ക്ലാഗൻഫുർട്ട്: ഇതാണോ കപ്പ് നിലനിർത്താൻ റഷ്യയിലേക്ക് പറക്കുന്ന ചാമ്പ്യന്മാർ. കളി ഇങ്ങനെയെങ്കിൽ ലോകകപ്പിൽ ജർമനിയെ കാത്തിരിക്കുന്നത് 2002ൽ ഫ്രാൻസിനും 2010ൽ ഇറ്റലിക്കും 2014ൽ സ്പെയിനിനും നേരിട്ട ദുരന്തമായിരിക്കും. റഷ്യയിൽ പന്തുരുളും മുമ്പുള്ള നിർണായക സന്നാഹ മത്സരത്തിൽ ഒാസ്ട്രിയക്ക് മുന്നിൽ 2-1നായിരുന്നു ചാമ്പ്യൻ ജർമനിയുടെ ഞെട്ടിക്കുന്ന തോൽവി.
കളിയുടെ 11ാം മിനിറ്റിൽ മെസ്യൂത് ഒാസിലിെൻറ ഗോളിലൂടെ ജർമനി തുടക്കത്തിലേ മുന്നിലെത്തിയിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഒാസ്ട്രിയൻ ആക്രമണത്തിനു മുന്നിൽ അവരുടെ പ്രതിരോധം തരിപ്പണമായി. മാർടിൻ ഹിൻറെഗർ (53), അലസാന്ദ്രോ ഷോഫ് (69) എന്നിവരാണ് ഒാസ്ട്രിയക്കായി ഗോളടിച്ചത്.
ഏറ്റവും ഒടുവിൽ കളിച്ച അവസാന അഞ്ചു മത്സരങ്ങളിലും ജയം അന്യമായതോടെ കോച്ച് യൊആഹിം ലോയ്വിനും നെഞ്ചിടിപ്പായി. നവംബർ മുതലുള്ള മത്സരങ്ങളിൽ ഇംഗ്ലണ്ട് (0-0), ഫ്രാൻസ് (2-2), സ്പെയിൻ(1-1) ടീമുകളോട് സമനിലയും ഏറ്റവും ഒടുവിലായി ബ്രസീൽ (0-1), ഒാസ്ട്രിയ ടീമുകളോട് തോൽവിയും വഴങ്ങി. പരിക്കിനെ തുടർന്ന് എട്ടുമാസം വിശ്രമത്തിലായിരുന്നു മാനുവൽ നോയർ ജർമൻ െപ്ലയിങ് ഇലവനിൽ തിരിച്ചെത്തിയതാണ് ചാമ്പ്യൻമാരുടെ ഏക ആശ്വാസം.
ആദ്യ മിനിറ്റിൽ ജർമനിയുടെ സർവ സംഹാരശേഷിയും നിറഞ്ഞായിരുന്നു ഒാസിലിെൻറ ഇടങ്കാലൻ ഷോട്ടിൽ പിറന്ന ഗോൾ. ഗോമസിനെയും വെർനറെയും ബെഞ്ചിലിരുത്തി നിൽസ് പീറ്റേഴ്സൺ, ജൂലിയൻ ബ്രാൻഡിറ്റ് എന്നിവരെ മുന്നിൽ നിർത്തിയാണ് ജർമനി തുടങ്ങിത്. രണ്ടാം പകുതിയിൽ ഒാസ്ട്രിയ തിരിച്ചടിച്ചപ്പോൾ സൂപ്പർതാരങ്ങൾ തിരിച്ചെത്തിയെങ്കിലും ജർമനിക്ക് ഒാസട്രിയയുടെ ഇരുതലമൂർച്ചയുള്ള ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല.
ബെൽജിയം-പോർചുഗൽ സമനില
ബ്രസൽസ്: തുല്യശക്തികളുടെ പോരാട്ടത്തിൽ പോർചുഗലും ബെൽജിയവും ഗോളടിക്കാതെ പിരിഞ്ഞു. സ്റ്റാർസ്െട്രെക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയിറങ്ങിയ പോർചുഗലിനെ ഗോൺസാലോ ഗ്യൂഡസാണ് മുന്നിൽനിന്ന് നയിച്ചത്. അതേസമയം, ഹസാഡ്, ലുകാകു, ഡിബ്രുയിൻ തുടങ്ങിയ സൂപ്പർതാരങ്ങളുമായാണ് ബെൽജിയം പന്തുതട്ടിയത്. രണ്ടാം പകുതിയിൽ ബെൽജിയം വെറ്ററൻ താരം വിൻസെൻറ് കംപനി പരിക്കേറ്റു വീണു. പ്രതിരോധശ്രമത്തിനിടെ പരിക്കേറ്റ താരം 55ാം മിനിറ്റിൽ കളംവിട്ടു. ലോകകപ്പിന് തൊട്ടുമുമ്പ് ഫിറ്റ്നസ് വീണ്ടെടുത്താണ് കംപനി ടീമിനൊപ്പം ചേർന്നത്.
ഇംഗ്ലണ്ടിന് ജയം
ലണ്ടൻ: ഗാരെത് സൗത്ഗേറ്റിന് പ്രതീക്ഷയായി സന്നാഹ പോരാട്ടത്തിൽ ഇംഗ്ലണ്ടിെൻറ ജയം. ആഫ്രിക്കൻ പവർഹൗസായ നൈജീരിയയെ 2-1നാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. കളിയുടെ ഏഴാം മിനിറ്റിൽ ഗാരി കാഹിലും തൊട്ടുപിന്നാലെ ഹാരികെയ്നുമാണ് (39) ഇംഗ്ലണ്ടിനായി സ്കോർ ചെയ്തത്. 47ാം മിനിറ്റിൽ അലക്സ് ഇവോബി നൈജീരിയയുടെ മറുപടി ഗോൾനേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.