ഷൂട്ടൗട്ടില്‍ ജയം; ബ്ലാസ്റ്റേഴ്സ്–കൊല്‍ക്കത്ത ഫൈനല്‍ കൊച്ചിയില്‍

ന്യൂഡല്‍ഹി: ഞായറാഴ്ച സ്വന്തം തട്ടകത്തിലെ കലാശപ്പോരാട്ടത്തിലേക്ക് കേരളത്തിന്‍െറ കൊമ്പന്മാര്‍ തലയെടുപ്പോടെ തന്നെ വരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാംപാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ബ്ളാസ്റ്റേഴ്സിന്‍െറ ജൈത്രയാത്ര. അധികസമയം കഴിഞ്ഞിട്ടും തീര്‍പ്പാവാതെ പോയ പോരാട്ടം (2-1, ഇരുപാദങ്ങളിലുമായി 2-2) ഷൂട്ടൗട്ടിന്‍െറ ഭാഗ്യപരീക്ഷണത്തിലത്തെിയപ്പോള്‍ 3-0ത്തിനായിരുന്നു മഞ്ഞപ്പടയുടെ ജയം. പ്രഥമ സീസണിന്‍െറ ആവര്‍ത്തനമായിമാറിയ ഫൈനലില്‍ 18ന് മുന്‍ ജേതാക്കളായ അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും. കൊച്ചിയില്‍ ഒന്നാം സെമി 1-0ത്തിന് ജയിച്ച് മുന്നിലത്തെിയ കേരളത്തിനെതിരെ ഡല്‍ഹിയില്‍ ഡൈനാമോസ് 90 മിനിറ്റ് നേരത്ത് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ലീഡ് നേടിയിരുന്നു. പക്ഷേ, ഇരുപാദങ്ങളിലെ ഫലം ഒപ്പത്തിനൊപ്പമായതോടെ ഷൂട്ടൗട്ടിലത്തെി. ബ്ളാസ്റ്റേഴ്സിനായി ഹോസു, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവര്‍ ലക്ഷ്യം കണ്ടു. അതേസമയം, അന്‍േറാണിയോ ജര്‍മന്‍െറ ഷോട്ട് ഡല്‍ഹി ഗോളി ഡൊബ്ളാസ് സന്‍റാന തടഞ്ഞിട്ടു. ഡല്‍ഹിയുടെ മലൂദ, പെലിസാരി എന്നിവരുടെ പെനാല്‍ട്ടി ബാറിന് മുകളിലൂടെ പറന്നപ്പോള്‍ മോമു തൊടുത്ത ഷോട്ട് ബ്ളാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദി തടുത്തിട്ടു.  
 

നിശ്ചിത സമയത്ത് കേരളത്തിനുവേണ്ടി ഹെയ്തി താരം ഡക്കന്‍സ് നാസോണും ഡല്‍ഹിക്കുവേണ്ടി ബ്രസീല്‍ താരം മാഴ്സലീന്യോ, സ്പെയിന്‍ താരം റൂബെന്‍ റോച്ച എന്നിവരും ഗോള്‍ നേടി. ഡല്‍ഹിയില്‍ കളംനിറഞ്ഞ് കളിച്ചതും അവസരങ്ങളുണ്ടാക്കിയതും ആതിഥേയരായിരുന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ തുടര്‍ച്ചയായി ജയിച്ച ഡല്‍ഹിക്ക് പക്ഷേ, ബുധനാഴ്ച കേരളത്തിനുമുന്നില്‍ ഭാഗ്യം കൈവിട്ടപ്പോള്‍ ടൂര്‍ണമെന്‍റിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടും കലാശക്കളിയില്‍നിന്ന് പുറത്തായി.

