എൽക്ലാസികോയിലെ ബാഴ്സലോണ ജയത്തോടെ സ്പെയിനിൽ കിരീടം ഏതാണ്ട് തീർപ്പാക്കപ്പെട്ടു. ലീഗ് പാതിവഴിയിലാണെങ്കിലും ഒമ്പതു പോയൻറിെൻറ മുൻതൂക്കം ബാഴ്സലോണക്കുണ്ട്. ക്രിസ്മസിനായി പിരിഞ്ഞത് ബാഴ്സലോണ കിരീടം വീണ്ടെടുക്കുന്നുവെന്ന വിശ്വാസത്തോടെ. നിലവിലെ ജേതാക്കളായ റയലിന് തിരിച്ചുവരവ് ഏറെ വെല്ലുവിളികളുടേതും. മുൻ ചാമ്പ്യന്മാരായ അത്ലറ്റികോ മഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, ശനിയാഴ്ച എസ്പാനിയോളിന് മുന്നിൽ 1-0ത്തിന് തോറ്റത് അവർക്ക് തിരിച്ചടിയായി. പുതുവർഷത്തിൽ ജനുവരി ആറിന് മാത്രമേ സ്പെയിനിൽ വീണ്ടും പന്തുരുളൂ.
ഇറ്റലിയിൽ ഇഞ്ചോടിഞ്ച്
ആർക്കും മേധാവിത്വമില്ലാതെയാണ് ഇറ്റലിയിൽ ക്രിസ്മസ് അവധി. തുടർ ജയങ്ങളുമായി നാപോളി ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചപ്പോൾ, നിലവിലെ ചാമ്പ്യന്മാരായ യുവൻറസ് തൊട്ടുപിന്നാലെയുണ്ട്. ഇരുവർക്കുമിടയിൽ ഒരു പോയൻറ് മാത്രം വ്യത്യാസം. മൂന്ന് പോയൻറ് മാത്രം വ്യത്യാസത്തിൽ ഇൻറർമിലാനും ഇവർക്കൊപ്പമുണ്ട്.
അവസാന മത്സരത്തിൽ യുവൻറസ് റോമയെ 1-0ത്തിന് തോൽപിച്ചു. സാംദോറിയെ 3-2ന് വീഴ്ത്തിയാണ് നാപോളിയുടെ കുതിപ്പ്.
ഫ്രാൻസിൽ പി.എസ്.ജി
19ൽ 16ഉം ജയിച്ച പി.എസ്.ജി തുടർച്ചയായ അഞ്ചാം കിരീടത്തിനരികിലാണ്. 50 പോയൻറുമായി നെയ്മർ-കവാനി-എംബാപ്പെ സംഘം ഏറെ മുന്നിൽ. അതേസമയം, രണ്ടും മൂന്നും സ്ഥാനക്കാരായ എ.എസ് മോണകോയും ലിയോണും 41 പോയൻറുമായി ഒപ്പത്തിനൊപ്പം. ഇവർക്കു ഭീഷണിയായ മാഴ്സിലേ (38) തൊട്ടുപിന്നിലുണ്ട്. പുതുവർഷവും കഴിഞ്ഞ് ജനുവരി 13ന് മാത്രമേ ഫ്രാൻസിൽ വീണ്ടും പന്തുരുളൂ.
ജർമനിയിൽ ബയേൺ
ക്രിസ്മസ്-പുതുവർഷ അവധിക്ക് നേരത്തെ പിരിഞ്ഞവരാണ് ജർമനിക്കാർ. പക്ഷേ, കിരീടക്കുതിപ്പിൽ മാറ്റമില്ല. തുടർച്ചയായി ആറാം കിരീടത്തിലേക്ക് ബയേൺ മ്യൂണിക്കിെൻറ അനായാസ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള ഷാൽക്കെയിൽനിന്നും 11 പോയൻറിെൻറ വ്യത്യാസവും ബയേണിനുണ്ട്. തുടർച്ചയായി നാല് മത്സരങ്ങളിൽ ജയവും. അതേസമയം, ബൊറൂസിയ ഡോർട്മുണ്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.