ക്വാലാലംപുർ: 33 വർഷത്തിനിടെ ആദ്യമായി ഇന്ത്യ അന്താരാഷ്ട്ര ഫുട്ബാളിൽ കരുത്തരായ ഇ റാനെ സമനിലയിൽ പിടിച്ചു. മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 എ.എഫ്.സി കപ്പ് ടൂർണമെൻറിലാണ് മുൻ ചാമ്പ്യന്മാർകൂടിയായ ഇറാനെ ഇന്ത്യൻ കുട്ടികൾ ഗോൾരഹിത സമനിലയിൽ തളച്ചത്. 1984 ഡിസംബർ ഏഴിന് സിംഗപ്പൂരിൽ നടന്ന ഏഷ്യ കപ്പിലാണ് ഇന്ത്യ അവസാനമായി ഇറാനെ സമനിലയിൽ കുടുക്കിയിരുന്നത്.
ഗ്രൂപ് സിയിലെ മറ്റൊരു മത്സരത്തിൽ ഇന്തോനേഷ്യയും വിയറ്റ്നാമും ഗോൾരഹിത സമനിലയിൽപിരിഞ്ഞു. ഇതോടെ ഇന്തോനേഷ്യക്കും ഇന്ത്യക്കും നാലു പോയൻറ് വീതമായി.
ക്വാലാലംപുരിലെ ബുകിത് ജലീൽ സ്റ്റേഡിയത്തിൽ പെനാൽറ്റി തടുത്തതടക്കം തകർപ്പൻ സേവുകളിലൂടെ ഇറാെൻറ മുന്നേറ്റങ്ങളുടെ മുനയൊടിച്ച ഗോൾകീപ്പർ നീരജ് കുമാറായിരുന്നു ഇന്ത്യയുടെ ഹീറോ. അവസാനം വരെ ഇറാൻ മുന്നേറ്റങ്ങളെ തടുത്തുനിർത്തിയശേഷം അവസാന ഘട്ടത്തിൽ ജയം സ്വന്തമാക്കാൻ ലഭിച്ച രണ്ട് അവസരങ്ങൾ ഇന്ത്യക്ക് മുതലാക്കാനുമായില്ല. ആദ്യം രവി റാണയുടെ ചിപ് ഷോട്ട് ഗോളിയെ മറികടന്നെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. തൊട്ടുപിറകെ ഗോളിയെ മറികടന്ന് മുന്നേറിയ എൽ. സൈലോയുടെ ഷോട്ടും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്കുതന്നെ പോയതോടെ സമനില വിജയമാക്കി മാറ്റാനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചില്ല.
ഹൈബാളുകളിൽ ഇറാൻ താരങ്ങളെക്കാൾ ഉയർന്നുചാടി പന്ത് പിടിച്ചും ഗോൾവല ലക്ഷ്യമാക്കിയുള്ള ഷോട്ടുകൾ പറന്നുതട്ടിയും മിന്നിത്തിളങ്ങിയ നീരജ് കുമാർ 76ാം മിനിറ്റിലാണ് ഇറാന് അനുകൂലമായി കിട്ടിയ സ്പോട്ട് കിക്ക് സേവ് ചെയ്ത് ഇന്ത്യയുടെ രക്ഷക്കെത്തിയത്.
ഇന്ത്യയുടെ മലയാളി പ്രതിരോധനിര താരം ഷഹ്ബാസ് അഹ്മദ് മുത്തേടത്ത് 66ാം മിനിറ്റിൽ പരിക്കേറ്റു മടങ്ങിയത് ഇന്ത്യക്ക് ക്ഷീണമായി. ഗ്രൂപ് ഘട്ടത്തിലെ അവസാന കളിയിൽ വ്യാഴാഴ്ച ഇന്ത്യ ഇന്തോനേഷ്യയെ നേരിടും. വിജയം നേടാനുള്ള അവസരം നഷ്ടമായെങ്കിലും സമനില സ്വന്തമാക്കിയ ടീമിെൻറ പ്രകടനത്തിൽ തൃപ്തനാണെന്ന് കോച്ച് ബിബിയാനോ ഫെർണാണ്ടസ് പറഞ്ഞു. ‘‘കളത്തിൽ നൂറു ശതമാനം കഴിവ് പുറത്തെടുത്ത ടീം ഗെയിം പ്ലാനിന് അനുസരിച്ച് കളിച്ചു. ഇന്തോനേഷ്യക്കെതിരായ അവസാന മത്സരത്തിലാണ് ഇനി പൂർണ ശ്രദ്ധ’’ -കോച്ച് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.