തണുപ്പന്‍ തുടക്കം
കൊച്ചി വിജയത്തിന്‍െറ ലീഡില്‍ തൂങ്ങി രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നു തുടക്കത്തില്‍ കേരളത്തിന്. കൊച്ചിയില്‍ വിജയഗോള്‍ കുറിച്ച മുന്നേറ്റക്കാരന്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനെ മാറ്റി പ്രതിരോധത്തിലൂന്നി കളിക്കുന്ന മിഡ്ഫീല്‍ഡര്‍ ബോറിസ് കാദിയോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കേരളം ഇറങ്ങിയത്. ഡല്‍ഹി നിരയില്‍ പ്രതിരോധത്തില്‍ ചിഗ്ളന്‍സേനക്കു പകരം ലാല്‍ചൗകിമയുമത്തെി. 
പ്രതീക്ഷിച്ചതുപോലെ ആദ്യ 20 മിനിറ്റില്‍ ഇരുനിരയും കരുത്ത് പരീക്ഷണമെന്നോണമാണ് പന്ത് തട്ടിയത്. ബോക്സ് ടു ബോക്സ് നീക്കങ്ങളില്‍ പന്ത് അലക്ഷ്യമായി വഴിതിരിഞ്ഞു. ബ്ളാസ്റ്റേഴ്സ് നിരയില്‍ വിനീതും നാന്‍സോണും ചേര്‍ന്നൊരുക്കിയ രണ്ടോ മൂന്നോ മുന്നേറ്റം മാത്രമാണ് എടുത്തുപറയാനുണ്ടായിരുന്നത്. 

 

മൂന്നു മിനിറ്റില്‍ രണ്ടു ഗോള്‍
ബ്ളാസ്റ്റേഴ്സിന്‍െറ പ്രതിരോധ ജാഗ്രതക്കിടയില്‍ നെഞ്ചിടിപ്പിച്ചുകൊണ്ട് ആദ്യ ഗോള്‍ പിറന്നു. 21ാം മിനിറ്റില്‍ ബ്ളാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദിയുടെയും മധ്യനിരക്കാരന്‍ ബോറിസ് കാദിയോയുടെയും മണ്ടത്തരത്തിന് നല്‍കിയ വില. ടെബറില്‍ നിന്നും ഗാഡ്സേയിലേക്കുള്ള ലോങ് ക്രോസിന്‍െറ അപകടം കാലേക്കൂട്ടി ഗണിച്ച കാദിയോ ഹാഫ്വോളിയിലൂടെ പന്തടിച്ചകറ്റാന്‍ ശ്രമിച്ചെങ്കിലും വന്നുപതിച്ചത് ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ മാഴ്സലീന്യോയുടെ ബൂട്ടിന് പാകമായി. നില തെറ്റിയ ഗോളി സന്ദീപ് നന്ദിയെ കാഴ്ചക്കാരനാക്കി മാഴ്സലീന്യോ തൊടുത്ത ഷോട്ട് വലക്കണ്ണികളെ കുലുക്കി.

അപ്രതീക്ഷിതമായി വഴങ്ങിയ ഗോളില്‍ കേരളം പക്ഷേ, പതറിയില്ല. മിഡ്ഫീല്‍ഡില്‍ നിന്ന് സ്പെയിന്‍ താരം ഹോസു കുറിയാസ് നല്‍കിയ പാസ് മനോഹരമായാണ് നാസണ്‍ ഡല്‍ഹിയുടെ വലയിലത്തെിച്ചത്. പ്രതിരോധ നിരയിലെ രണ്ടുപേരെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിന്‍െറ വലതുമൂലയിലേക്ക് ഉതിര്‍ത്തി ഷോട്ടിന്‍െറ ശക്തിയും പ്ളേസിങ്ങും അതിമനോഹരം. രണ്ടാം സെമിയിലെ ഏറ്റവും മനോഹരമായ ഗോളായിരുന്നു അത്.  സ്കോര്‍ (1-1)
ഗോളുകള്‍ പിറന്നതോടെ കളിയും പരുക്കനായി. പിടിവലിയും ഫൗളും ആവര്‍ത്തിച്ചതോടെ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും ആവര്‍ത്തിച്ചു. ഫ്രീ കിക്ക് എടുക്കാന്‍ മന$പൂര്‍വം വൈകിച്ചതിന് ബ്ളാസ്റ്റേഴ്സിന്‍െറ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.  രണ്ടു മിനിറ്റ് കഴിഞ്ഞില്ല, ഡല്‍ഹിയുടെ മിഡ്ഫീല്‍ഡര്‍ മിലന്‍ സിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായപ്പോള്‍ ഡല്‍ഹി ആരാധകര്‍ നിറഞ്ഞ സ്റ്റേഡിയം നടുങ്ങി. ബ്ളാസ്റ്റേഴ്സിന്‍െറ മെഹ്താബ് ഹുസൈനെ മുന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തിയ ഫൗള്‍ പക്ഷേ, ചുവപ്പ് കാര്‍ഡ് പുറത്തെടുക്കാന്‍ മാത്രം ഗൗരവമുള്ളതാണോയെന്ന സംശയം ബാക്കി. പരുക്കന്‍ കളി പുറത്തെടുത്തതിന് ഹോസുവിനും കിട്ടി മഞ്ഞക്കാര്‍ഡ്.
 

