ഡബിളടിച്ച് ദൈബാല; ബാഴ്സ തകർത്ത് യുവൻറസ് (3-0)

ടൂറിൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ വമ്പന്മാരായ യുവൻറസ് സ്പാനിഷ് ശക്തികളായ ബാഴ്സയെ വീഴ്ത്തി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു യുവൻറസിൻെറ ജയം. പോളോ ദൈബാല നേടിയ ഇരട്ടഗോളുകളും ജിയോർജിയോ ചെല്ലീനി നേടിയ ഗോളുമാണ് സ്പാനിഷ് വമ്പന്മാരെ മലർത്തിയടിക്കാൻ യുവൻറസിനെ തുണച്ചത്. ബാഴ്സ സൂപ്പർതാരം മെസ്സിയുടെ സ്വന്തം നാട്ടുകാരനായ പോളോ ദൈബാല 7, 22 മിനുട്ടുകളിലാണ് വല കുലുക്കിയത്. 55ാം മിനിറ്റിലായിരുന്നു ഇറ്റാലിയൻ താരം ചെല്ലീനിയുടെ ഗോൾ. ഇതോടെ ബാഴ്സക്ക് സ്വന്തം നാട്ടിൽ നടക്കുന്ന രണ്ടാംപാദ മത്സരം കടുകട്ടിയായി. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കെതിരെ ആദ്യ പാദത്തിൽ 4-0ത്തിന് തോറ്റശേഷം രണ്ടാം പാദത്തിൽ 6-1ന്  ജയിച്ചുകയറിയ ബാഴ്സലോണയുടെ അദ്ഭുതം യുവൻറസിനോടും ഇനി ആവർത്തിക്കേണ്ടി വരും.


സ്പാനിഷ് ലാ ലിഗയിലെ നിർണായക മത്സരത്തിൽ മലാഗയോട് തോറ്റതിൻെറ ക്ഷീണത്തിലാണ് ബാഴ്സലോണ ഇറ്റലിയിൽ വിമാനമിറങ്ങിയത്. മെസ്സി-നെയ്മർ-സുവാരസ് ത്രയം അണിനിരന്നിട്ടും മലാഗയുടെ പ്രതിരോധത്തിൽ കറ്റാലന്മാർ വീണുപോയി. യുവൻറസിൻെറ ഇറ്റാലിയൻ നിർമിത പ്രതിരോധ മല പൊളിച്ചിടാൻ പരമാവധി ശ്രമിച്ചിട്ടും മെസ്സി, നെയ്മർ, സുവാരസ് കൂട്ടിനായില്ല. ജർമൻ ബുണ്ടസ് ലിഗയിലെ ബൊറൂസിയ ഡോർട്മുണ്ടും ഫ്രഞ്ച് ക്ലബ് മൊണാകോയും തമ്മിലുള്ള മത്സരം ബോംബ് സ്ഫോടനത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. ബൊറൂസിയ ടീമിൻെറ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
 

 

Tags:    
News Summary - Juventus 3 Barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.