‘വന്ന വഴി മറക്കാത്ത അപൂർവം പന്തുകളിക്കാരിൽ ഒരാളാണ് ഗബ്രിയേൽ ഫെർണാണ്ടോ ഡെ ജീസസ് എന്ന് നീണ്ട പേരുള്ള ആ ചെറിയ മനുഷ്യൻ’
2017 സെപ്റ്റംബർ 22ന് നിക് ഗില്ലർബി ‘ഗാർഡിയനിൽ എഴുതിയ ‘The making of Gabriel Jesus: how the humble kid from Sao Paulo became a superstar’ എന്ന തലക്കെട്ടിലുള റിപ്പോർട്ടിൽ ദൈവത്തിെൻറ കൈയൊപ്പുള്ള ബൂട്ടുമായി പന്തുകളിക്കളത്തിലെത്തിയ നാണംകുണുങ്ങി ചെക്കെൻറ ജീവിതകഥ അവതരിപ്പിച്ചപ്പോൾ അത്യുക്തിയുടെ പ്രതിഫലനവും ഭാവനയിൽനിന്നുള്ള അതിശയവിവരണവും ആണെന്നേ അത് വായിച്ചവർ കരുതിയുള്ളൂ. എന്നാൽ, കൊച്ചു യേശുവിനോടു ചങ്ങാത്തംകൂടിയിട്ടുള്ളവർ ഒക്കെ ആ കൗമാരക്കാരനിൽ അങ്ങനെ പക്വതയുള്ള ഒരു ഹൃദയം കണ്ടെത്തിയിരുന്നു. അതിനുശേഷം അവർ ആരാധനയോടെ മാത്രമേ ആ പേര് ഓർത്തിരുന്നുള്ളൂ.
സാവോപോളോയിലെ പടുകൂറ്റൻ ചേരി പ്രദേശമായ ജാർഡിം പേറിയിൽ ആണ് ഗബ്രിയേൽ ജനിച്ചത്. 1997 ഏപ്രിൽ മൂന്നാം തീയതിയായിരുന്നു പന്തുകൊണ്ട് വിസ്മയം കാണിച്ച് പുതിയ ഒരു ഫുട്ബാൾ സംസ്കാരത്തിന് വഴി മരുന്നിട്ട മാന്ത്രികെൻറ ജനനം. ബ്രസീലിലെ പാരമ്പര്യംപോലെ ഓമന മകൻ പിറന്നപ്പോൾതന്നെ പിതാവ് ഡെന്നിസ് ഡെ ജീസസ് വീട് വിട്ടിരുന്നു. അമ്മ വീര ലൂസിയ ജീസസിെൻറ സ്നേഹവും പരിചരണവും അച്ചടക്ക നിയമങ്ങളും കൊച്ചു ജീസസിനെ ബാല്യം മുതലേ വിനയത്തിെൻറ പ്രതീകമാക്കി. ഓരോ ബ്രസീലിയൻ കുരുന്നിെൻറയും മോഹംപോലെ ജീസസും ആഗ്രഹിച്ചിരുന്നത് ഒരു കുഞ്ഞു തുകൽപന്തായിരുന്നു. ഒപ്പമുള്ളവർക്കു അത് അപ്രാപ്യമായിരുന്നപ്പോൾ വീര ലൂസിയ അവന് നന്നേ ചെറുപ്പത്തിലേ വിലകൂടിയ പന്ത് വാങ്ങിക്കൊടുത്തു.
