െഎ.എസ്​.എൽ: കേരള ബ്ലാസ്​റ്റേഴ്​സിന്​ രണ്ടാം ജയം

ഫറ്റോര്‍ദ (ഗോവ): ആദ്യപകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയിട്ടും മഞ്ഞപ്പട പതറിയില്ല. രണ്ടാം പകുതിയിലേക്ക് കാത്തുവെച്ച മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ഗോവന്‍ മണ്ണില്‍ സ്വന്തമാക്കിയത് ആരാധകരുടെ മനസ്സുനിറച്ച ജയം. തിരിച്ചുവരവിലേക്ക് പന്ത് തട്ടിയപ്പോള്‍ ഒരു ഗോള്‍ പിറന്നത് മലയാളികാലുകളില്‍ നിന്നായത് ആഹ്ളാദം ഇരട്ടിപ്പിക്കുന്നു. സഹ ഉടമ സചിന്‍ ടെണ്ടുല്‍ക്കറെ സാക്ഷിയാക്കി, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ ഗോവ എഫ്.സിയെ തോല്‍പിച്ച് കേരള ബ്ളാസ്റ്റേഴ്സിന് ഐ.എസ്.എല്‍ മൂന്നാം സീസണിലെ രണ്ടാം ജയം. മലയാളിയുടെ സ്വന്തം മുഹമ്മദ് റാഫിയും ഹെയ്തി താരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടുമാണ് മഞ്ഞപ്പടക്കായി ഗോവന്‍ വല കുലുക്കിയത്.

ബ്രസീലിയന്‍ താരം ജൂലിയസ് സീസറിലൂടെയാണ് ഗോവയുടെ ആശ്വാസ ഗോള്‍. ഇതോടെ ആറ് കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയും നല്‍കിയ എട്ടു പോയന്‍റിന്‍െറ ബലത്തില്‍ ബ്ളാസ്റ്റേഴ്സ് പട്ടികയില്‍ ഏഴാം സ്ഥാനത്തു നിന്ന് അഞ്ചിലേക്കുയര്‍ന്നു. എട്ടു പോയന്‍റുള്ള മുംബൈ എഫ്.സിക്ക് തൊട്ടുപിന്നിലാണ് ബ്ളാസ്റ്റേഴസിന്‍െറ സ്ഥാനം. ഗോള്‍ ശരാശരിയുടെ കണക്കുകൂട്ടലിലാണ് മുംബൈക്ക് മുന്‍തൂക്കം. ഗോവയാക്കട്ടെ തങ്ങളുടെ രണ്ടാം ഹോം മത്സരത്തിലും 2-1 ന് തോല്‍വിയേറ്റുവാങ്ങി ആരാധകരെ നിരാശയിലാക്കി.  പട്ടികയില്‍ അവസാന സ്ഥാനത്താണ് ഗോവ. തകര്‍പ്പന്‍ കളി പുറത്തെടുത്ത ബെല്‍ഫോര്‍ട്ടാണ് കളിയിലെ കേമന്‍. 29ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെ ചെന്നൈയിലാണ് ബ്ളാസ്റ്റേഴിസിന്‍െറ അടുത്ത മത്സരം.

