ബാഴ്സലോണ: മെസ്സിയില്ലാത്ത എൽ ക്ലാസിക്കോ പോരിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് ബാഴ്സലോണക്ക് വമ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ അനായാസ ജയം. ലൂയി സുവാരസിെൻറ ഹാട്രിക് ഗോളാണ് ബാഴ്സക്ക് ക്ലാസിക് ജയം സമ്മാനിച്ചത്. റയലിന് വേണ്ടി മാഴ്സലോ ആശ്വാസ ഗോൾ നേടി.
11ാം മിനിറ്റിൽ ഫിലിപ് കൂട്ടീഞ്ഞ്യോയിലൂടെ ഗോളടി തുടങ്ങിയ ബാഴ്സക്ക് വേണ്ടി പിന്നീട് സുവാരസിെൻറ ഗോൾ മഴയായിരുന്നു. 30 മിനിറ്റിൽ ലഭിച്ച പെനാൽട്ടി ഗോളാക്കിയതിന് ശേഷം 75ാം മിനിറ്റിൽ സുവാരസ് വീണ്ടും വലകുലുക്കി. 83ാം മിനിറ്റിൽ റാമോസ് വരുത്തിയ പിഴവ് മുതലെടുത്ത് സുവാരസ് ഹാട്രിക് ഗോളും തികച്ചു. അവിടെയും നിർത്താതെ അർതുറോ വിദാലിെൻറ ബൂട്ടിൽ നിന്നും 87ാം മിനിറ്റിൽ റയൽ മാഡ്രിഡ് അഞ്ചാം ഗോൾ വഴങ്ങുകയായിരുന്നു.
റോണോയും മെസിയുമില്ലാത്ത എൽ ക്ലാസിക്കോയുടെ ആദ്യ പകുതി പൂർത്തിയായപ്പോൾ ചിര വൈരികളിൽ ബാഴ്സക്ക് തന്നെയായിരുന്നു ആധിപത്യം. സൂപ്പർതാരം മെസിയുടെ അഭാവത്തിലും ടീം മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ട് നിന്ന ബാഴ്സക്ക് മുന്നിൽ കെട്ടുറപ്പില്ലാത്ത പ്രകടനമാണ് റയൽ മാഡ്രിഡ് കാഴ്ചവെച്ചത്.
ജയത്തോടെ ബാർസ പോയിൻറ് പട്ടികയിൽ ഒന്നാമതെത്തി(21). കഴിഞ്ഞ ദിവസം റയൽ സോസിദാദിനെ 2–0ന് തോൽപിച്ച അത്‌ലറ്റിക്കോ മഡ്രിഡാണ് രണ്ടാം സ്ഥാനത്ത്(18).
ഒരു പതിറ്റാണ്ടിനുശേഷമാണ് ലോകതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യനോ റൊണാൾഡോയുമില്ലാത്ത എൽക്ലാസികോക്ക് നൂകാമ്പിൽ വിസിൽ മഴങ്ങിയത്. ഇറ്റാലിയൻ ലീഗിലേക്ക് ചേക്കേറിയ കൃസ്റ്റ്യനോ റൊണാൾഡോയുടെ അഭാവം ലോപ്തെഗ്വിയുടെ ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ മത്സരം.
സെവിയക്കെതിരായ മത്സരത്തിൽ കൈമുട്ടിന് പരിക്കേറ്റ് ലയണൽ മെസി മത്സരത്തിന് പുറത്താണ്. 2007ലാണ് മെസ്സിയും ക്രിസ്റ്റ്യാനോയുമില്ലാതെ അവസാനമായി എൽക്ലാസികോ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.