അബൂദബി: 12ാം മിനിറ്റിൽ അൽമോസ് അലി എന്ന 22കാരൻ പന്ത് ഇരുകാലുകളിലുമെടുത്ത് കാണിച്ച മന്ത്രജാലത്തിനൊടുവിൽ പിറന്ന സിസർകട്ട് ഗോളിൽ വീണുപോയ സാമുറായികൾക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല, കൈയെത്തും ദൂരത്ത് ഏഷ്യൻ ചാമ്പ്യൻപട്ടം എങ്ങനെ വഴുതിപ്പോയെന്ന്. ഇൗ ടൂർണമെൻറിലെ ഏറ്റവും കരുത്തരിലൊന്നായ ഇറാനെ സെമിയിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് നിഷ്പ്രഭമാക്കി എല്ലാം ഉറപ്പിച്ചെത്തിയവർ പക്ഷേ, ഒരിക്കൽപോലും നിലംതൊടാതെയായിരുന്നു വെള്ളിയാഴ്ച അബൂദബി സായിദ് സ്റ്റേഡിയത്തിൽനിന്ന് കണ്ണീരുമായി മടങ്ങിയത്. ‘കരിയറിലെ ഏറ്റവും വിഷമം പിടിച്ച പരാജയമാണിത്’ ജപ്പാൻ സ്റ്റാർ സ്ട്രൈക്കർ യോഷിദയുടെ വാക്കുകൾ.
ഏഷ്യൻ കപ്പിൽ ഇത്തവണ ഖത്തർ കന്നിക്കിരീടവുമായി മടങ്ങുമെന്ന് പ്രവചിച്ചവർ അപൂർവമായിരുന്നു. മികച്ച പ്രകടനത്തിൽ കവിഞ്ഞ് സ്വന്തം നാട്ടുകാർപോലും സ്വപ്നങ്ങളേറെ വെക്കാത്ത ടീം. എന്നാൽ, ഗോൾവലയും പ്രതിരോധവും ഭദ്രമാക്കി ആക്രമണത്തിനിറങ്ങിയ ഖത്തർ തുടക്കം മുതലേ വരവറിയിച്ചായിരുന്നു ഒാരോ കളിയും ജയിച്ചു കയറിയത്. എതിരാളികളുടെ വലുപ്പത്തെക്കാൾ അടിച്ചുകൂട്ടുന്ന ഗോളിലായിരുന്നു ടീമിെൻറ ശ്രദ്ധയും ഉൗന്നലും.
കലാശപ്പോരാട്ടം വരെ ഒരുഗോൾപോലും വഴങ്ങിയില്ലെന്നു മാത്രമല്ല, ശക്തരായ എതിരാളികളെപോലും വൻ മാർജിനിൽ വീഴ്ത്തി. ഗ്രൂപ് റൗണ്ടിൽ സൗദിയെയും ലബനാനെയും രണ്ടു ഗോളുകൾക്ക് വീഴ്ത്തിയവർ ഉത്തര കൊറിയൻ വലയിൽ നിറച്ചത് ആറെണ്ണം. നോക്കൗട്ട് മത്സരങ്ങളിലും മിന്നും ഫോം തുടർന്ന ടീം സെമിയിൽ ആതിഥേയരായ യു.എ.ഇയെ ഏകപക്ഷീയമായ നാലുഗോളുകൾക്കും വീഴ്ത്തി.
കലാശപ്പോരാട്ടത്തിൽ എതിരാളി നാലുവട്ടം ഏഷ്യൻ ചാമ്പ്യൻമാരായവരെന്നറിഞ്ഞിട്ടും തകർത്തുകളിച്ച ടീം തുടക്കത്തിലേ ഗോൾ കണ്ടെത്തിയതോടെ ജപ്പാെൻറ സ്വപ്നങ്ങൾ ഇത്തവണ പൂക്കില്ലെന്ന് ഏതാണ്ടുറപ്പായിരുന്നു. അവർ ചാമ്പ്യൻമാരെ പോലെയാണ് കളിച്ചതെന്നും കിരീടം അവർക്ക് അവകാശപ്പെട്ടതായിരുന്നുവെന്നും ജപ്പാൻ താരം മിനാമിനോ പറയുന്നത് എതിരാളിയുടെ മികവ് അംഗീകരിക്കുക മാത്രമായിരുന്നു. ടൂർണമെൻറിലെ ഏറ്റവും മികച്ച രണ്ടു ഗോളുകളുമായി കിരീടമുറപ്പിച്ച ഖത്തർ പെനാൽറ്റിയിലൂടെ മൂന്നാം ഗോളും നേടിയതോടെ കളികൈവിട്ട് ജപ്പാൻ തോൽവി സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.