ചെന്നൈ: ദീപാവലി നാളില്‍ നനഞ്ഞ പടക്കമായി ‘തെക്കന്‍ ഡെര്‍ബി’. മറീന അറീനയില്‍ മുന്നേറ്റങ്ങളുടെ വെടിക്കെട്ടും ഗോളിന്‍െറ മത്താപ്പുമൊക്കെ കൊതിച്ചവരെ നിരാശരാക്കി മലയാളവും മച്ചാന്‍സും സമനിലയില്‍ പിരിഞ്ഞു. നിര്‍ണായക പോരില്‍ തോല്‍ക്കാതിരിക്കാന്‍ വീറോടെ കൊമ്പുകോര്‍ത്ത ചെന്നൈയിന്‍ എഫ്.സിയും കേരള ബ്ളാസ്റ്റേഴ്സും ഗോള്‍രഹിത സമനില പാലിച്ച് ഓരോ പോയന്‍റ് പങ്കിട്ടു. ആദ്യപകുതിയില്‍ അമ്പേ നിരാശപ്പെടുത്തിയ ബ്ളാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട കളി കാഴ്ചവെച്ച് നിലവിലെ ചാമ്പ്യന്മാരെ പിടിച്ചുകെട്ടുകയായിരുന്നു. എവേ മത്സരത്തില്‍ സമനില ഒരര്‍ഥത്തില്‍ ബ്ളാസ്റ്റേഴ്സിന് നേട്ടമായി. ഒമ്പതു പോയന്‍റ് വീതമുള്ള ചെന്നൈയിനും ബ്ളാസ്റ്റേഴ്സും യഥാക്രമം നാലും അഞ്ചും സ്ഥാനത്ത് തുടരുന്നു. നവംബര്‍ എട്ടിന് ഗോവക്കെതിരെ കൊച്ചിയിലാണ് ബ്ളാസ്റ്റേഴ്സിന്‍െറ അടുത്ത മത്സരം.
സ്റ്റേഡിയത്തിനു പുറത്ത് ദീപാവലി ആഘോഷങ്ങളുടെ മേളവും വര്‍ണവും കൊഴുക്കുന്നതിനിടയിലാണ് സതേണ്‍ ഡെര്‍ബിക്ക് കിക്കോഫ് വിസില്‍ മുഴങ്ങിയത്. ഫട്ടോഡയില്‍ ഗോവയുടെ തിണ്ണമിടുക്കിനെ കശക്കിയെറിഞ്ഞ ബ്ളാസ്റ്റേഴ്സ് നിരയില്‍ മാറ്റങ്ങളൊന്നും വരുത്താതെ കോച്ച് സ്റ്റീവ് കോപ്പല്‍ ചെന്നൈയില്‍ തന്ത്രം മെനഞ്ഞു. ഇരുടീമിന്‍െറയും നീക്കങ്ങള്‍ക്ക് തുടക്കത്തിലേ ആരവങ്ങളുടെ പിന്തുണ വേണ്ടുവോളമുണ്ടായിരുന്നെങ്കിലും ബ്ളാസ്റ്റേഴ്സിന്‍െറ തുടക്കം ഒട്ടും കേമമായിരുന്നില്ല. രണ്ടാം മിനിറ്റില്‍തന്നെ ചെന്നൈയിന്‍െറ കടുത്ത അഗ്നിപരീക്ഷണം തലനാരിഴക്കാണ് ബ്ളാസ്റ്റേഴ്സ് അതിജീവിച്ചത്.
