ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വിയറിയാതെ 14 മത്സരങ്ങള്‍ പിന്നിട്ട ആഴ്സനലിന് എവര്‍ട്ടണിന്‍െറ കടിഞ്ഞാണ്‍. ഗോഡിസണ്‍ പാര്‍ക്കില്‍ നടന്ന പോരാട്ടത്തില്‍ 2-1നായിരുന്നു എവര്‍ട്ടന്‍െറ അട്ടിമറി ജയം. ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം നിന്നപ്പോള്‍, കളിയുടെ 86ാം മിനിറ്റില്‍ ആഷ്ലി വില്യംസണിന്‍െറ ഗോളിലൂടെയായിരുന്നു കിരീടത്തിലേക്ക് കുതിക്കുന്ന പീരങ്കിപ്പടയുടെ തോല്‍വി.
20ാം മിനിറ്റില്‍ അലക്സി സാഞ്ചസിലൂടെ ആഴ്സനലായിരുന്നു മുന്നിലത്തെിയത്. എന്നാല്‍, 44ാം മിനിറ്റില്‍ സീമസ് കോള്‍മാന്‍ എവര്‍ട്ടനെ ഒപ്പമത്തെിച്ചു. ഒടുവില്‍ അവസാന മിനിറ്റില്‍ വില്യംസ് വിജയവും കുറിച്ചു. തോറ്റെങ്കിലും 16 കളികളില്‍ 34 പോയന്‍റുമായി ആഴ്സനല്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇത്രയും കളികളില്‍നിന്ന് 23 പോയന്‍റുമായി എവര്‍ട്ടന്‍ ഏഴാം സ്ഥാനത്തേക്ക് കയറി. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി തോറ്റു. ഈ സീസണില്‍ താളംതെറ്റിക്കൊണ്ടിരിക്കുന്ന ‘നീല കുറുക്കന്മാര്‍ക്ക്’ എഫ്.എഫ്.സി ബേണ്‍മൗത്താണ് തിരിച്ചടി നല്‍കിയത്. മിഡ്ഫീല്‍ഡര്‍ മാര്‍ക്ക് പോഗ് നേടിയ ഗോളിനാണ് ബേണ്‍മൗത്ത് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത് (1-0). 16 പോയന്‍റുമായി ലെസ്റ്റര്‍ 14ാം സ്ഥാനത്തും 21 പോയന്‍റുമായി ബേണ്‍മൗത്ത് എട്ടാം സ്ഥാനത്തുമാണ്.
കളിജയിച്ച് ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയുമായി പോയന്‍റ് വ്യത്യാസം കുറക്കാനുള്ള ഗെയിം പ്ളാനുമായായിരുന്നു എവര്‍ട്ടനിന്‍െറ തട്ടകത്തില്‍ ആഴ്സന്‍ വെങ്ങറും സംഘവും എത്തിയത്. കണക്കുകൂട്ടല്‍ പോലെ 20ാം മിനിറ്റില്‍ സന്ദര്‍ശകര്‍ മുന്നിലത്തെി. ഫ്രീകിക്ക് അവസരം ചിലിയന്‍ താരം അലക്സി സാഞ്ചസ് മനോഹരമായി വലയിലാക്കുകയായിരുന്നു.
എന്നാല്‍, തുടര്‍ച്ചയായ അഞ്ച് തോല്‍വിയുമായി പ്രതിരോധത്തിലായ എവര്‍ട്ടന്‍ സ്വന്തം മൈതാനത്ത് വാശിയേറിയ കളി പുറത്തെടുത്തതോടെ മത്സരം ചൂടുപിടിച്ചു. ഒടുവില്‍ ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് 44ാം മിനിറ്റില്‍ സീമസ് കോള്‍മാന്‍ ഹെഡറിലൂടെ സമനിലപിടിച്ചു. രണ്ടാം പകുതിയില്‍ ഇരുടീമുകളും ജയത്തിനായി പൊരുതി കളിച്ചെങ്കിലും അവസരങ്ങള്‍ ആരും മുതലാക്കിയില്ല. ഒടുവില്‍ കളി സമനിലയിലേക്കു നീങ്ങുമെന്നു തോന്നിച്ച ഘട്ടത്തില്‍ വെയില്‍സ് ദേശീയതാരം ആഷ്ലി വില്യംസ് ഹെഡറിലൂടെ ഗോള്‍ നേടി മാനംകാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.