തഞ്ചാവൂർ: മുൻ തമിഴ്നാട് ക്യാപ്റ്റനും ഇൗസ്റ്റ്ബംഗാൾ, മോഹൻബഗാൻ ക്ലബുകളുടെ മധ്യനിര താരവുമായിരുന്ന കാലിയ കുലോതുംഗൻ വാഹനാപകടത്തിൽ മരിച്ചു. സ്വന്തംനാടായ തഞ്ചാവൂരിൽ വെള്ളിയാഴ്ച നടന്ന ബൈക്ക് അപകടത്തിൽ പരിക്കേറ്റ കുലോതുംഗൻ ആശുപത്രിയിൽ മരിക്കുകയായിരുന്നു. 1973ൽ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗവും ഫാക്ട് ആലുവയുടെ കളിക്കാരനുമായ തമിഴ്നാട് സ്വദേശി ആർ.കാലിയ പെരുമാളിെൻറ മകനാണ്. അച്ഛെൻറ വഴിയെ കാൽപ്പന്തിൽ പ്രതിഭതെളിയിച്ച കുലോതുംഗൻ രാജ്യത്തെ പ്രമുഖ ക്ലബുകളിലൂടെ തമിഴ്നാടിെൻറ മികച്ച ഫുട്ബാളറായി മാറി. 43ാം വയസ്സിൽ അകാലത്തിൽ പൊലിഞ്ഞ പിതാവിനെ മരണത്തിലും പിന്തുടരുേമ്പാൾ കുലോതുംഗന് 40 വയസ്സായിരുന്നു പ്രായം.
ഉയരക്കുറവിനെ അതിവേഗ നീക്കങ്ങൾകൊണ്ട് മറികടന്ന പ്രതിഭ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയിട്ടില്ലെങ്കിലും കൊൽക്കത്തയിലെയും കേരളത്തിലെയും ആരാധകർക്ക് പ്രിയപ്പെട്ടവനായിരുന്നു. 2000 എഫ്.സി കൊച്ചിെൻറ അതിഥി താരമായെത്തി ഗോളടിച്ചു കൂട്ടിയാണ് കുലോതുംഗൻ ശ്രദ്ധനേടുന്നത്. കേരള ക്ലബിനായി കളിച്ച ഏതാനും മത്സരങ്ങൾകൊണ്ട് കൊൽക്കത്ത ക്ലബുകളുടെ കണ്ണിൽ ഇടംപിടിച്ച താരം, 2002ൽ ഇൗസ്റ്റ് ബംഗാളിെൻറ പടയണിയിലെത്തി. സൂപ്പർതാരങ്ങളും ഒരുപിടികിരീടങ്ങളും പിറന്ന കാലമായിരുന്നു അത്.
2003ൽ ആസിയാൻ ക്ലബ് ചാമ്പ്യൻഷിപ് കിരീടം, 2003, ’04 സീസണിൽ ദേശീയ ലീഗ് കിരീടം എന്നിവയിൽ കുലോതുംഗൻ ടീമിലെ നിർണായക സാന്നിധ്യമായി. മൂന്നു വർഷത്തിനുശേഷം 2005ൽ മുഹമ്മദൻസിലെത്തി. രണ്ടുവർഷം അവിടെയും പന്തു തട്ടി. ശേഷം മുംബൈ എഫ്.സിയിൽ കളിച്ചശേഷം, 2009ൽ വീണ്ടും കൊൽക്കത്തയിലെത്തിയപ്പോൾ മോഹൻ ബഗാനിലാണ് ചേക്കേറിയത്. കൊൽക്കത്തയിലെ മൂന്ന് പ്രമുഖ ക്ലബുകളിലും കളിച്ച അപൂർവ താരങ്ങളിൽ ഒരാളെന്ന സവിശേഷതക്കുടമയായിരുന്നു കുലോതുംഗൻ. തുടർന്ന് അച്ഛെൻറ വേരുകൾ തേടി കേരളത്തിലെത്തി വിവാ കേരളക്കായി രണ്ടു വർഷം കളിച്ചു. 2012ൽ ഭവാനിപൂർ എഫ്.സിയിലേക്ക് കൂടുമാറിയ താരം പിന്നീട് രണ്ടാം ഡിവിഷൻ െഎ ലീഗിലുണ്ടായിരുന്നു. സജീവ ഫുട്ബാൾ അവസാനിപ്പിക്കാനുള്ള ചിന്തകൾക്കിടെയാണ് മരണമെത്തുന്നത്.
ബൈച്ചുങ് ബൂട്ടിയ, മികെ ഒകോരോ, ക്രിസ്റ്റ്യാനോ ജൂനിയർ, രാമൻ വിജയൻ എന്നിവർക്കൊപ്പം 2000ത്തിെൻറ തുടക്കത്തിൽ ഇന്ത്യൻ ക്ലബ് ഫുട്ബാളിലെ മികച്ച മുന്നേറ്റ നിരക്കാരനായി പേരെടുത്തു. 2009ൽ സന്തോഷ് ട്രോഫി ഫുട്ബാളിന് ചെന്നൈ വേദിയായപ്പോൾ ആതിഥേയ ടീമിെൻറ നായകവേഷത്തിലായിരുന്നു കുലോതുംഗൻ. ടീമിനെ സെമി ഫൈനലിൽ എത്തിച്ചെങ്കിലും ഗോവയോട് കീഴടങ്ങി. അകാലത്തിൽ പൊലിഞ്ഞ താരത്തിന് ഇന്ത്യൻ ഫുട്ബാൾ ലോകം ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ േഛത്രി, മലയാളി താരം സി.കെ. വിനീത് ഉൾപ്പെടെയുള്ളവർ ട്വിറ്ററിലൂടെ ദുഃഖം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.