പത്തുപേരുമായി പതറാതെ 
പത്തുപേരുമായി കളിച്ചിട്ടും പതറാതെയായിരുന്നു ഡല്‍ഹിയുടെ പോരാട്ടം. മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായ മിലാന്‍ സിങ്ങിന്‍െറ പുറത്താവലില്‍ പരുങ്ങാതെ ഗെയിം പ്ളാന്‍ മാറ്റാതെ, ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ലാതെയായിരുന്നു ഡല്‍ഹിയുടെ പൊരുതല്‍. അതിന് ഫലം ലഭിക്കാനും വൈകിയില്ല. ഒന്നാം  പകുതിയുടെ അധിക സമയത്തിന്‍െറ അവസാന മിനിറ്റില്‍ മുന്നിലത്തെി. ഗോളി സന്ദീപ് നന്ദിയുടെ മണ്ടത്തരം വീണ്ടും ബ്ളാസ്റ്റേഴ്സിനെ പിന്നിലാക്കിയ നിമിഷം. ഇക്കുറി 30 വാര അകലെനിന്നും മാര്‍കോസ് ടെബാര്‍ എടുത്ത നിരുപദ്രവകരമായ ഫ്രീകിക്ക് എതിരാളികളെ പോലും ഞെട്ടിച്ച് വലയിലായി. സന്ദീപിന് ബാലന്‍സ് ചെയ്യാനാവാതെ പോയപ്പോള്‍ ആറടി ഉയരക്കാരന്‍ റുബന്‍ ഗോണ്‍സാലസിന്‍െറ തലയില്‍ തട്ടി വലയിലേക്ക്. ഇതിനിടയില്‍ കാദിയോ ഇടപെട്ട് പുറത്തേക്ക് തട്ടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.  ഇടവേളക്ക് പിരിയുമ്പോള്‍ ഡല്‍ഹി മുന്നില്‍ (2-1).  ഇടവേളക്ക് ശേഷം കളി മുഴുവന്‍ ഡല്‍ഹിയുടെ കൈകളിലായിരുന്നു.  പതിവുപോലെ അത്യുഗ്രന്‍ പ്രകടനം കാഴ്ചവെച്ച സന്ദേശ് ജിങ്കനും ഹെങ്ബര്‍ട്ടും ഗോളെന്നുറച്ച കാല്‍ഡസനിലേറെ ഡല്‍ഹി മുന്നേറ്റങ്ങള്‍ തകര്‍ത്തു. തുടരത്തെുടരെ കോര്‍ണര്‍ വഴങ്ങേണ്ടിയും വന്നു കേരളത്തിന്. മാഴ്സലീന്യോയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ ബാറിന് തൊട്ടു തൊട്ടില്ല എന്ന നിലക്കാണ് പുറത്തുപോയത്.  55ാം മിനിറ്റില്‍ കാദിയോയെ പിന്‍വലിച്ച്, ആദ്യ പാദത്തിലെ ഗോള്‍നേട്ടക്കാരന്‍ കെര്‍വന്‍ ബെല്‍ഫോര്‍ട്ടിനെയും 69ാം മിനിറ്റില്‍ ഡക്കന്‍സ് നാസോണിനെ വലിച്ച് അന്‍േറാണിയോ ജര്‍മനെയും കോപ്പല്‍ കളത്തിലിറക്കി.
Tags:    
News Summary - ISL 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.