ഇതേക്കുറിച്ച് മാഞ്ചസ്റ്ററിലെത്തിയശേഷം ആദ്യമായി കണ്ട വാർത്താലേഖകരോട് ആ യുവാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘‘അമ്മ എനിക്കൊരു അനുഭവമാണ്, അനുഭൂതിയാണ്. എനിക്ക് മൂന്നു നേരം മുടങ്ങാതെ ഭക്ഷണം തരാനായി, എനിക്ക് വേണ്ട കളി ഉപകരണങ്ങൾ വാങ്ങിത്തരാനായി ദിവസവും രണ്ടു ഷിഫ്റ്റുകളിൽ അവർ ജോലി നോക്കിയിരുന്നു. അമ്മയുടെ വാക്കുകളായിരുന്നു എനിക്ക് ദൈവവചനം. ബ്രസീലിലെ ലക്ഷക്കണക്കിന് കുട്ടികളുടെ മോഹമാണ് പന്തുകളിക്കാരൻ ആവുക എന്നത്. ഞാൻ ജനിച്ചപ്പോഴേ എെൻറ അമ്മ തീരുമാനിച്ചുറപ്പിച്ചിരുന്നു ഞാൻ പന്തുകളിക്കാരൻ ആകണമെന്ന്. മാഞ്ചസ്റ്റർ സിറ്റി പോലൊരു പ്രശസ്ത ടീമിൽ എത്തിയതോടെ ഞാൻ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുന്നു’’.
അമ്മ കഴിഞ്ഞാൽ ഗബ്രിയേലിന് കടപ്പാടുള്ളത് ആദ്യകാല പരിശീലകനായിരുന്ന ഹോസെ ഫ്രാൻചെസ്ക്കോ മാമേഡിയയോടായിരുന്നു. അമ്മ വാങ്ങിക്കൊടുത്ത പന്തുമായി കൊച്ചു ജീസസ് ആദ്യമെത്തിയത് ഈ പരിശീലകെൻറ അടുത്തേക്കായിരുന്നു. കാരുണ്യത്തിെൻറയും സാന്ത്വനത്തിെൻറയും പ്രതീകമായിരുന്ന ആ കോച്ച് തന്നോടൊപ്പം കളിപഠിക്കാൻ എത്തിയവരെയൊക്കെ സ്വന്തം മക്കളായി കരുതി. അദ്ദേഹത്തിന് അന്നുണ്ടായിരുന്ന പഴെയാരു ബീറ്റൽ കാറിൽ കളി ഉപകരണങ്ങളും കുട്ടികളുമായുള്ള യാത്രകളും വേറിട്ട ഇടങ്ങളിലെ പരിശീലനവും അവർക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള സൗഭാഗ്യങ്ങളായിരുന്നു. ജീസസിെൻറ ആദ്യ കാർ യാത്രയും അത്തരമൊരു സഞ്ചാരവേളയിലായിരുന്നു. ഇതുപോലുള്ള ഒരു യാത്രയിലാണ് ബ്രസീൽ ഇതിഹാസം സീക്കോ ചെക്കെൻറ പന്തുകൊണ്ടുള്ള വിസ്മയങ്ങൾ കണ്ടതും പ്രവചിച്ചതും. ‘‘ഇവൻ ഞങ്ങളെയൊക്കെ മറികടക്കുന്ന വമ്പനാകുമെന്ന്.’’
മാമേഡിയയുടെ ശിക്ഷണത്തിനുശേഷം ബ്രസീൽ കുരുന്നുകളുടെ മത്സരമായ ‘Campeonato Paulista games’ ൽ മത്സരിച്ചപ്പോൾ 48 കളികളിൽനിന്ന് 54 ഗോളുകൾ അടിച്ചുകൂട്ടിയപ്പോഴേ ബ്രസീൽ മുഴുവൻ ആ സ്വർണക്കാലുകളുടെ കരുത്തറിയാൻ കാത്തിരുന്നു. അടുത്തവർഷം അണ്ടർ-17 ടീമിൽ അംഗമായപ്പോൾ 22 മത്സരങ്ങളിൽ നിന്ന് 37 ഗോളുകളുമായി ജീസസ് ഗോളുകളുടെ ചക്രവർത്തിയായി. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ന്യൂസിലൻഡിൽ 2015ൽ നടന്ന അണ്ടർ-20 ലോകകപ്പിൽ ഉറുഗ്വായ്യെയും പോർചുഗലിനെയും പരാജയപ്പെടുത്തി ഫൈനലിൽ എത്തിയ ബ്രസീലിെൻറ നായകൻ ജീസസ് ആയിരുന്നു.
