മാഡ്രിഡ്: സ്വന്തം തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിൽ ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിനെതിരെ സമനില വഴങ്ങിയ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. ബയേണിെൻറ തട്ടകത്തിൽ നേടിയ ആദ്യ പാദ സെമിയിലെ വിജയിത്തിന് ശേഷം സ്വന്തം തട്ടകത്തിൽ സമനില കൊണ്ട് റയലിന് തൃപ്തിപ്പെടേണ്ടി വന്നു. രണ്ടു പാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു റയലിെൻറ ജയം . ഇതോടെ തുടർച്ചയായ മൂന്നാം തവണ റയൽ ചാമ്പ്യൻസ് ലീഗ് ഫൈനലിന് യോഗ്യത നേടി.
തുറുപ്പുചീട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശപ്പെടുത്തിയപ്പോൾ ഇരട്ടഗോളടിച്ച ഫ്രഞ്ച്താരം കരീം ബെൻസേമയാണ് റയലിന് വിജയം സമ്മാനിച്ചത്. ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ റയലിന് ആദ്യ ആഘാതം നൽകിയത് ജോഷ്വാ കിമ്മിച്ചായിരുന്നു. മൂന്നാം മിനിറ്റിലായിരുന്നു കിമ്മിച്ചിെൻറ ഗോൾ. എന്നാൽ കൃത്യം എട്ട് മിനിറ്റുകൾക്ക് ശേഷം ബെൻസേമ റയലിനെ ഒപ്പമെത്തിച്ചു.
ബയേൺ ഗോളിയുടെ പിഴവ് മുതലെടുത്ത 46ാം മിനിറ്റിൽ ബെൻസേമ തന്നെ റയലിന് ലീഡ് നൽകി. എന്നാൽ 63ാം മിനറ്റിൽ ഹാമിഷ് റോഡ്രിഗ്വസിലൂടെ ബയേൺ സമനില പിടിക്കുകയായിരുന്നു. തുടർന്ന് ലീഡ് നേടാൻ ബയേൺ കഠിന പ്രയത്നങ്ങൾ നടത്തിയെങ്കിലും റയലിെൻറ പ്രതിരോധ നിര സമ്മതിച്ചില്ല.
ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ലിവർപൂൾ എഫ്.സി എ.എസ്.റോമയെ നേരിടും. ആദ്യ പാദത്തിൽ മൂന്ന് ഗോളിന് ലിവർപൂൾ ജയിച്ചിരുന്നു. ഈ മത്സരത്തിലെ വിജയികൾ ഫൈനലിൽ റയലിനെ നേരിടും. മേയ് 26ന് യുക്രൈനിലെ കീവിൽ ഫൈനൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.