെ സുന്ദരമായി മറികടന്നായിരുന്നു ഗോൾ. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ യുവൻറസിന് വീണ്ടും പെനാൽറ്റി ഭാഗ്യം എത്തിയെങ്കിലും ഇത്തവണ ഹിഗ്വെയ്ന് പിഴച്ചു. ബുള്ളറ്റ് ഷോട്ട് ബാറിൽ തട്ടി തെറിച്ചു. ഇതിന് യുവൻറസ് വലിയ വിലകൊടുക്കേണ്ടിവന്നു. 71ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഗ്രൗണ്ട് ഷോട്ടിലൂടെ ക്രിസ്റ്റ്യൻ എറിക്സൺ ഗോൾ നേടിയതോടെ കളി 2-2ന് സമനിലയിലായി. യുവൻറസിെൻറ തട്ടകത്തിലെ വിലപ്പെട്ട രണ്ടു എവേ ഗോളുകൾ നേടിയതിെൻറ ആശ്വാസത്തിലാണ് ടോട്ടൻഹാം.
അനായാസം സിറ്റി
സ്വിറ്റ്സർലൻഡ് ടീം എഫ്.സി ബാസൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർക്ക് എതിരാളികളേ ആയിരുന്നില്ല. ബാസിലിനെ അവരുടെ തട്ടകത്തിൽ 4-0ത്തിന് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിലേക്ക് പാതിദൂരം അടുത്തു. എതിരാളികളെ തീർത്തും നിഷ്പ്രഭമാക്കി പെപ്പും പോരാളികളും മാത്രം കളത്തിൽ 90 മിനിറ്റും നിറഞ്ഞുനിന്നു. സിറ്റിക്കായി ജർമൻ താരം ഇൽകെ ഗുണ്ടോഗൻ(14, 53) രണ്ടു ഗോളുകൾ നേടിയപ്പോൾ, ബെർണാഡോ സിൽവ (18), സെർജിയോ അഗ്യൂറോ (23) എന്നിവർ പട്ടിക പൂർത്തീകരിച്ചു. മാർച്ച് ഏഴിനാണ് രണ്ടാം പാദ മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.