ഒത്തിണക്കമില്ലാതെ ആദ്യപകുതി
ഗോവയില്‍ എഫ്.സി ഗോവയെ ഞെട്ടിച്ച ബ്ളാസ്റ്റേഴ്സിന്‍െറ നിഴല്‍ മാത്രമായിരുന്നു മറീന അറീനയില്‍ ആദ്യപകുതിയില്‍ കണ്ടത്. ഒട്ടും ഒത്തിണക്കമില്ലാതെ പന്തുതട്ടിയ മഞ്ഞക്കുപ്പായക്കാര്‍ക്ക് ആദ്യ അരമണിക്കൂറില്‍ ഒരു ഷോട്ടുപോലും എതിര്‍ വല ലക്ഷ്യമിട്ടുതിര്‍ക്കാന്‍ കഴിഞ്ഞില്ല. ചെന്നൈ ഗോളി കരണ്‍ജീത് സിങ് ക്രോസ് ബാറിനു കീഴില്‍ ശരിക്കും അവധി ആലസ്യത്തിന്‍െറ മൂഡിലായിരുന്നു. ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍മാരായ അസ്റാക്ക് മഹാമതും മെഹ്താബ് ഹുസൈനുമടങ്ങിയ സന്ദര്‍ശക മധ്യനിര പ്രതിരോധത്തില്‍ മാത്രം ശ്രദ്ധയൂന്നിയത് മുന്നേറ്റങ്ങള്‍ മരവിപ്പിച്ചു. മുന്‍നിരയില്‍ റാഫിയും ചോപ്രയും ഒട്ടും വഴക്കമില്ലാതെ പന്തുതട്ടിയെന്നു മാത്രമല്ല, പലപ്പോഴും എതിരാളികള്‍ക്ക് പന്ത് ദാനമായി നല്‍കുകയും ചെയ്തു. ബെല്‍ഫോര്‍ട്ട് മാത്രമാണ് ഭേദപ്പെട്ട നീക്കങ്ങള്‍ക്ക് തുനിഞ്ഞത്. വലതുവിങ്ങില്‍ ജിങ്കാനും റഫീഖും ചേര്‍ന്ന നീക്കങ്ങളാണ് ചെന്നൈ പ്രതിരോധത്തെ അല്‍പമെങ്കിലും ആശങ്കപ്പെടുത്തിയത്.
എപ്പോഴുമെന്നപോലെ കാവല്‍ഭടന്മാരുടെ കരളുറപ്പില്‍ കേരളനിര ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കുകയായിരുന്നു. ഹെങ്ബര്‍ട്ടും ആരോണ്‍ ഹ്യൂസും സെന്‍ട്രല്‍ ഡിഫന്‍സില്‍ അതീവ ജാഗ്രത പുലര്‍ത്തി. കളി അരമണിക്കൂറാകവേ ആതിഥേയര്‍ക്ക് തുടരെ കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ഫലം, ആദ്യ പകുതി പൂര്‍ണമായും ചെന്നൈയിന്‍െറ നിയന്ത്രണത്തിലാവുകയായിരുന്നു. മധ്യനിരയില്‍ ഹന്‍സ് മുള്‍ഡറും റാഫേലും ചേര്‍ന്ന് കൃത്യമായ ധാരണയില്‍ നീക്കങ്ങള്‍ മെനഞ്ഞപ്പോള്‍ ചെന്നൈ മേധാവിത്വം ആധികാരികമായി. മെഹ്താബിന്‍െറ ഫൗളില്‍ പരിക്കേറ്റ മുള്‍ഡര്‍ക്കു പകരം മാനുവെലെ ബ്ളാസി വന്നിട്ടും ബ്ളാസ്റ്റേഴ്സിന്‍െറ ഇടര്‍ച്ചക്ക് മാറ്റമൊന്നുമുണ്ടായില്ല.
