കോഴിക്കോട്: ഡിസംബറിൽ ജനിച്ച കുഞ്ഞുമോൾ മികായയെ നേരിട്ട് കാണാനായി കാത്തിരിപ്പിലായിരുന്നു മാർക്കസ് ജോസഫ്. ഐ ലീഗ് സീസൺ കഴിഞ്ഞാൽ സ്വന്തം നാടായ കരീബിയൻ ദ്വീപസമൂഹത്തിലെ ട്രിനിഡാഡ് ആൻഡ് ടുേബഗോയിലേക്ക് പറക്കാമെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ, ഗോകുലം കേരള എഫ്.സിയുെട ഈ സൂപ്പർതാരത്തിനെ ആദ്യം ലോക്ഡൗൺ ചതിച്ചു, പിന്നാലെ സ്വന്തം നാടും. കോഴിക്കോട് കോട്ടൂളിയിെല ഫ്ലാറ്റിൽ മാർക്കസിനൊപ്പം നാട്ടുകാരായ ആന്ദ്രെ എറ്റിയന്നയും നഥാനിയേൽ ഗാർഷ്യയുമുണ്ട്.
മാർച്ചിൽ ഐ ലീഗ് സീസൺ അവസാനിച്ച ശേഷം നാട്ടിലേക്ക് തിരിക്കാനായിരുന്നു മാർക്കസും കൂട്ടരും ഉദ്ദേശിച്ചത്. വരും സീസണിലും ഗോകുലത്തിനായി കളിക്കാൻ കരാറുണ്ടായിരുന്നു. ഇതിനിടെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ ഗോകുലം ടീമിലെ താരങ്ങളെല്ലാം ടീം ഫ്ലാറ്റിൽ കുടുങ്ങി. പ്രാക്ടിസും ഫ്ലാറ്റിനുള്ളിലൊതുങ്ങി. പിന്നീട് മലയാളി താരങ്ങളും ഇതരസംസ്ഥാനക്കാരും നാട്ടിലേക്ക് മടങ്ങി. യുഗാണ്ട ഫോർവേഡ് ഹെൻട്രി കിസേക്കയും റുവാണ്ടയിൽനിന്നുള്ള കിപ്സൺ അതുഹെയ്റയും കഴിഞ്ഞ ശനിയാഴ്ച മുംബൈയിൽനിന്ന് നാട്ടിലേക്ക് തിരിച്ചിരുന്നു. മിക്കരാജ്യങ്ങളും സ്വന്തം താരങ്ങളെ നാട്ടിലെത്തിച്ചു. ഗോകുലത്തിെൻറ അഫ്ഗാൻ വംശജനായ ഹാറൂൺ അംരി കാനഡയിലേക്ക് തിരിച്ചുപോയി. കോച്ച് സാൻറിയാഗോ വരേലയും മടങ്ങി.
എന്നാൽ, ഡൽഹിയിലെ ട്രിനിഡാഡ് ഹൈകമീഷൻ ഓഫിസ് തികച്ചും നിഷേധാത്മകമായാണ് പെരുമാറുന്നത്. ഈ താരങ്ങളെ നാട്ടിലെത്തിക്കാൻ ഹൈകമീഷൻ താൽപര്യം കാട്ടുന്നില്ല. ഗോകുലം മാനേജ്മെൻറും താരങ്ങൾ നേരിട്ടും അപേക്ഷ നൽകിയിരുന്നു. എന്നാൽ, നാട്ടിലേക്ക് എന്നുപോകാൻ പറ്റുമെന്നും ഉറപ്പു കിട്ടിയിട്ടില്ല.
മാർക്കസും ഗോകുലം താരങ്ങളും മാത്രമല്ല, മറ്റ് എട്ട് ട്രിനിഡാഡുകാരാണ് ഹൈകമീഷന് ഒരുമിച്ച് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ചർച്ചിൽ ബ്രദേഴ്സ് താരങ്ങളായ വില്ലിസ് പ്ലാസ, റോബർട്ട് പ്രൈമസ്, റദാൻഫാഹ് അബൂബക്കർ, നെരോക എഫ്.സിയുടെ താരിക് സാംപ്സൺ, മാർവിൻ ഫിലിപ്, മോഹൻ ബഗാെൻറ ഡാനിയൽ സൈറസ് എന്നിവരാണ് ട്രിനിഡാഡിലെത്താൻ കാത്തിരിക്കുന്ന മറ്റ് ഐ ലീഗ് താരങ്ങൾ. ബാക്കി രണ്ടുപേർ വിദ്യാർഥികളും. ആകെ 133 പേർക്ക് ട്രിനിഡാഡിൽ കോവിഡ് ബാധിച്ചിരുന്നു.
കരാർ കാലാവധി മേയ് 31ന് കഴിഞ്ഞെങ്കിലും ഗോകുലം മാനേജ്മെൻറിെൻറ കരുതലിലാണ് മാർക്കസും സഹതാരങ്ങളും. ലോക്ഡൗണിെൻറ തുടക്കകാലത്ത് എല്ലാം ആസ്വദിച്ച ഇവർ ഇപ്പോൾ ‘കലിപ്പിലാണ്’. അതേസമയം, തികച്ചും പ്രഫഷനലായ ഇൗ താരങ്ങൾ പരിശീലനം മുടക്കുന്നില്ല. മുറിക്കകത്താണ് പരിശീലനം. ഓഫ് സീസണിൽ കുറച്ചുമാസങ്ങൾ കുടംബത്തോടൊപ്പം കഴിയാമെന്ന പ്രതീക്ഷയാണ് സ്വന്തം രാജ്യത്തിെൻറ കടുംപിടിത്തത്തിൽ തട്ടി ഇല്ലാതാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.