സോചി: ലോക ചാമ്പ്യന്മാരുടെ പകിട്ടുമായെത്തി ആദ്യ റൗണ്ടിൽതന്നെ തിരിച്ച് വണ്ടികയറിയ മുൻഗാമികളായ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവരുടെ പാത ജർമനിയും പിന്തുടരുമോ? ശനിയാഴ്ച സ്വീഡനെതിരെ ജർമനി ബൂട്ടണിയുന്നത് ഇൗ ഒാർമപ്പെടുത്തലുമായാണ്. ടൂർണമെൻറ് ഫേവറിറ്റുകളായെത്തി ആദ്യ കളിയിൽ മെക്സികോയോടേറ്റ ഞെട്ടിക്കുന്ന പരാജയത്തിൽനിന്ന് ഇനിയും ജർമൻ ആരാധകർ മുക്തമായിട്ടില്ല. 1982ന് ശേഷം ആദ്യമായാണ് ജർമനി ലോകകപ്പിലെ ആദ്യ മത്സരത്തിൽ പരാജയപ്പെടുന്നത്.
മറുവശത്ത് ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്കാൻഡിനേവിയക്കാരുടെ വരവ്. ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ മെക്സികോ കൊറിയയെ തോൽപിക്കുകയും ജർമനി, സ്വീഡനുമായി സമനിലയിൽ കുടുങ്ങുകയും ചെയ്താൽ യോആഹിം ലോയ്വിനും സംഘത്തിനും ബർലിനിലേക്ക് മടക്ക ടിക്കറ്റെടുക്കാം.
നാലുതവണ കപ്പുയർത്തിയ ഇറ്റലിക്കാർക്ക് ടിക്കറ്റ് നിഷേധിച്ച് റഷ്യയിലെത്തിയ സ്വീഡിഷ് പട ജർമനിയുടെ അന്നം മുടക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. 2006ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന സ്വീഡന് ജർമനിയെ തോൽപിക്കുക അത്ര എളുപ്പമല്ലെങ്കിലും ജാന്നെ ആൻഡേഴ്സെൻറ സംഘത്തിൽ ലോകത്തിലെ ഏറ്റവും മികച്ച വൈഡ് അറ്റാക്കേഴ്സിൽ ഒരാളായ എമിൽ ഫോസ്ബർഗിനെയാണ് ജർമൻ പട ഏറ്റവും കൂടുതൽ ഭയക്കുന്നത്.
ആദ്യ മത്സരത്തിൽ പ്രത്യാക്രമണങ്ങൾക്ക് മുന്നിൽ പതറുന്ന ഒരു ജർമനിയെയാണ് കണ്ടതെങ്കിൽ പൊതുവെ പ്രതിരോധത്തിലൂന്നി കളി നെയ്യുന്ന സ്വീഡനെ അവർ അത്രകണ്ട് ഭയപ്പെടാൻ സാധ്യതയില്ല. പരിശീലനത്തിനിടെ പരിക്കേറ്റ് മാറ്റ് ഹുമ്മൽസില്ലാതെയാവും ജർമനി ഇറങ്ങുന്നത്.
എന്നാൽ, പ്രതിരോധത്തിലൂന്നിയ കളിക്കിടെ തരം കിട്ടുേമ്പാൾ ആക്രമിക്കുന്ന സ്വീഡെൻറ ഗെയിം പ്ലാൻ ജർമനി എങ്ങനെ പ്രതിേരാധിക്കുമെന്ന് കാണാം. ബുണ്ടസ് ലിഗയിൽ രണ്ട് അവിസ്മരണീയ സീസണുകൾ പൂർത്തിയാക്കിയാണ് താരം സ്വീഡിഷ് നിരയിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിെൻറ പകരക്കാരനായ ഫോസ്ബർഗ് പന്തുതട്ടാനെത്തുന്നത്. അവസാനം 2014 ലോകകപ്പ് യോഗ്യത റൗണ്ടിൽ സ്വീഡനെ 5-3ന് പരാജയപ്പെടുത്തിയത് ചാമ്പ്യന്മാർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.