പതിയെ തിരിച്ചുവരവ്
ഇടവേളക്കുശേഷം ബ്ളാസ്റ്റേഴ്സ് പതിയെ തിരിച്ചുവരാന്‍ തുടങ്ങി. ഹൊസുവിന്‍െറ ക്രോസില്‍ ബെല്‍ഫോര്‍ട്ടിന്‍െറ ഹെഡര്‍ ലക്ഷ്യത്തില്‍നിന്നകന്നു. കളി ഒരു മണിക്കൂറാകവേയായിരുന്നു ബ്ളാസ്റ്റേഴ്സ് ആരാധകരുടെ ആരവം കനത്തത്. ഇതുപക്ഷേ, മുന്നേറ്റനീക്കങ്ങളുടെ മികവുകൊണ്ടായിരുന്നില്ല; ആരാധകര്‍ ആഗ്രഹിച്ച മാറ്റം കോച്ച് കളത്തില്‍ വരുത്തിയതു കൊണ്ടായിരുന്നു. അലസനായി ഉഴറിനടന്ന ചോപ്രയെ പിന്‍വലിച്ച് ദിദിയര്‍ കാഡിയോയെ കളത്തിലിറക്കിയതോടെ ബ്ളാസ്റ്റേഴ്സിന് ഉശിരല്‍പം കൂടി. വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങള്‍ ചെന്നൈയിനെ മുള്‍മുനയിലാഴ്ത്തിയ ഘട്ടത്തില്‍ ബ്ളാസ്റ്റേഴ്സിന് പരിക്കിന്‍െറ രൂപത്തില്‍ തിരിച്ചടിയേറ്റു. വിശ്വസ്തനായ ഹ്യൂസ് കരക്കുകയറി പകരമത്തെിയത് പ്രതീക് ചൗധരി. ഇതോടെ ജിങ്കാന്‍ സെന്‍ട്രല്‍ ഡിഫന്‍സിലേക്ക് മാറി. ഇതിനിടെ, ചെന്നൈയിന്‍ മുന്‍നിരയില്‍ ഡേവിഡ് സൂച്ചിക്ക് പകരം മൗറിസ്യോ പെലൂസോയെ ഗ്രൗണ്ടിലിറക്കിയിരുന്നു.
ഒടുവില്‍ മുന്നേറ്റ പരമ്പര
കളി മുന്നേറവേ, പതിയെ കേരളം പ്രത്യാക്രമണം ശക്തമാക്കി. എന്നാല്‍, ലക്ഷ്യബോധമില്ലാത്ത പാസിങ്ങുമായി ഇരുടീമും പന്തുതട്ടിയപ്പോള്‍ കളി വിരസമാവുകയും ചെയ്തു. 72ാം മിനിറ്റില്‍ വലതുവിങ്ങില്‍നിന്ന് റഫീഖിന്‍െറ നിലംപറ്റെയുള്ള ക്രോസില്‍ ചാടിവീണ് ക്ളോസ്റേഞ്ചില്‍നിന്ന് ബെല്‍ഫോര്‍ട്ട് തൊടുത്ത വെടിച്ചില്ലുകണക്കെയുള്ള ഷോട്ട് വലയിലേക്കായിരുന്നെങ്കില്‍ ഗോളുറപ്പായിരുന്നു. തൊട്ടുപിന്നാലെ റാഫിയെ മാറ്റി ഡക്കന്‍സ് നാസോണ്‍ മൈതാനത്തത്തെി. വന്നപാടെ ലഭിച്ച അവസരത്തില്‍ നാസോണിന്‍െറ ഷോട്ട് ഗോളിയുടെ കൈകളിലേക്കായിരുന്നു. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങവേ ബ്ളാസ്റ്റേഴ്സിന്‍െറ തുടരന്‍ ആക്രമണങ്ങളില്‍ ചെന്നൈയിന്‍ ഗോള്‍മുഖം വിറകൊണ്ടു. ഡിഫന്‍സില്‍ കോട്ടകെട്ടിയ ഹെങ്ബര്‍ട്ടാണ് കളിയിലെ കേമന്‍. അന്തിമ വിസില്‍ മുഴങ്ങിയതിനു പിന്നാലെ ഇരുനിരയും കൈയാങ്കളിക്കൊരുങ്ങിയത് ആശങ്ക സൃഷ്ടിച്ചു. ബെല്‍ഫോര്‍ട്ടും ബ്ളാസിയും ഉടക്കിയതാണ് പ്രശ്നം സൃഷ്ടിച്ചത്. ഒടുവില്‍ അഭിഷേക് ബച്ചന്‍ അടക്കമുള്ളവര്‍ മൈതാനത്തത്തെിയാണ് ‘പോരിന്‍െറ’ ചൂട് തണുപ്പിച്ചത്. രണ്ടാം പകുതിക്കിടെ ചെന്നൈയിന്‍ ആരാധകന്‍ മൈതാനത്ത് അതിക്രമിച്ചു കടന്നതിനെ തുടര്‍ന്ന് ഏതാനും നിമിഷം മത്സരം തടസ്സപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.