കൊച്ചി: കൊട്ടും കുരവയും ആര്‍പ്പുവിളിയുമായാണ് അവര്‍ വന്നത്. തങ്ങളുടെ ടീം ജയിക്കുന്നത് കാണാന്‍ അവസാന നിമിഷംവരെ പിന്തുണനല്‍കി. ഓരോ നീക്കങ്ങള്‍ക്കും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. എതിര്‍നിരയുടെ നീക്കങ്ങളില്‍ മനമുരുകി. ഒടുവില്‍ മഞ്ഞക്കൊടി താഴ്ത്തി കണ്ണീരുമായി മടക്കം. സ്വന്തം മൈതാനത്ത് കേരള ബ്ളാസ്റ്റേഴ്സ് എതിരാളികളെ കശക്കിയെറിയുന്നത് കാണാന്‍ മഞ്ഞയുമണിഞ്ഞ് കൊച്ചിയിലേക്കൊഴുകിയ പതിനായിരങ്ങള്‍ക്ക് വീണ്ടും നിരാശയുടെ മറ്റൊരു രാവുകൂടി. അവസാന വിസിലും കഴിഞ്ഞ് സ്കോര്‍ ബോര്‍ഡില്‍ ബ്ളാസ്റ്റേഴ്സ് പിന്നിലായപ്പോള്‍ ഗാലറിയില്‍ ടീമിനെ പ്രോത്സാഹിപ്പിക്കാനത്തെിയ സചിന്‍ ടെണ്ടുല്‍കറുടെയും ചിരഞ്ജീവിയുടെയും നിവിന്‍ പോളിയുടെയും മുഖത്ത് നിരാശയുടെ കാര്‍മേഘം.
കഴിഞ്ഞ കളിയുടെ സമാനമായി രണ്ടാം പകുതിയില്‍ മത്സരം കൈവിടുന്ന ബ്ളാസ്റ്റേഴ്സിനെയാണ് കണ്ടത്. ലക്ഷ്യമില്ലാത്ത നീക്കങ്ങള്‍, കോട്ട തകര്‍ന്ന പ്രതിരോധം. ആരാധകരുടെ ആശങ്ക യാഥാര്‍ഥ്യമാക്കി 54ാം മിനിറ്റില്‍ ഗാലറിയുടെ ചങ്കു തകര്‍ന്നു. യുവാന്‍ ബൊലെസ്റ്റോയുടെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്ത് ഇടതുവശത്തുനിന്ന് ലാവിയര്‍ ലാറ തൊടുത്ത ഗോളിയെ ലക്ഷ്യമാക്കി നീങ്ങിയ ഷോട്ട്, ആരാധകരുടെ പ്രിയതാരമായ സന്ദേശ് ജിങ്കാന്‍െറ കാലില്‍തട്ടി ഗതിമാറുമ്പോള്‍ ഗാലറി നിശ്ശബ്ദമായി. ജിങ്കാനില്‍നിന്ന് അവര്‍ പ്രതീക്ഷിക്കാത്തത് സംഭവിച്ചു. അവസാനനിമിഷങ്ങളില്‍ സമനില പിടിക്കാനായി ആഞ്ഞു ശ്രമിച്ചെങ്കിലും കോട്ടകെട്ടിയ കൊല്‍ക്കത്തയുടെ പ്രതിരോധം പൊളിക്കാനുള്ള കോപ്പ് ബ്ളാസ്റ്റേഴ്സിനുണ്ടായിരുന്നില്ല. അവസാനം നിരാശയോടെ ആതിഥേയ താരങ്ങള്‍ മൈതാനത്ത് മുഖംതാഴ്ത്തി. കുനിഞ്ഞ ശിരസ്സോടെ ഡ്രസിങ് റൂമിലേക്ക് നടന്നു.
പതിവുപോലെയായിരുന്നു കൊച്ചി. മത്സരത്തിന് മണിക്കൂറുകള്‍ക്കുമുമ്പേ മഞ്ഞച്ചായം പൂശി മലയാളക്കരയടെ നാനാഭാഗത്തുനിന്നും എത്തിയ ആരാധകര്‍ തെരുവോരങ്ങളില്‍ ഇടംപിടിച്ചു. പാട്ടും നൃത്തവുമായി സ്റ്റേഡിയത്തിനകത്തേക്ക്. സ്റ്റേഡിയം മഞ്ഞക്കടലായി മാറുന്നതാണ് പിന്നീട് കണ്ടത്. താരങ്ങള്‍ മത്സരത്തിന് മുന്നോടിയായി വാംഅപ്പിനിറങ്ങിയപ്പോത്തഴേ കാണികള്‍ ഇളകി. ബ്ളാസ്്റ്റേഴ്സിന് പിന്തുണയുമായി ഉടമകളായ സചിന്‍ ടെണ്ടുല്‍കര്‍, ചിരഞ്ജീവി എന്നിവര്‍ക്കൊപ്പം വി.വി.ഐ.പി ഗാലറിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും യൂത്ത് ഐക്കണ്‍ നിവിന്‍ പോളിയും ഭാര്യ റിന്നയും ഇടംപിടിച്ചു.
സ്റ്റേഡിയത്തിന്‍െറ വശങ്ങളിലെ കൂറ്റന്‍ സ്ക്രീനില്‍ ഇവരുടെ മുഖം തെളിയുമ്പോള്‍ ഗാലറി ഇളകിമറിഞ്ഞു. ആകാശത്ത് വര്‍ണം വിതറിയാണ് തുടക്കം. ഗാലറിയില്‍ മൊബൈല്‍ ഫ്ളാഷ് ലൈറ്റുകള്‍ മിന്നി. മത്സരത്തിന്‍െറ ഇടവേളയില്‍ സചിനും ചിരഞ്ജീവിയും ഗ്രൗണ്ടിലിറങ്ങി ആരാധകരെ രസിപ്പിച്ചു. ബാള്‍ബോയ്സുമൊത്ത് സെല്‍ഫിയെടുത്തു. ആരാധകര്‍ക്കുനേരെ കൈവീശി.
ഞായറാഴ്ചയാണ് ബ്ളാസ്റ്റേഴ്സിന്‍െറ അടുത്ത മത്സരം. എതിരാളികള്‍ ഡല്‍ഹി ഡൈനാമോസ്. സീസണിലെ ആദ്യ ജയം കൊച്ചിയുടെ മണ്ണില്‍ത്തന്നെയാകണമെന്ന് അവര്‍ പ്രാര്‍ഥിക്കുന്നു. അതിനായി അവരിനിയും വണ്ടികയറി കൊച്ചിയുടെ മണ്ണിലത്തെും. തൊണ്ടപൊട്ടി കൊമ്പൊടിഞ്ഞ കൊമ്പന്മാര്‍ക്കായി ആര്‍പ്പുവിളിക്കാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.