????????????? ????? ?????????????? ????? ???????? ?????????? ?? ???????

സ്പെയ്നിന്‍െറ ടെക്നോളജിപ്പേടി

മഡ്രിഡ്: അര്‍ഹിച്ച ഒരു പോയന്‍റ് നഷ്ടപ്പെടുന്നതിന്‍െറ വില മറ്റാരെക്കാളും നന്നായി അറിയുന്നവരാണ് ബാഴ്സലോണയും റയല്‍ മഡ്രിഡും. ഒരു പോയന്‍റ് മാത്രം വ്യത്യാസത്തില്‍ ലാ ലിഗ കിരീടങ്ങള്‍ നിശ്ചയിക്കപ്പെട്ട മുന്‍കാല സീസണുകള്‍തന്നെ അവരുടെ ഏറ്റവും വലിയ പാഠം. അവകാശപ്പെട്ട രണ്ട് പോയന്‍റ് നഷ്ടപ്പെട്ടതിന്‍െറ അരിശത്തിലാണ് കഴിഞ്ഞ ഏതാനും ദിവസമായി ബാഴ്സലോണ ക്യാമ്പ്. സീസണില്‍ ആദ്യമായി പോയന്‍റ് പട്ടികയില്‍ മുന്നിലത്തൊനുള്ള അവസരം സാങ്കേതികതയുടെ പേരില്‍ നിഷേധിക്കപ്പെട്ടതിന്‍െറ പൊട്ടിത്തെറി. ഗോള്‍ലൈന്‍ ടെക്നോളജിയോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷന്‍ നയത്തിന് ഇരയാണ് തങ്ങളെന്ന് തുറന്നടിച്ച് ബാഴ്സലോണ രംഗത്തത്തെി.

ബാഴ്സയുടെ കണ്ണീര്‍
സീസണില്‍ കറ്റാലന്മാരുടെ 20ാം മത്സരം. റയല്‍ ബെറ്റിസാണ് എതിരാളി. 75ാം മിനിറ്റില്‍ അലക്സ് അല്‍ജീരിയയുടെ ഗോളില്‍ ബെറ്റിസ് മുന്നിലത്തെി. എം.എസ്.എന്‍ മുന്നേറ്റത്തിലൂടെ തിരിച്ചടിച്ച ബാഴ്സലോണ 79ാം മിനിറ്റില്‍ പന്ത് ഗോള്‍വര കടത്തി. നെയ്മറിന്‍െറ ഷോട്ട് ഗോളെന്നുറപ്പിച്ച് ബാഴ്സ ആഘോഷവും ആരംഭിച്ചു. ഓടിയടുത്ത ബെറ്റിസ് ഡിഫന്‍ഡര്‍ അടിച്ചുതെറിപ്പിച്ചതേ റഫറിയും സഹായിയും കണ്ടുള്ളൂ.

വരകടന്ന പന്ത് ഒരുമീറ്റര്‍ വരെ അകത്തേക്ക് കയറിയിട്ടും ഗോള്‍ അനുവദിക്കാത്തതിനെതിരെ ബാഴ്സതാരങ്ങള്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ 90ാം മിനിറ്റില്‍ ലൂയി സുവാരസിന്‍െറ ഗോളില്‍ സമനില പിടിച്ചതിനാല്‍ തോല്‍വി ഒഴിവായി. ഫലമോ, ജയിച്ച്  മൂന്ന് പോയന്‍റ് ഉറപ്പിച്ച കളിയില്‍ ബാഴ്സക്ക് ഒരു പോയന്‍റ് മാത്രവും. മണിക്കൂറുകള്‍ക്കകം നടന്ന മത്സരത്തില്‍ റയല്‍ മഡ്രിഡ് മൂന്ന് ഗോള്‍ ജയവുമായി പോയന്‍റ് ലീഡുയര്‍ത്തുകയും ചെയ്തു. ഇരുവരും തമ്മിലെ അന്തരം നാല് പോയന്‍റ്. ഗുരുതരമായ പിഴവെന്നായിരുന്നു ബാഴ്സ താരം അലക്സ് വിദാലിന്‍െറ പ്രതികരണം. കോച്ച് ലൂയി എന്‍റിക്വെ ഫോര്‍വേഡ് ലൂയി സുവാരസ് എന്നിവരും രൂക്ഷമായി വിമര്‍ശനമുന്നയിച്ചു.

ടെക്നോളജിപ്പേടി
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ സീരി ‘എ’, ജര്‍മന്‍ ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗ് എന്നീ യൂറോപ്പിലെ പ്രമുഖ പോരാട്ടങ്ങളിലെല്ലാം ഗോള്‍ലൈന്‍ ടെക്നോളജിക്ക് ഇടമുണ്ട്. എന്നാല്‍, റയല്‍ മഡ്രിഡും ബാഴ്സലോണയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും നെയ്മറും ഗാരെത് ബെയ്ലുമെല്ലാം പോരാടുന്ന ലാ ലിഗയില്‍ ഗോള്‍ലൈന്‍ ടെക്നോളജിക്ക് ഇടമില്ല. റഫറിമാരുടെ പിഴവുകള്‍ക്ക് ഇരയായി ഫലം അട്ടിമറിയുമ്പോള്‍ ടെക്നോളജിക്കായി പലകോണുകളില്‍നിന്നും ആവശ്യവുമുയരുന്നു. എന്നാല്‍, ചെലവേറുമെന്ന മറുപടിയില്‍ സാങ്കേതിക വിദ്യയെ പടിക്കുപുറത്താക്കുകയാണ് സ്പാനിഷ് ഫുട്ബാള്‍. ഗോള്‍ലൈന്‍ ടെക്നോളജി നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സ്റ്റേഡിയങ്ങളിലെല്ലാം സാങ്കേതികസംവിധാനം സജ്ജീകരിക്കുന്നതിന് ചെലവേറുമെന്നായിരുന്നു സീസണ്‍ ആരംഭത്തില്‍ സ്പാനിഷ് ലീഗ് പ്രസിഡന്‍റ് യാവിയര്‍ ടെബാസിന്‍െറ മറുപടി.

2018-19 സീസണില്‍ വരും
വിമര്‍ശനം ശക്തമായതോടെ സംഘാടകരുടെ മനസ്സുമാറിയെന്ന് പുതിയ റിപ്പോര്‍ട്ടുണ്ട്. 2018 ജൂലൈയോടെ ഗോള്‍ലൈന്‍ ടെക്നോളജി അനുവദിക്കുന്നതിനെ കുറിച്ച് ആലോചന നടക്കുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘അടുത്ത എട്ടുമാസത്തിനുള്ളില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ച് പരിശോധന നടത്തും. അടുത്ത സീസണില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കും. ഫിഫ അംഗീകാരം ലഭിച്ചാല്‍ ജൂലൈ 2018ല്‍ എല്ലാ വേദികളിലും ഗോള്‍ലൈന്‍ ടെക്നോളജി നിലവില്‍ വരും’ -ടെബാസ് പറഞ്ഞു.

Tags:    
News Summary - fear of spain about technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.