നമ്മുടെ കോഴിക്കോടിനെക്കാൾ കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമാണ് ഐസ്ലൻഡ്. 3,40,110 പേരാണ് ആ രാജ്യത്തിെൻറ ഇപ്പോഴത്തെ ജനസമ്പത്ത്. അതിൽ 21,500 പേർ ഫുട്ബാൾ കളിക്കാനായി രജിസ്റ്റർ ചെയ്യപ്പെട്ടവരും. നാലുവർഷം മുമ്പ് ഫിഫ റാങ്കിങ്ങിൽ അവരുടെ ടീം 130ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ യൂറോ കപ്പ് അവസാനിച്ചപ്പോഴേക്കും അവർ 22ാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു.
ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമായ അവരുടെ ഫുട്ബാൾ ലോകത്തേക്കുള്ള കടന്നുകയറ്റം 2016 യൂറോ കപ്പിലൂടെയായിരുന്നു. അന്നവരുടെ മുന്നിൽ തലകുനിച്ചത് ഫുട്ബാളിെൻറ പിതൃഭൂമിയായ ഇംഗ്ലണ്ട് ആയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ അന്നത്തെ അവരുടെ വിജയം ചരിത്രത്തിലെ ഏറ്റവും വലിയ വിസ്മയ വിജയങ്ങളിലൊന്നായി വാഴ്ത്തപ്പെടുകയും ചെയ്തു.
ഹെയ്മീർ ഹാക്ഗ്രിമസൺ എന്ന് പേരുള്ള ഒരു ഡെൻറൽ ഡോക്ടറാണ് കളി പറഞ്ഞുകൊടുത്തുകൊണ്ട് അവരെ യൂറോകപ്പിലും ലോകകപ്പിലും കൊണ്ടെത്തിച്ചത്. തലസ്ഥാനമായ റിയാക്ക ജാവിക്കിൽനിന്ന് ഒരുപാടകലെ താമസിക്കുന്ന അദ്ദേഹത്തിന് ഒന്നുകിൽ വിമാനത്തിൽ പറക്കണം. അതെല്ലങ്കിൽ ഹൈസ്പീഡ് ബോട്ടിൽ മണിക്കൂറുകളോളം സഞ്ചരിക്കണം തെൻറ ടീം അംഗങ്ങളെ പരിശീലിപ്പിക്കാൻ. കളിയില്ലാത്ത നേരം തെൻറ പ്രിയപ്പെട്ട രോഗികൾക്ക് ഒപ്പം ചെലവഴിക്കാനായിരുന്നു ഈ ജനപ്രിയ ഡോക്ടർ അത്തരം സാഹസിക യാത്രകൾ നടത്തിയിരുന്നത്.
ഈ അതുല്യ വിജയങ്ങൾ എങ്ങനെ സാധിച്ചെടുക്കുന്നു എന്ന സ്കോട്ടിഷ് ഡെയ്ലിയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് ‘അധ്വാനം കടുത്ത അധ്വാനം’ എന്നും അന്നത്തെ യൂറോയിലെ അവരുടെ പ്രകടനങ്ങൾ ആകസ്മികമായിരുന്നില്ല. ഇംഗ്ലണ്ടിനെ വീഴ്ത്തും മുമ്പ് അവർ യോഗ്യത മത്സരങ്ങളിൽ അന്ന് വമ്പന്മാരായ ഹോളണ്ടിനെയും തോൽപിച്ചിരുന്നു. അന്നത്തെ പരാജയത്തോടെ ഡച്ച് ഇതിഹാസ പരിശീലകൻ ഗുസ് ഹിഡിങ്ക് തലതാഴ്ത്തി സ്ഥാനം ഒഴിഞ്ഞുപോകുന്നതും കാണേണ്ടിവന്നു.
അന്ന് ആ മത്സരം കാണാൻ അവരുടെ ജനസംഖ്യയുടെ ഒരു ശതമാനം 3000 പേരാണ് ടീമിനെ അനുഗമിച്ചതെങ്കിൽ ഫ്രാൻസിലെ അവരുടെ വിജയം കാണാൻ 30,000 ഐസ്ലൻഡുകാർ ഉണ്ടായിരുന്നു. അതാകട്ടെ അവരുടെ ജനസംഖ്യയുടെ 10 ശതമാനം വരും. ഇതും ഒരു ലോക റെക്കോഡായി രേഖപ്പെടുത്തുകയുണ്ടായി. അവരുടെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ പോലും ഏറ്റവും കൂടുതൽ ഇരിപ്പിടമുള്ളത് 15,000 പേർക്കാണ്. എന്നാൽ, ഹംഗറിക്ക് എതിരെയുള്ള യോഗ്യത മത്സരങ്ങൾ കണ്ടത് അവരുടെ ജനസംഖ്യയുടെ 98.6 ശതമാനം ആയിരുന്നു. ചരിത്രത്തിൽ ഏറ്റവുമധികം ടെലിവിഷനുകൾ വിറ്റ ദിവസവും അതായിരുന്നു.
