കൊല്‍ക്കത്തക്കെതിരെ സമനില (1-1); ഗോവക്ക് ആദ്യ പോയന്‍റ്

കൊല്‍ക്കത്ത: തുടര്‍ച്ചയായ തോല്‍വികള്‍ക്കിടയില്‍ ജയിക്കാനാശിച്ചിറങ്ങിയ എഫ്.സി ഗോവക്ക് സമനിലയിലൂടെ ആദ്യ പോയന്‍റ് പിറന്നു. അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ മണ്ണിലെ മത്സരം പരുക്കന്‍ കളികൊണ്ട് നിറഞ്ഞപ്പോള്‍ ഇരുവരും ഒരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. കളിയുടെ ആവേശം കൈയാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ റഫറി ഫെര്‍ണാണ്ടോ ഗരീറോയും മോശമാക്കിയില്ല. കൊല്‍ക്കത്തയുടെ സ്റ്റീഫന്‍ പിയേഴ്സനും, ഗോവയുടെ സഞ്ജയ് ബല്‍മുജുവും ചുവപ്പ്കാര്‍ഡുമായി പുറത്തായപ്പോള്‍ അരഡസനിലേറെ മഞ്ഞക്കാര്‍ഡും പുറത്തെടുത്തു. കളിയുടെ ആറാം മിനിറ്റില്‍ ഉജ്ജ്വല വോളി ഗോളിലൂടെ കൊല്‍ക്കത്തയാണ് ലീഡ് നേടിയത്. ഇയാന്‍ ഹ്യൂമിനെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഹാവി ലാറ പറത്തിവിട്ടപ്പോള്‍ നിലംതൊടാതെ മൂന്നുപേരുടെ ഹെഡ്ഡറിലൂടെ മാറിമറിഞ്ഞു പറന്നു. ഒടുവില്‍  പെനാല്‍റ്റി ബോക്സിന് പുറത്ത് കാത്തുനിന്ന ദക്ഷിണാഫ്രിക്കന്‍ താരം സമീഗ് ദുതീയുടെ ഫുള്‍വോളി ഷോട്ട് ഗോവന്‍ ഗോളി സുഭാശിഷ് റോയിയെ മറികടന്ന് വലയില്‍.
രണ്ടാം പകുതിയുടെ 77ാം മിനിറ്റില്‍ ഹാന്‍ഡ്ബാളിന് ലഭിച്ച പെനാല്‍റ്റി ജൊഫ്രെ വലയിലത്തെിച്ചാണ് ഗോവക്ക് സമനില നല്‍കിയത്. ഇതിനിടെ ഇരു നിരയിലും അംഗബലം പത്തായി ചുരുങ്ങുകയും ചെയ്തു.
Tags:    
News Summary - isl: Atletico de Kolkata and FC Goa share points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.