2014ൽ ബ്രസീലിൽ ലോകകപ്പ് നടക്കുേമ്പാൾ യുവതാരം ജീസസ് അവരുടെ ടീമിലുണ്ടാകുമെന്നു അവരുടെ ആരാധകർ കരുതിയിരുന്നു. എന്നാൽ, ലൂയി ഫിലിപ് സ്കൊളാരിയുടെ കണ്ണിൽ ആ അസുലഭ പ്രതിഭ പെട്ടതേയില്ല. എന്നിട്ടും കളിക്കാരൻ അല്ലാതെ തന്നെ തങ്ങളുടെ ലോകകപ്പിന് മോടികൂട്ടുവാൻ ജീസസ് ഉണ്ടായിരുന്നു, കൂട്ടുകാരായ ഒരു പറ്റം സന്നദ്ധസംഘത്തോടൊപ്പം ബ്രഷും ചായവും ആയി ആ വലിയ മനസ്സിനുടമ രാവുംപകലും അധ്വാനിച്ചു, സാവോപോളോ നഗരം മനോഹരമാക്കാൻ.
ജീസസ് അവസാനം ബൂട്ടുകെട്ടി കളിക്കളത്തിലേക്കു കാലുകുത്തും മുമ്പ് അമ്മയെ വിളിച്ചു അനുഗ്രഹം വാങ്ങിയിരിക്കും. ഒരിക്കൽപോലും ആ അനുഷ്ഠാനം മുടങ്ങിയിട്ടുമില്ല. അതിനേക്കാൾ വിചിത്രമാണ് ഗോൾ നേടിയ ശേഷമുള്ള ആഹ്ലാദപ്രകടനം. എല്ലാവരിൽ നിന്നും ഓടിമാറി കോർണർ ഫ്ലാഗിനടുത്തുനിന്ന് ആംഗ്യ ഭാഷയിൽ അദ്ദേഹം ഫോൺ ചെയ്യും. അത് എന്തിനാണെന്നല്ലേ. അമ്മ ലോകത്തിെൻറ ഏതു ഭാഗത്തുനിന്നായാലും മോെൻറ കളി കാണും. ഗബ്രിയേലിെൻറ ഗോൾ പിറന്നാൽ അവർ ആ നിമിഷം മോനെ വിളിക്കും, ഉമ്മ കൊടുക്കാൻ. അപ്പോൾ ഫോൺ കൈയിൽ ഇല്ലാത്ത വിഷമം തീർക്കാനാണ് ഓമന മകൻ അമ്മക്ക് ടെലിപ്പതി സന്ദേശംപോലെ മറുപടി നൽകുന്നത്.
ഗബ്രിയേൽ ജീസസ്
ഗബ്രിയേൽ ഫെർണാണ്ടോ ഡെ ജീസസ്
വയസ്സ്: 21
ജനനം: 1997 ഏപ്രിൽ മൂന്ന്
ഉയരം: 1.75 മീറ്റർ
പൊസിഷൻ: ഫോർവേഡ്
ബ്രസീൽ: 2016- 15 കളി 9 ഗോൾ
ക്ലബ്: 2015-2017 പാൽമയ്റാസ്- 47 കളി 16 ഗോൾ
2017- മാഞ്ചസ്റ്റർ സിറ്റി- 39 കളി 20 ഗോൾ
ജീസസ് Secrets
മിടുക്ക്: ഹോൾഡിങ്
ദ ബാൾ, ഫിനിഷിങ്
ദൗർബല്യം: ഏരിയൽ ഡ്യുവൽസ്
ശൈലി: ലേ ഒാഫ്,
കട്ട് ഇൻസൈഡ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.