ഗോവയുടെ
ഒന്നാം പാതി

കാര്യമായ മാറ്റങ്ങള്‍ വരുത്താതെ മുന്‍ കളികളിലെ താരങ്ങളെ തന്നെയാണ് ഗോവ ഇറക്കിയത്. കേരള ബ്ളാസ്റ്റേഴ്സ് ചെറിയൊരു മാറ്റംവരുത്തി. മുന്നേറ്റത്തിലെ ഹെയ്തിക്കാരന്‍ നാസോണിനു പകരം കോച്ച് കോപ്പല്‍ ബെല്‍ഫോര്‍ട്ടിനെയാണ് പരീക്ഷിച്ചത്. അത് പാളിയില്ല. ആദ്യ പകുതിയില്‍ ബെല്‍ഫോര്‍ട്ടും ഹോസുവും ചേര്‍ന്ന് നിരവധി അവസരങ്ങളുണ്ടാക്കിയെങ്കിലും ലക്ഷ്യത്തിലേക്ക് പന്ത് തൊടുക്കാന്‍ മാത്രം മഞ്ഞപ്പടക്ക് കഴിയാത്ത കാഴ്ച. മൈക്കല്‍ ചോപ്രക്കും മുഹമദ് റാഫിക്കും ലക്ഷ്യം പിഴക്കുന്നു. ഗോവയാകട്ടെ, മൂന്ന് അവസരങ്ങളാണ് കേരളത്തിന് എതിരെ ആദ്യ പകുതിയില്‍ തുറന്നെടുത്തത്. അതിലൊന്നാണ് ജൂലിയസ് സീസറിലൂടെ ലക്ഷ്യം കണ്ടത്. മൂന്നാം മിനിറ്റിലായിരുന്നു ഗോവയുടെ ആദ്യ മുന്നേറ്റം.

സീസറുടെ അപകടകരമായ ക്രോസില്‍ റോബിന്‍ സിങ്ങിന് തലയത്തെും മുമ്പെ ഗോളി സന്ദീപ് നന്ദി പന്ത് കൈയിലൊതുക്കി മഞ്ഞപ്പടയെ കാത്തു. രണ്ടാമത്തെ അവസരം ഗോവ കൃത്യമായി ലക്ഷ്യത്തിലത്തെിച്ചു. 24 ാം മിനിറ്റിലായിരുന്നു അത്. ഇടതുവശത്തു നിന്ന് റിച്ചാര്‍ലിസന്‍ ഫെലിസ്ബിനൊ നല്‍കിയ പന്ത് ഇടതു പോസ്റ്റിനടുത്ത് നിലയുറപ്പിച്ച ജൂലിയൊ സീസര്‍ ഹെഡറിലൂടെ വലയിലേക്ക് ചത്തെിയിടുന്ന കാഴ്ച. സീസറിന് പന്ത് കിട്ടാതിരിക്കാന്‍ ഹോസു ശ്രമിച്ചെങ്കിലും പന്ത് കിട്ടിയില്ല. വെറ്ററന്‍ ഗോളി സന്ദീപ് നന്ദി ശ്രമം നടത്തിയെങ്കിലും കൈയരികിലൂടെ പന്ത് വലയിലായി (1-0).

ഇടവേള വിസില്‍ മുഴങ്ങും മുമ്പെ ഗോള്‍ തിരിച്ചടിക്കാനുള്ള തീവ്രശ്രമമാണ് മഞ്ഞപ്പട നടത്തിയത്. മുഹമ്മദ് റഫീഖ് നല്‍കിയ പന്തില്‍ ബോക്സില്‍ നിലയുറപ്പിച്ച റാഫി വോളിക്കു ശ്രമിച്ച് പരാജയപ്പെടുന്നു. വലതുവിങ്ങില്‍ നിന്ന് ഹോസു തൊടുത്ത ഫ്രീക്കിക്കില്‍ പന്ത് സന്ദേശ്് ജിങ്കാന്‍ ഹെഡറിലൂടെ ലക്ഷ്യത്തിലേക്ക് തിരിച്ചുവിട്ടത് ഗോവന്‍ ഗോളി സുഭാശിഷ്് റോയിയുടെ മനോഹര സേവില്‍ അവസാനിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ പന്തു കൈക്കലാക്കി ലക്ഷ്യത്തിലേക്ക് കുതിച്ച മഞ്ഞപ്പട ഫിനിഷ് ചെയ്യാനാകാതെ വിയര്‍ത്തു.  രണ്ട് മിനിറ്റിലേറെ ഗോവന്‍ ഗോള്‍മുഖത്ത് കേരളത്തിന്‍െറ തുടരന്‍ ശ്രമങ്ങള്‍. എന്നാല്‍, ഗോളടിക്കാന്‍ ആരുമില്ലാതെ പോയി.

