ഇംഗ്ളീഷ് ലീഗ് കപ്പ്: യുനൈറ്റഡ് ക്വാര്‍ട്ടറില്‍; ചെല്‍സി പുറത്ത്

മാഞ്ചസ്റ്റര്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ 0-4ന് ചെല്‍സിയോട് തകര്‍ന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നഗരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഇംഗ്ളീഷ് ഫുട്ബാള്‍ ലീഗ് കപ്പില്‍ ജയം. യുവാന്‍മാട്ട നേടിയ ഗോളില്‍ സിറ്റിയെ കീഴടക്കിയ യുനൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലിലത്തെി. പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്കെതിരെ ഹോസെ മൗറീന്യോയുടെ യുനൈറ്റഡ് രണ്ടാം പകുതിയില്‍ ഗംഭീരമായി കളിച്ചാണ് ജയിച്ചുകയറിയത്. യുനൈറ്റഡിനെ പ്രീമിയര്‍ ലീഗില്‍ കീഴടക്കി എത്തിയ ചെല്‍സി, വെസ്റ്റ്ഹാം യുനൈറ്റഡിനോട് 1-2ന് തോറ്റു. വെസ്റ്റ്ഹാമാണ് ക്വാര്‍ട്ടറില്‍ യുനൈറ്റഡിന്‍െറ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ സതാംപ്ടണ്‍ സണ്ടര്‍ലന്‍ഡിനെ 1-0ത്തിന് കീഴടക്കി. ആഴ്സനലാണ് ക്വാര്‍ട്ടറില്‍ സതാംപ്ടന്‍െറ പ്രതിയോഗികള്‍. മറ്റ് ക്വാര്‍ട്ടറുകളില്‍ ലിവര്‍പൂള്‍, ലീഡ്സ് യുനൈറ്റഡിനെയും ന്യൂകാസില്‍, ഹള്‍ സിറ്റിയെയും നേരിടും.

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 54ാം മിനിറ്റിലാണ് സിറ്റിക്കെതിരെ യുനൈറ്റഡിന്‍െറ ഗോള്‍ പിറന്നത്. സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചിന്‍െറ കോര്‍ണര്‍ കിക്കില്‍നിന്നുള്ള പന്താണ് സ്പാനിഷ് താരമായ മാട്ട നിലംപറ്റെയുള്ള അടിയിലൂടെ ഗോളാക്കി മാറ്റിയത്. യുനൈറ്റഡിന്‍െറ പോള്‍ പൊഗ്ബയുടെ ഒരു ഷോട്ട് ഗോളാകാതെ പുറത്തുപോയതിന് പിന്നാലെയായിരുന്നു മാട്ട വെടിപൊട്ടിച്ചത്.

 പ്രീമിയര്‍ ലീഗില്‍ കളിച്ച ടീമില്‍ ഒമ്പത് മാറ്റങ്ങളുമായാണ് സിറ്റി ഇറങ്ങിയത്. കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ യുനൈറ്റഡിന്‍െറ രണ്ടാം ജയം മാത്രമാണിത്.   ആരാധകരുടെ ഏറ്റുമുട്ടലിനും ഗുണ്ടായിസത്തിനും വേദിയാവുകയായിരുന്നു  ചെല്‍സി-വെസ്റ്റ്ഹാം പോര്. പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിനെ തകര്‍ത്തെറിഞ്ഞ ചെല്‍സി ഇത്തവണ പ്രമുഖരില്‍ പലരെയും കളിപ്പിച്ചില്ല. ഏഴ് മാറ്റങ്ങളുമായാണ് നീലപ്പട അണിനിരന്നത്. പരിക്കുമാറിയ ക്യാപ്റ്റന്‍ ജോണ്‍ ടെറി ഒന്നരമാസത്തിന് ശേഷം ടീമില്‍ തിരിച്ചത്തെി.

18ാം മിനിറ്റില്‍ വെസ്റ്റ്ഹാമിന്‍െറ സെനഗല്‍ താരം ചീക്കൗ കൗയാട്ടെ ഹെഡറിലൂടെ ഗോള്‍ നേടിയത് ടെറിയുടെ പ്രതിരോധപ്പിഴവിനൊടുവിലായിരുന്നു. 48ാം മിനിറ്റില്‍ എഡ്മില്‍സണ്‍ ഫെര്‍ണാണ്ടസ് വെസ്റ്റ്ഹാമിന്‍െറ ലീഡുയര്‍ത്തി. ഇഞ്ച്വറി സമയത്ത് ഗാരി കാഹില്‍ നേടിയ ഗോള്‍ ചെല്‍സിക്ക് ആശ്വാസം മാത്രമാവുകയായിരുന്നു. സോഫിയാന്‍ ബൗഫലിന്‍െറ ഗോളിലാണ് സതാംപ്ടണ്‍ സണ്ടര്‍ലന്‍ഡിനെ തോല്‍പിച്ചത്.

Tags:    
News Summary - english cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.