??????? ???.?? ???????????? ??????? ?????? ???????????????

ചരിത്രം തിരുത്താന്‍ നമ്മ ബംഗളൂരു

ബംഗളൂരു: ‘ഇത് ബംഗളൂരുവിന്‍െറയും കര്‍ണാടകയുടെയും മാത്രം ടീമല്ല. ഞങ്ങളെ ഇന്ത്യന്‍ ടീമായി കാണണം. രാജ്യത്തിന്‍െറ മുഴുവന്‍ പിന്തുണ ഞങ്ങള്‍ക്കൊപ്പമുണ്ടാകണം’ -ചരിത്രനേട്ടം ഒരു കളിയകലെ കാത്തിരിക്കുന്ന ബംഗളൂരു എഫ്.സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ആരാധകരുടെ പിന്തുണ തേടുമ്പോള്‍ ഒരു വികാരമായി ഇന്ത്യന്‍ ഫുട്ബാളും ഇന്ന് ബംഗളൂരുവിലേക്ക്  കണ്‍പാര്‍ത്തിരിക്കും. താരപ്പകിട്ടാര്‍ന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിന് അവധി നല്‍കി രാജ്യം നീലപ്പടയണിക്കു പിന്നില്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലേക്ക്.

എ.എഫ്.സി കപ്പ് ഫുട്ബാള്‍ ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ളബ് എന്ന നേട്ടം ഒരു മത്സരമകലെ ഐ ലീഗ് ചാമ്പ്യന്മാരായ ബംഗളൂരുവിനെ കാത്തിരിക്കുന്നു. 12 വര്‍ഷം പഴക്കമുള്ള വന്‍കരയുടെ ക്ളബ് ചാമ്പ്യന്‍ഷിപ്പിന്‍െറ കലാശപ്പോരാട്ടത്തിന് ഇതുവരെ ഒരു ഇന്ത്യന്‍ ടീമിനും ഇടമില്ലായിരുന്നു. ബുധനാഴ്ച വൈകീട്ടത്തെ സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ നിലവിലെ ജേതാക്കളായ മലേഷ്യന്‍ ക്ളബ് ജൊഹര്‍ ദാറുല്‍ തസിമിനോട് തോല്‍ക്കാതിരുന്നാല്‍ സുനില്‍ ഛേത്രിയുടെ സംഘം ആ ചരിത്രനേട്ടത്തിന് അവകാശികളാവും.

മലേഷ്യന്‍ മണ്ണില്‍ നടന്ന ആദ്യ പാദത്തില്‍
1-1ന് സമനില നേടിയപ്പോള്‍ എവേ ഗോളിന്‍െറ മുന്‍തൂക്കം ഇന്ത്യന്‍ ക്ളബിനുണ്ട്. ഇന്ന് സ്വന്തം മണ്ണില്‍ ജയിച്ചാല്‍ കാര്യങ്ങള്‍ ഏറെ എളുപ്പം. ഗോള്‍വഴങ്ങാതെ സമനില പിടിച്ചാലും ‘ബ്ളൂ ആര്‍മി’ കലാശക്കളിയില്‍ ഇടംപിടിക്കും. സെപ്റ്റംബര്‍ 28ന് നടന്ന ഒന്നാം പാദ സെമിയില്‍ യൂജിങ്സണ്‍ ലിങ്ദോയുടെ ഒരു ഗോളാണ് ബംഗളൂരുവിന് എവേ മുന്‍തൂക്കം നല്‍കിയത്. ഇന്ന് ജയിക്കാനായി സ്വന്തം മണ്ണിലിറങ്ങുമ്പോള്‍ സ്പാനിഷ് കോച്ച് ആല്‍ബര്‍ട്ട് റോക്കക്കു കീഴില്‍ ടീം ഫുള്‍ ഫിറ്റ്. എ.എഫ്.സി കപ്പ് കാരണം ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് അവധി നല്‍കിയ ദേശീയ താരങ്ങളാണ് ബംഗളൂരുവിന്‍െറ കരുത്ത്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി, മലയാളി താരം സി.കെ. വിനീത്, യൂജിങ്സണ്‍ ലിങ്ദോ എന്നിവരാണ് മുന്‍നിരയില്‍. ആല്‍വിന്‍ ജോര്‍ജ്, ശങ്കര്‍ സാംപിങ്രാജ്, ആസ്ട്രേലിയക്കാരന്‍ കാമറോണ്‍ വാട്സന്‍ എന്നിവരുടെ മധ്യനിരയും റിനോ ആന്‍േറാ ഉള്‍പ്പെടെയുള്ളവരുടെ പ്രതിരോധവുമായി ബംഗളൂരു മിന്നുന്ന ഫോമിലാണ്.

എന്നാല്‍, ചാമ്പ്യന്മാരെന്ന നിലയില്‍ എതിരാളി ഹോട്ട് ഫേവറിറ്റാണെന്ന മുന്നറിയിപ്പ് നല്‍കുകയാണ് കോച്ച് റോക്ക. സസ്പെന്‍ഷനിലായ മൂന്ന് താരങ്ങള്‍ മലേഷ്യന്‍ ക്ളബ് നിരയിലുണ്ടാവില്ളെങ്കിലും, അവരുടെ പകരക്കാര്‍ നഷ്ടം നികത്താന്‍ മിടുക്കരാണ്. ഏറ്റവും മികച്ച സബ്സ്റ്റിറ്റ്യൂഷന്‍ ലൈനും എതിരാളിക്കുണ്ട് -റോക്ക ടീമിന് മുന്നറിയിപ്പ് നല്‍കുന്നു. ആദ്യ പാദത്തില്‍ എവേ ഗോള്‍ നേടിയെങ്കിലും അറ്റാക്കിങ് കണക്കുകളില്‍ ബംഗളൂരു ഏറെ പിന്നിലായിരുന്നു. ദാറുല്‍ തസിം 24 ഷോട്ട് തൊടുത്തപ്പോള്‍ 10 ഷോട്ട് മാത്രമായിരുന്നു ബംഗളൂരുവിന്‍െറ നേട്ടം. ഇതെല്ലാം പരമാവധി പരിഹരിച്ച്, ഒത്തിണക്കം അനിവാര്യമെന്ന് റോക്കയുടെ മുന്നറിയിപ്പ്. ഈസ്റ്റ് ബംഗാളിനും ഡെംപോക്കുംശേഷം എ.എഫ്.സി കപ്പ് സെമിയില്‍ ഇടംനേടിയ ആദ്യ ക്ളബാണ് ബംഗളൂരു. ചരിത്രനേട്ടം ഫൈനലിലത്തെിക്കാനാവും ഛേത്രിയും ടീമും ഇന്ന് രാത്രി ഏഴിന് പന്തുതട്ടുന്നത്.

Tags:    
News Summary - isl 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.