കോഴിക്കോട്: അവസരങ്ങളേറെ തുലച്ച ഗോകുലം കേരള എഫ്.സിക്ക് ഐ ലീഗിൽ സമനില. ആദ്യ ഹോംമത്സരത്തിൽ ചെന്നൈ സിറ്റി എഫ്.സി 1-1നാണ് ഗോകുലത്തെ സമനിലയിൽ തളച്ചത്. 21ാം മിനിറ്റിൽ കാമോ ബായി ആതിഥേയരെ മുന്നിലെത്തിച്ചെങ്കിലും 28 മിനിറ്റിൽ ജീൻ മൈക്കിൾ ജൊവാക്വിം ഗോൾ തിരിച്ചടിച്ചു. ഇതോടെ ഇരു ടീമുകൾക്കും ഒരു പോയൻറായി. ശനിയാഴ്ച്ച കോഴിക്കോട്ട് നെരോക എഫ്.സിയുമായാണ് ഗോകുലത്തിെൻറ അടുത്ത മത്സരം. ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന മത്സരത്തിൽ കാണികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
ഗോൾ, ഗോകുലം
ആദ്യ കളിയിൽനിന്ന് രണ്ടു മാറ്റവുമായാണ് ഗോകുലം ഇറങ്ങിയത്. പരിക്കേറ്റ ഡിഫൻഡർ ഇമ്മാനുവൽ ചിഗോസിക്കു പകരം മറ്റൊരു വിദേശതാരമായ ഡാനിയൽ അഡൂവും വൈസ് ക്യാപ്റ്റൻ ഇർഷാദ് തൈവളപ്പിന് പകരം വിക്കിയും ഇറങ്ങി. പന്തുരുണ്ടുതുടങ്ങി ആദ്യ മിനിറ്റു മുതൽ ഗോകുലം കേരള എതിർ ഗോൾമുഖത്തേക്ക് കുതിച്ചു. കാമോ ബായിയും മൗബുറുവും എതിർ ഗോളി ഉറോസ് പോൾയാനെകിനെ പരീക്ഷിച്ചു. മറുഭാഗത്ത് ചെന്നൈയുടെ ഫ്രഞ്ചുകാരൻ ജീൻ ജൊവാക്വിമിെൻറയും മലയാളിതാരം എഡ്വിൻ സിഡ്നി വാൻസ് പോളിെൻറയും ഷോട്ടുകൾ ഗോകുലം ഗോൾകീപ്പർ നിഖിൽ ബെർണാഡും രക്ഷപ്പെടുത്തി. ഇരു ടീമുകളും ആക്രമിച്ചുകളിച്ചതോടെ കാണികളും ആവേശത്തിലായി. ക്യാപ്റ്റൻ സുശാന്ത് മാത്യുവിെൻറ ക്രോസ് ചെന്നൈ പ്രതിരോധഭടൻ അടിച്ചകറ്റി. പിന്നാലെ 21ാം മിനിറ്റിൽ ഗാലറി കാത്തിരുന്ന ഗോൾ പിറന്നു. പന്തുമായി കുതിച്ചെത്തിയ കാമോ ബായിയെ ചെന്നൈ ഗോളി ഓടിയെത്തി തടയാൻ ശ്രമിച്ചെങ്കിലും ഐവറി കോസ്റ്റ് താരം പന്ത് വലയിലെത്തിച്ചു. ചെന്നൈ ഡിഫൻഡർ ഹെൻറി തിയോസോങ്ങിെൻറ അശ്രദ്ധകൂടിയാണ് ഗോളിനിടയാക്കിയത്. തിരിച്ചടിക്കാൻ ചെന്നൈ നടത്തിയ ആദ്യ ശ്രമം പാഴായെങ്കിലും പിന്നീട് ലക്ഷ്യത്തിലെത്തി. ജൊവാക്വിമിെൻറയും മലയാളിതാരം എഡ്വിെൻറയും ഗോൾശ്രമം പാഴായശേഷമായിരുന്നു കോർണർ കിക്കിൽനിന്നുള്ള പന്തിൽ ഗോൾ മടക്കിയത്. 28ാം മിനിറ്റിൽ എഡ്വിെൻറ കോർണർ ജൊവാക്വിം ഹെഡറിലൂടെ വലയിലെത്തിച്ചു. സ്കോർ: 1-1. പത്തു മിനിറ്റിനകം ഗോകുലത്തിന് ലീഡിനുള്ള സുവർണാവസരം മുന്നേറ്റനിരക്കാരൻ എംബല്ലെ ഗോളി മാത്രം മുന്നിൽനിൽക്കേ തുലച്ചു. വലതു വിങ്ങിൽനിന്ന് രോഹിത് മിശ്രയുടെ മികച്ച ക്രോസായിരുന്നു അത്.
വന്നില്ല, വിജയഗോൾ
രണ്ടാം പകുതിയിൽ ഗോകുലത്തിെൻറ നിയന്ത്രണത്തിലായിരുന്നു കളി. തുടക്കത്തിൽ ആതിഥേയരുടെ രോഹിത് മിശ്രയുടെ പാസിൽനിന്നുള്ള പന്ത് കാമോ ബായിക്ക് ഗോളിലേക്ക് തിരിച്ചുവിടാനായില്ല. ചെന്നൈ ടീം ലീഡ് നേടാനുള്ള കഠിനശ്രമത്തിലുമായിരുന്നു. യേശുരാജിെൻറ ഫ്രീകിക്കിൽനിന്നുള്ള പന്ത് ഗോകുലം ഗോളി രക്ഷപ്പെടുത്തി. 66ാം മിനിറ്റിൽ ഗോകുലത്തിന് വീണ്ടും അവസരം. ഗോളിക്കു മുന്നിൽ കാമോ ബായി പതിവുതെറ്റിച്ചില്ല. പന്ത് വടക്കേ ഗാലറിക്കരികിലേക്ക് പറന്നു. പിന്നീട് തുടർച്ചയായ ആക്രമണങ്ങളിലൂടെ ഗോകുലം അരങ്ങുവാണു. 81ാം മിനിറ്റിൽ ജിംഷാദിെൻറ ക്രോസ് റാഷിദിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. കാണികൾ കാൽലക്ഷം ഗോകുലത്തിെൻറ ആദ്യ ഹോം മത്സരത്തിന് സാക്ഷികളായി 25,841 കാണികളെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.