????? ?????? ????? ????????? ?????????????? ????????? ??????????? ????????????????

ഡല്‍ഹി-മുംബൈ മത്സരം 3-3ന് സമനിലയില്‍

ന്യൂഡല്‍ഹി: ഇതാണ് ഫുട്ബാള്‍. കളിക്കു കളി, ഗോളിനു ഗോള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ മൈതാനത്തെ പച്ചപ്പുല്ലിന് ശരിക്കും തീപിടിച്ചത് ചൊവ്വാഴ്ച രാത്രിയിലായിരുന്നു. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി ഡൈനാമോസ്-മുംബൈ സിറ്റി പോരാട്ടത്തില്‍ ആരും ജയിച്ചില്ളെങ്കിലും ആരാധകര്‍ക്കൊരുക്കിയത് അവിശ്വസനീയമായ ഫുട്ബാള്‍വിരുന്ന്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍നിന്നശേഷം ശക്തമായി തിരിച്ചുവന്ന് കളി 3-3ന് സമനിലയില്‍ പിടിച്ച ഡല്‍ഹിയും എതിരാളിയുടെ മണ്ണില്‍ വീരോചിതം കളിച്ച മുംബൈയും ആരാധകമനസ്സിലെ വിജയിയായി. അതേസമയം, അബദ്ധതീരുമാനങ്ങള്‍കൊണ്ട് മത്സരം നിയന്ത്രിച്ച മലയാളി റിഫറി കെ.ബി. സന്തോഷ്കുമാര്‍ പലപ്പോഴും വില്ലന്‍െറ വേഷമണിഞ്ഞു. 

കളിയുടെ 33, 38 മിനിറ്റുകളില്‍ ആതിഥേയ വലകുലുക്കിയ ഹംഗേറിയന്‍ താരം ക്രിസ്റ്റ്യന്‍ വഡോക്സായിരുന്നു ആദ്യ പകുതിയിലെ മുംബൈ എന്‍ജിന്‍. തുടര്‍ച്ചയായി പിറന്ന രണ്ട് മികച്ച ഗോളുകളില്‍ പക്ഷേ, ഡല്‍ഹി പതറിയില്ല. അപ്രതീക്ഷിത ഗോളിലൂടെ ആദ്യ പകുതിയില്‍ പിന്നിലായി കൂടാരം വിട്ടവര്‍ക്ക് കോച്ച് ജിയാന്‍ലുക സംബ്രോട്ട നല്‍കിയ ശക്തിമരുന്നിന്‍െറ ഫലം പിന്നീട് മൈതാനത്ത് കണ്ടു. നിരന്തര റെയ്ഡുകള്‍ക്കൊടുവില്‍ 51ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്സെയിലൂടെ ഡല്‍ഹി ആദ്യ ഗോള്‍ നേടി. ഗാഡ്സെ അടക്കം രണ്ടു പേര്‍ ഓഫ്സൈഡിലായിരുന്നിട്ടും റഫറി കണ്ടില്ളെന്നായപ്പോള്‍ ആതിഥേയര്‍ക്ക് അനുകൂലമായി ഗോള്‍. 
പക്ഷേ, മുംബൈ വീണ്ടും ലീഡുയര്‍ത്തുന്നതിന് മൈതാനം സാക്ഷിയായി. 69ാം മിനിറ്റില്‍ സോണി നോര്‍ദെയായിരുന്നു നീലപ്പടയുടെ മൂന്നാം ഗോള്‍ കുറിച്ചത്.

ജയമുറപ്പിച്ച് മുംബൈയുടെ പ്രതിരോധത്തിന് ഗൗരവം കുറഞ്ഞപ്പോള്‍ ഡല്‍ഹി ഡൈനാമിറ്റായി പൊട്ടിത്തെറിച്ചു. 76ാം മിനിറ്റില്‍ സെനഗല്‍ താരം ബദാര ബാജിയുടെ വകയായിരുന്നു രണ്ടാം ഗോള്‍. ഗാഡ്സെയെ മുന്നില്‍ നിര്‍ത്തി വിങ്ങിലൂടെ മാഴ്സിലഞ്ഞോയും ഫ്ളോറന്‍റ് മലൂദയും നടത്തിയ മുന്നേറ്റങ്ങളില്‍ മുംബൈ അബദ്ധങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതിനുള്ള ശിക്ഷയായിരുന്നു 82ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പിറന്ന സമനില ഗോള്‍. ഗാഡ്സെയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മാഴ്സിലഞ്ഞോ വലയുടെ വലതുമൂലയിലേക്ക് അടിച്ചുകയറ്റി ഒരു പോയന്‍റ് പിടിച്ചെടുത്തു. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരമെന്ന റെക്കോഡും ഈ പോരാട്ടത്തിനായി. ഗാഡ്സെയാണ് ഹീറോ ഓഫ് ദ മാച്ച്.
Tags:    
News Summary - ISL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.