16 ഐസ്ലൻഡുകാരാണ് ഇതിനകം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചത്. സ്വാൻസി സിറ്റിക്കുവേണ്ടി 106 മത്സരങ്ങൾ കളിച്ച് 26 ഗോളുകൾ നേടിയ ജിൽഫി സീറോർസൺ ഇപ്പോൾ എവർട്ടണിന് കളിക്കുന്നു. 32കാരനായ അവരുടെ ഗോൾകീപ്പർ ഹാനസ് ഹാൽഡോർസൺ ഐസ്ലൻഡിലെ അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകനാണ്. 2012ൽ യൂറോ വിഷൻ സോങ് കോണ്ടസ്റ്റ് ചലച്ചിത്രമാക്കിയത് അദ്ദേഹമായിരുന്നു - 2016 യൂറോ യോഗ്യത മത്സരത്തിൽ പോർചുഗലിന് എതിരെയുള്ള 1-1 സമനില മത്സരത്തിനിടയിൽ ഗോൾ എന്നുറപ്പിച്ച അഞ്ചു പന്തുകളായിരുന്നു ഈ സംവിധായകെൻറ ഗ്ലൗസിൽ ഒതുങ്ങിയത്. ലോകകപ്പ് കഴിഞ്ഞാൽ കളി മതിയാക്കുന്ന നമ്മുടെ ഐസ്ലൻഡ് ഗോളിയെ നാം കാണാൻ പോകുന്നത് അവരുടെ ഒരേയൊരു ഫിലിം സ്റ്റുഡിയോ ആയ സാഗ ഫിലിംസിെൻറ ഡയറക്ടറായിട്ടാകും.
കഴിഞ്ഞ യൂറോ കപ്പ് ടി.വിയിൽ കണ്ടവർ ആരും അവരുടെ കമേൻററ്റർ ഗൂഡ്മുണ്ടൂർ ബെൻടേക്സണിെൻറ കളിപറച്ചിൽ മറക്കാൻ ഇടയില്ല. ഇംഗ്ലണ്ടിനെതിരെ വീണ ഓരോ ഗോളും അദ്ദേഹം അവിസ്മരണീയമാക്കിയത് കമൻററി ബോക്സും കളിക്കളവും റണ്ണിങ് ട്രാക് ആക്കിക്കൊണ്ടായിരുന്നു. ആവേശംവിതച്ച ആ വിവരണവും മൈക്രോഫോൺ പിടിച്ചുകൊണ്ടുള്ള ആ പാച്ചിലും അങ്ങനെ കായികചരിത്രമായി. കളിപറയാൻ അദ്ദേഹം അന്ന് ഉപേക്ഷിച്ചത് കെ.ആർ െറയ്ക്യാവിക് എന്ന അവരുടെ ഒന്നാം ഡിവിഷൻ ടീമിെൻറ മാനേജർ സ്ഥാനമായിരുന്നു. സൺ എന്നാണ് ഐസ്ലൻഡ് ടീമിലെ എല്ലാവരുടെയും പേരുകൾ അവസാനിക്കുന്നത്. എന്നുെവച്ചാൽ ഗുഡ്റൂൻസൺ എന്നാണ് പേരെങ്കിൽ അതിന് അർഥം ഗുഡ്റൂമിെൻറ മകനെന്നും. അവിടുത്തെ വനിത പേരുകൾ അവസാനിക്കുന്നത് ടോർട്ടിയെ എന്നും അർഥം മകൾ എന്നുംതന്നെ.
പ്രവചനം: ഗ്രൂപ്പിൽ മൂന്നാംസ്ഥാനക്കാരായി അവർക്ക് പ്രഥമ ലോകകപ്പിനോട് വിടപറയേണ്ടിവരും എന്നാണ് ഇതുവരെയുള്ള പ്രകടനങ്ങൾക്ക് ശേഷമുള്ള വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.