യൂറോപ്പ ലീഗ്: എ.എസ് റോമ, വിയ്യാറയല്‍, അയാക്സ് ആംസ്റ്റര്‍ഡാം ടീമുകള്‍ക്ക് സമനില

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഇംഗ്ളീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഉജ്ജ്വല ജയം. ഗ്രൂപ് എ മത്സരത്തില്‍ തുര്‍ക്കി ക്ളബ് ഫിനര്‍ബാഷെയെയാണ് 4-1ന് തകര്‍ത്തത്. ഇന്‍റര്‍മിലാന്‍, ഫെയ്നൂര്‍ദ്, ഒളിമ്പ്യാക്കോസ്, ഫിയൊറന്‍റീന ടീമുകളും ജയിച്ചുകയറിയപ്പോള്‍ എ.എസ് റോമ, വിയ്യാറയല്‍, അയാക്സ് ആംസ്റ്റര്‍ഡാം തുടങ്ങിയ ടീമുകള്‍ സമനിലയില്‍ കുരുങ്ങി.
ലോക റെക്കോഡ് തുകക്ക് സീസണിന്‍െറ തുടക്കത്തില്‍ ടീമിലത്തെിയ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പൊഗ്ബയുടെ ഇരട്ട ഗോളുകളാണ് ജോസ് മൗറീന്യോയുടെ ടീമിന് അനായാസ ജയമൊരുക്കിയത്. ആന്‍റണി മാര്‍ഷ്യല്‍, ജെസെ ലിന്‍ഗാര്‍ഡ് എന്നിവരും സ്കോര്‍ ചെയ്തു. പൊഗ്ബയുടെ ഒരു ഗോളും മാര്‍ഷ്യലിന്‍െറ ഗോളും പെനാല്‍റ്റിയില്‍നിന്നായിരുന്നു. മുന്‍ മാഞ്ചസ്റ്റര്‍ താരം റോബിന്‍ വാന്‍പേഴ്സിയാണ് ഫിനര്‍ബാഷെയുടെ ആശ്വാസഗോള്‍ കണ്ടത്തെിയത്.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ സമനിലയില്‍പിരിഞ്ഞ കളിയില്‍ പന്തുതട്ടിയ ആറുപേര്‍ക്ക് വിശ്രമം നല്‍കിയാണ് മൗറീന്യോ ഫിനര്‍ബാഷെക്കെതിരെ ടീമിനെയിറക്കിയത്. സ്ളാറ്റന്‍ ഇബ്രാഹിമോവിച്, മാര്‍കസ് റഷ്ഫോര്‍ഡ്, ആന്‍ഡര്‍ ഹെരേര, അന്‍േറാണിയോ വലന്‍സിയ, ഡാലി ബ്ളിന്‍ഡ്, മൗറൂനെ ഫെല്ലീനി എന്നിവര്‍ പുറത്തിരുന്നപ്പോള്‍ വെയ്ന്‍ റൂണി, മൈക്കല്‍ കാരിക്ക്, ലൂക്ക് ഷോ, മാറ്റിയോ ഡാര്‍മിയന്‍, ലിന്‍ഗാര്‍ഡ്, മാര്‍ഷ്യല്‍ എന്നിവര്‍ പകരമിറങ്ങി. 31ാം മിനിറ്റില്‍ കാരിക്കിന്‍െറ പാസ് പിടിച്ചെടുത്ത് മുന്നേറിയ യുവാന്‍ മാറ്റയെ ഫിനര്‍ബാഷെ ഡിഫന്‍ഡര്‍ സിമോണ്‍ ക്യാര്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലത്തെിച്ച് പൊഗ്ബയാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. മൂന്നു മിനിറ്റിനുശേഷം മാസയുടെ പാസുമായി കുതിച്ച മാര്‍ഷ്യലിനെ സെനര്‍ ഒസ്ബയ്റാക്ലി ഫൗള്‍ ചെയ്തപ്പോള്‍ വീണ്ടും സ്പോട്ട്കിക്ക്. ഇത്തവണ കിക്കെടുത്ത മാര്‍ഷ്യലിനും പിഴച്ചില്ല. ഇടവേളക്കുതൊട്ടുമുമ്പ് മനോഹര ഗോളുമായി പൊഗ്ബ ലീഡുയര്‍ത്തി. ലിന്‍ഗാര്‍ഡിന്‍െറ പാസില്‍ ബോക്സിനുപുറത്തുനിന്ന് മുന്‍ യുവന്‍റസ് താരം ഉയര്‍ത്തിവിട്ട പന്ത് പോസ്റ്റിന്‍െറ ഇടതുഭാഗത്ത് ഊര്‍ന്നിറങ്ങി. രണ്ടാം പകുതിക്ക് മൂന്നു മിനിറ്റ് പ്രായമായപ്പോള്‍ റൂണിയുടെ പാസില്‍ ലിന്‍ഗാര്‍ഡ് യുനൈറ്റഡിന്‍െറ പട്ടിക തികച്ചു. 83ാം മിനിറ്റിലാണ് വാന്‍പേഴ്സി ഫിനര്‍ബാഷെയുടെ ആശ്വാസഗോള്‍ നേടിയത്.

മറ്റു കളികളില്‍ ഇന്‍റര്‍മിലാന്‍ 1-0ത്തിന് സതാംപ്ടണിനെയും ഫെയ്നൂര്‍ദ് 1-0ത്തിന് സോര്‍യയെയും ഒളിമ്പ്യാക്കോസ് 4-1ന് അസ്റ്റാനയെയും യങ് ബോയ്സ് 3-1ന് അപോവലിനെയും സെന്‍റ് എറ്റീനെ 1-0ത്തിന് ഗബാലയെയും സെനിത് 2-1ന് ഡന്‍ഡാല്‍കിനെയും മകാഫി തെല്‍അവിവ് 2-1ന് എസെഡിനെയും ആസ്ട്ര 2-1ന് പ്ളസനെയും ജെങ് 2-0ത്തിന് അത്ലറ്റിക്കിനെയും ഷാക്തര്‍ ഡൊണസ്ക് 5-0ത്തിന് ജെന്‍റിനെയും ഷാല്‍ക്കെ 1-0ത്തിന് ക്രാസ്നോഷറിനെയും നീസ് 1-0ത്തിന് സാല്‍സ്ബര്‍ഗിനെയും ഫിയൊറന്‍റീന 3-1ന് ലിബെറക്കിനെയും ഖറാബാഗ് 2-0ത്തിന് പാവോക്കിനെയും സ്പാര്‍ട്ട പ്രാഗ് 1-0ത്തിന് ബീര്‍ ഷെവയെയും തോല്‍പിച്ചു. വിയ്യാറയല്‍-ഉസ്മാന്‍ലിസ്പോര്‍ 2-2, സ്റ്റുവ-സ്യൂറിക് 1-1, കോന്യാസ്പോര്‍-ബ്രാഗ 1-1, സ്റ്റാന്‍ഡേഡ് ലീഗ്-പനാതിനായ്ക്കോസ് 2-2, അയാക്സ്-സെല്‍റ്റ 2-2, മെയിന്‍സ്-ആന്‍റര്‍ലെക്റ്റ് 1-1, റോമ-ഓസ്ട്രിയ വിയന 3-3, റാപിഡ് വിയന-സാസുലോ 1-1 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

 

Tags:    
News Summary - europa league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.