ന്യൂഡൽഹി: രണ്ടു പതിറ്റാണ്ടിനിടെ രാജ്യാന്തര ഫുട്ബാളിൽ ഏറ്റവും മികച്ച റാങ്കിലേക്ക് ഇന്ത്യ. വിദേശ മണ്ണിലെ മിന്നുന്ന ജയങ്ങളുമായുള്ള കുതിപ്പിനൊടുവിൽ റാങ്കിങ് വെയ്റ്റേജ് മെച്ചപ്പെടുത്തിയ നീലപ്പടയെ കാത്തിരിക്കുന്നത് 101ാം നമ്പർ റാങ്ക്. ഏപ്രിൽ ആറിന് പ്രഖ്യാപിക്കാനിരിക്കുന്ന റാങ്കിങ്ങ് പട്ടികയിലാണ് 20 വർഷത്തിനിടയിലെ ഏറ്റവും മികച്ച കുതിപ്പ് നേടിയത്. ഏഷ്യ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ മ്യാന്മറിനെ എവേ ഗ്രൗണ്ടിൽ 1-0ത്തിന് തോൽപിച്ചതിനു പിന്നാലെയാണ് ഇൗ നേട്ടം.
നിലവിലെ സ്ഥാനമായ 132ൽനിന്നും ഏറ്റവും ചുരുങ്ങിയത് 101ലെങ്കിലും എത്തുമെന്നാണ് വെയ്റ്റേജ് കണക്കുകൾ നൽകുന്ന സൂചന. 1996 ഫെബ്രുവരിയിലെ 94ാം റാങ്കായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച മുന്നേറ്റം.നിലവിൽ 233 പോയൻറുള്ള ഇന്ത്യ മ്യാന്മറിനും കംേബാഡിയക്കുമെതിരെ നേടിയ ജയങ്ങളുമായി നൂറിനടുത്ത് പോയെൻറങ്കിലും അധികം നേടി. ഇതോടെ, വെയ്റ്റേജ് പോയൻറ് 331ൽ എത്തിയതായാണ് റിപ്പോർട്ട്. നികരാഗ്വ, ലിത്വേനിയ, എസ്തോണിയ എന്നിവർക്കും ഇതേ പോയൻറാണുള്ളത്. കൃത്യമായ സ്ഥാനം വെളിപ്പെടുത്തിയില്ലെങ്കിലും 101നും 105നുമിടയിലാവും ഇന്ത്യയുടെ സ്ഥാനമെന്നാണ് റിപ്പോർട്ട്.
ജൂണിലാണ് ഇന്ത്യയുടെ അടുത്ത രാജ്യാന്തര മത്സരങ്ങൾ. ജൂൺ എഴിന് സൗഹൃദ മത്സരത്തിൽ ലബനാനെയും 13ന് ഏഷ്യ കപ്പ് യോഗ്യത റൗണ്ടിൽ കിർഗിസ്താനെയും നേരിടും. ജയം ആവർത്തിച്ചാൽ നൂറിനുള്ളിൽ ഇടംപിടിച്ച് മറ്റൊരു ചരിത്രവും സ്വന്തമാക്കാം. 2016 ജനുവരി മുതൽ കളിച്ച ഒമ്പതു മത്സരങ്ങളിൽ ഏഴിലും ഇന്ത്യക്കായിരുന്നു ജയം. ഇറാനും തുർക്മെനിസ്താനും മുന്നിൽ മാത്രം തോൽവി വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.