സെൻറ് പീറ്റേഴ്സ്ബർഗ്: വെള്ളിയാഴ്ച രാത്രി കസാൻ അറീനയിൽ ബ്രസീലിനെതിരായ പ്രീക്വാർട്ടറിൽ മൈതാനമധ്യത്തുകൂടി കുതിച്ച് റൊമേലു ലുകാകു കെവിൻ ഡിബ്രൂയിനിലൂടെ ബെൽജിയത്തിെൻറ രണ്ടാം ഗോളിന് വഴിയൊരുക്കുേമ്പാൾ പലരുടെയും മനസ്സ് ഇൗ നൂറ്റാണ്ടിലെ തുടക്കത്തിലെ പ്രീമിയർ ലീഗ് മത്സരങ്ങളിലേക്ക് പോയിക്കാണണം. ആഴ്സനൽ ജഴ്സിയിൽ തിയറി ഒൻറി എന്ന ഫ്രഞ്ചുകാരൻ എതിർ ടീമുകളുടെ പ്രതിരോധം നിരവധിതവണ കീറിമുറിച്ച അതേ ശൈലിയിലായിരുന്നു ലുകാകുവിെൻറയും ഡിബ്രൂയിെൻറയുമൊക്കെ കുതിപ്പ്.
ഇൗ സാമ്യത കേവലം യാദൃച്ഛികമല്ല. ഇതേ തിയറി ഒൻറി ഇപ്പോൾ ബെൽജിയം ടീമിെൻറ സഹപരിശീലകനാണ്. കോച്ച് റോബർേട്ടാ മാർട്ടിനെസിനൊപ്പം ടീമിന് തന്ത്രങ്ങളോതിക്കൊടുക്കുന്നതിൽ പ്രധാനി. ടീമിെൻറ മധ്യ, മുൻനിരകളുടെ ഏകോപനവും ആക്രമണോത്സുകതയും തേച്ചുമിനുക്കുകയാണ് ഒൻറിയുടെ ദൗത്യം. ഒൻറിയുടെ രാജ്യമായ ഫ്രാൻസിനെതിരെയാണ് ചൊവ്വാഴ്ച ബെൽജിയത്തിെൻറ സെമിഫൈനൽ. ചരിത്രത്തിലാദ്യമായി ഫൈനൽ പ്രവേശനം ലക്ഷ്യമിടുന്ന ടീമിെൻറ തന്ത്രങ്ങളിൽ ഒൻറിയുടെ തിയറികൾക്ക് പ്രാധാന്യമുണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.
ബെൽജിയത്തിെൻറ മിക്ക കളിക്കാരും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്ത് തട്ടുന്നവരാണ്. അതുകൊണ്ടുതന്നെ അതിവേഗ പ്രത്യാക്രമണ ഫുട്ബാൾ അവർക്ക് പുത്തരിയുമല്ല. എന്നാൽ, ബെൽജിയത്തിെൻറ സുവർണ തലമുറ ടീമിെൻറ ആക്രമണ ഫുട്ബാളിന് പ്രത്യേക വശ്യതയും അപാരമായ കൃത്യതയുമുണ്ട്. അതിന് ഒൻറിയുടെ ഇൻസ്റ്റിൻക്റ്റിവ് ശൈലിയിലൂന്നിയുള്ള കോച്ചിങ് ശൈലിക്ക് പങ്കുണ്ടെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. കൂടുതൽ പാസുകളില്ലാതെ, പരമാവധി നേർക്കുനേരെയുള്ള ഡ്രിബ്ലിങ്ങിലൂടെയും പന്തുമായുള്ള ഒാട്ടത്തിലൂടെയുമാണ് ബെൽജിയം കളിക്കുന്നതും ഗോളടിക്കുന്നതും. ബ്രസീലിനെതിരായ ഡിബ്രൂയിെൻറ ഗോളിലും ജപ്പാനെതിരെ അവസാന നിമിഷത്തെ നാസർ ചാഡ്ലിയുടെ ഗോളിലും അത് തെളിഞ്ഞുകാണാം. ഇൗ ശൈലി നിലനിർത്തുന്നതിൽ ഒൻറിയുടെ പങ്ക് നിർണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
‘‘ബെൽജിയം ടീമിെൻറ മുന്നൊരുക്കത്തിൽ ഒൻറിയുടെ റോൾ ഏറെ വിശേഷപ്പെട്ടതാണ്. രാജ്യത്തിനുവേണ്ടി നേട്ടങ്ങളുണ്ടാക്കുന്നതിന് പ്രചോദനമേകാൻ ഒൻറിക്ക് കഴിയുന്നു. തെൻറ അനുഭവങ്ങളും കളിപരിചയവും ടീമംഗങ്ങൾക്ക് പകർന്നുനൽകുന്നുവെന്നതിനപ്പുറം നൽകാൻ ഒൻറിയുടെ പക്കൽ പലതുമുണ്ട്’’ -കോച്ച് മാർട്ടിനെസ് ചൂണ്ടിക്കാട്ടുന്നു.