കേട്ടറിവിനെക്കാള്‍ വലുതാണ്
ബ്ളാസ്റ്റേഴ്സ്

ആദ്യപകുതിയില്‍ മഞ്ഞപ്പട പതുങ്ങിയത് ഒളിക്കാനല്ല, കുതിക്കാനായിരുന്നു. കേട്ടറിവിനെക്കാള്‍ വലുതാണ് ബ്ളാസ്റ്റേഴ്സ് എന്ന സത്യമെന്ന് തെളിയിച്ചാണ് കോപ്പലിന്‍െറ കുട്ടികള്‍ രണ്ടാം പകുതിയില്‍ നിറഞ്ഞാടിയത്.  ആദ്യ പകുതിയില്‍ നിര്‍ത്തിയിടത്തു നിന്നാണ് കേരളം രണ്ടാം പകുതിയില്‍ കളി തുടങ്ങിയത്. അത് മഞ്ഞപ്പടയുടെ ആരാധകരെ ആഹ്ളാദത്തിലാക്കി ലക്ഷ്യത്തിലത്തെുകയും ചെയ്തു. 46 -ാം മിനിറ്റില്‍ ഹാഫ് ലൈനില്‍ നിന്ന് ഹെങ്ബെര്‍ട്ട് വലത്തേയറ്റത്തേക്കു നല്‍കിയ പന്തില്‍ മുഹമ്മദ് റഫീഖിന്‍െറ ക്രോസ്. പോസ്റ്റിന്‍െറ വലതറ്റത്ത് നിന്ന മുഹമ്മദ് റാഫി പന്ത് തട്ടി വലയിലുമാക്കി (1-1). 84 ാം മിനിറ്റിലാണ് ബ്ളാസ്റ്റേഴ്സിന്‍െറ വിജയ ഗോള്‍ വലയിലാകുന്നത്. ഹോസു പിന്നില്‍ നിന്ന് നല്‍കിയ പന്തുമായി ഇടത് വിങ്ങിലൂടെ ഓടിക്കയറി ബെല്‍ഫോര്‍ട്ട് തൊടുത്ത പന്ത് തടയാന്‍ സുഭാശിഷ് റോയിക്കു കഴിഞ്ഞില്ല. മനോഹരമായ ഷോട്ടില്‍ പന്ത് വലയില്‍ (1-2).

തിരിച്ചടിക്കാനുള്ള ഗോവയുടെ ജൂലിയസ് സീസറിന്‍െറ നിരന്തര ശ്രമങ്ങളെ മഞ്ഞപ്പടയുടെ ഹോസുവും ഹ്യൂസും ഹെങ്ബെര്‍ട്ടും പ്രതിരോധത്തില്‍ മുക്കി. സന്ദീപ് നന്ദിയുടെ ജാഗ്രതയും കേരളത്തെ രക്ഷിച്ചു. 63 ാം മിനിറ്റില്‍ കേരളത്തിന് എതിരെ ജൂലിയസ് സീസര്‍ എടുത്ത ഫ്രീകിക്ക് സന്ദീപ് നന്ദി ഡൈവിലൂടെ തട്ടിത്തെറിപ്പിച്ചു.  തൊട്ടുപിന്നാലെ കേരളത്തിന്‍റ വല ലക്ഷ്യമാക്കി കുതിച്ച സീസറെ സന്ദേശ് ജിങ്കനും ഹ്യൂസും ഹെങ്ബര്‍ട്ടും ചേര്‍ന്ന് പിടിച്ചുകെട്ടി. പ്രതിരോധത്തില്‍ പെനാല്‍ട്ടി ബോക്സില്‍ കാലിടറി വീണ സീസര്‍ പെനാല്‍റ്റിക്കായി മുറവിളി കൂട്ടിയെങ്കിലും റഫറി വഴങ്ങിയില്ല.

Tags:    
News Summary - isl kerala blasters win against goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.