കൊച്ചി: ഗോവയിലെ പിഴവിന് കൊച്ചിയിൽ പ്രായശ്ചിത്തം ചെയ്ത ജർമനിക്ക് കൗമാര ലോകകപ്പിൽ പ്രീക്വാർട്ടർ ബർത്ത്. ആഫ്രിക്കൻ വീര്യവുമായി പൊരുതിക്കളിച്ച ഗിനിയെ ഒന്നിനെതിരെ മൂന്നു ഗോളിന് മറികടന്നാണ് ജർമൻ സംഘം അവസാന 16ൽ കടന്നുകൂടിയത്. കൊളംബിയയാണ് പ്രീക്വാർട്ടറിൽ എതിരാളികൾ. ഡൽഹിയിൽ ഒക്ടോബർ 16നാണ് മത്സരം. ഗോവയിൽ ഇറാനെതിരെ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് തകർന്നടിഞ്ഞ ജർമനി ജയം മാത്രം ലക്ഷ്യമിട്ടാണ് കലൂരിൽ നിർണായക മത്സരത്തിനിറങ്ങിയത്. എട്ടാം മിനിറ്റിൽ ക്യാപ്റ്റൻ യാൻഫീൻ ആർപിലൂടെ മുന്നിലെത്തിയ ജർമനിക്കുവേണ്ടി 62ാം മിനിറ്റിൽ നിക്കോളാസ് കുനും ഇഞ്ചുറി ടൈമിൽ സഹ്വെർദി സെറ്റിനും ഗിനി വലയിൽ പന്തെത്തിച്ചു. 26ാം മിനിറ്റിൽ ഇബ്രാഹിം സൗമയുടെ ബൂട്ടിൽനിന്നായിരുന്നു ആഫ്രിക്കൻ ടീമിെൻറ ആശ്വാസഗോൾ.
പിഴവുകളിൽ കുരുങ്ങി ഗിനി
ചാറ്റൽ മഴയിൽ നനഞ്ഞ കൊച്ചിയുടെ പുൽപരപ്പിൽ ഗിനിയുടെ ഗുരുതര പിഴവിൽനിന്നാണ് ജർമനി നിർണായക ലീഡിലേക്ക് വല കുലുക്കിയത്. ഗിനിയൻ ഡിഫൻഡർ ഇസ്മായിൽ ട്രവോറെ മൈനസ് ചെയ്ത പന്ത് ഗതിവേഗം കുറഞ്ഞപ്പോൾ ഒാടിയെത്തിയ ഡെനിസ് ജാസ്ട്രെംബ്സ്കിയുടെ കാലിൽതട്ടിത്തെറിച്ച പന്ത് നീങ്ങിയെത്തിയത് ആർപിെൻറ കാലിലേക്ക്. മാർക്ക് ചെയ്യപ്പെടാതെ നിന്ന ജർമൻ നായകൻ പന്തെടുത്ത് കുതിച്ച് േക്ലാസ് റേഞ്ചിൽനിന്നുതിർത്ത ഗ്രൗണ്ട് ഷോട്ട് ഗിനി ഗോളി മുഹമ്മദ് കമാറക്ക് അവസരമൊന്നും നൽകാതെ പോസ്റ്റിെൻറ വലതു മൂലയിലേക്ക്. ഇതിനിടെ ആഫ്രിക്കക്കാർ പതിയെ താളം കണ്ടെത്തിത്തുടങ്ങി. ജർമൻ ഗോൾമുഖം റെയ്ഡ് ചെയ്യാനിറങ്ങിയ അവരുടെ ഒാരോ നീക്കങ്ങൾക്കും കാണികളുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിരുന്നു. അത്തരമൊരു നീക്കത്തിൽനിന്ന് യൂറോപ്യൻ കരുത്തരുടെ നെഞ്ചകം തകർത്ത് ഗിനി സമനിലഗോളിലേക്ക് നിറയൊഴിച്ചു. 25ാം മിനിറ്റിൽ ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ അഗ്വിബു കമാറയുടെ ഷോട്ട് എതിർ പ്രതിരോധമതിലിൽ തട്ടിത്തെറിച്ചപ്പോൾ പന്തുകിട്ടിയത് ഇബ്രാഹിം സൗമക്ക്. സൗമയുടെ ഷോട്ട് നിരന്നുനിൽക്കുന്ന താരങ്ങൾക്കിടയിലൂടെ ജർമൻ വലയിലേക്ക് പാഞ്ഞുകയറി.
ലീഡിലേക്ക് വീണ്ടും
ജർമനിയുടെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതിക്ക് തുടക്കമായത്. കളി ഒരുമണിക്കൂർ പിന്നിടവേ ജർമനി ലീഡ് തിരിച്ചുപിടിച്ചത് ഗിനിയുടെ മറ്റൊരു പ്രതിരോധ പിഴവിൽനിന്ന്. ഇക്കുറി സൗമയായിരുന്നു വില്ലൻ. രണ്ടു ജർമൻ താരങ്ങൾ വട്ടമിട്ടുനിൽക്കെ പാസ് ചെയ്യാൻ അമാന്തിച്ചുനിന്ന സൗമയുടെ കാലിൽനിന്ന് ആർപ് പന്തു തട്ടിയെടുത്തു. തുടർന്ന് നിക്കോളാസ് കുനിലേക്ക് ഒന്നാന്തരം പാസ്. പന്തെടുത്ത കുൻ, കമാറക്ക് പിടികൊടുക്കാതെ സമർഥമായി വലയിട്ടുകുലുക്കി.
പ്രീക്വാർട്ടറിലെത്താൻ ജയം അനിവാര്യമായിരുന്ന ഗിനി അവസാന അരമണിക്കൂറിൽ ജർമൻ ഗോൾമുഖത്തേക്ക് ഇരമ്പിക്കയറാൻ തുടങ്ങി. ഒന്നിനുപിറകെ ഒന്നായി അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോളിലേക്കുള്ള അവസാന കടമ്പയിൽ ജർമൻ മതിൽ അചഞ്ചലമായിനിന്നു. ഒടുവിൽ കളിഗതിക്കെതിരായി 90ാം മിനിറ്റിൽ പിറന്ന പെനാൽറ്റി ഗോളിൽ ജർമനി വിജയത്തിന് മാറ്റുകൂട്ടുകയായിരുന്നു. ജെസിക് ഗാൻകാമിനെ സെകൂ കമാറ വീഴ്ത്തിയതിന് ലഭിച്ച കിക്ക് ഗോളിക്ക് പഴുതൊന്നും നൽകാതെ സെറ്റിൻ വലയിലെത്തിച്ചതോടെ ജർമൻ മോഹങ്ങൾ പച്ചതൊട്ടു. മൂന്നു കളിയും ജയിച്ച ഇറാനാണ് സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.