ഒൻറിയുടെ ലളിതമായ ആക്രമണാത്മക ഫുട്ബാൾ കാഴ്ചപ്പാട് തന്നെയാണ് ഇതിൽ പ്രധാനമെന്ന് മാർട്ടിനസ് പറയുന്നു. ‘‘ഞങ്ങളുടെ ടീമിൽ ആക്രമണം മുഖമുദ്രയാക്കിയ കളിക്കാർ ഏറെയുണ്ട്. എന്നാൽ, വിവിധ സാഹചര്യങ്ങളിൽ അവർ എങ്ങനെ കളിക്കുന്നുവെന്നത് പ്രധാനമാണ്. ഇതിന് എല്ലാ സാഹചര്യത്തിലും ആക്രമണ ഫുട്ബാൾ കളിച്ചിട്ടുള്ള ഒൻറിയുടെ സാന്നിധ്യം ഏറെ ഗുണം ചെയ്യുന്നു. ഒൻറിയെ പോലുള്ളവരിൽനിന്ന് അടിസ്ഥാനപരമായ ആക്രമണ കഴിവുകൾക്കൊപ്പം ഇത്തരം കാര്യങ്ങൾകൂടി ലഭിക്കുന്നത് ടീമിന് നൽകുന്ന ഉൗർജം ചെറുതല്ല’’ -കോച്ച് കൂട്ടിച്ചേർത്തു.
ടീമിെൻറ ആക്രമണ കുന്തമുനയായ ലുകാകുവിെൻറ കാര്യത്തിൽ ഒൻറി പ്രത്യേകശ്രദ്ധ ചെലുത്തിയിരുന്നു. കരുത്തും വേഗവും കൈമുതലാക്കി എതിർ പ്രതിരോധത്തെ അങ്കലാപ്പിലാക്കുന്ന ലുകാകുവിെൻറ കളിയിൽ മൈതാനമധ്യത്തിലേക്കിറങ്ങി പന്തെടുക്കാനും ഗോൾമുഖത്ത് പന്ത് കിട്ടുേമ്പാഴേക്ക് ഷോട്ടുതിർക്കാതെ സഹതാരങ്ങളെ കളിയിലേക്ക് കൊണ്ടുവരാനുമുള്ള മാറ്റങ്ങൾ കൊണ്ടുവന്നത് ഒൻറിയുടെ ശ്രമഫലമായിട്ടായിരുന്നു. ബ്രസീലിനും ജപ്പാനുമെതിരായ ടീമിെൻറ ഗോളുകളിൽ ഇത് കാണാമായിരുന്നു. ‘‘ലുകാകുവിെൻറ പ്രകടനത്തിൽ ഒൻറിക്ക് വലിയ പങ്കുണ്ട്. അവെൻറ കൂടെ ഏറെ നേരം ഒൻറി ചെലവഴിക്കുന്നത് ഗുണം ചെയ്യുന്നു’’ -കോച്ചിെൻറ വാക്കുകൾ.
40കാരനായ ഒൻറി 2016 മുതൽ ബെൽജിയം ടീമിനൊപ്പം സഹപരിശീലകനായുണ്ട്. ഫ്രാൻസിനായി 123 കളികളിൽ 51 ഗോളുകൾ നേടിയിട്ടുണ്ട് ഇൗ ഇതിഹാസതാരം.
പ്രീമിയർ ലീഗ് കണ്ട മികച്ച സ്ട്രൈക്കർമാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന ഒൻറി ആഴ്സനലിനായി 254 മത്സരങ്ങളിൽ 174 തവണ സ്കോർ ചെയ്തു.
ബാഴ്സലോണക്കായി 80 കളികളിൽ 35ഉം ന്യൂയോർക് റെഡ്ബുൾസിനായി 122 മത്സരങ്ങളിൽ 51ഉം ഗോളുകൾ നേടിയിട്ടുണ്ട്. 2010ൽ അന്താരാഷ്ട്ര കരിയർ മതിയാക്കിയ ഒൻറി 2012ൽ ആഴ്സനലിനായി വായ്പാടിസ്ഥാനത്തിൽ നാല് മത്സരങ്ങളിൽകൂടി പന്ത് തട്ടിയശേഷം ബൂട്ടഴിച്ചു. അധികം താമസിയാതെ ഏതെങ്കിലും പ്രമുഖ ടീമിെൻറ മുഖ്യപരിശീലകനായി ഒൻറിയെ കാണാം. അതിനുള്ള ചവിട്ടുപടിയാണ് ബെൽജിയത്തിെൻറ സഹപരിശീലക ദൗത്യം എന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.