സെമിയുറപ്പാക്കാന്‍ ബ്ലാസ്റ്റേഴ്സ് അത്ലറ്റികോ കൊല്‍ക്കത്തക്കെതിരെ

കൊല്‍ക്കത്ത: ഫുട്ബാളിന്‍െറ മണ്ണില്‍ ചൊവ്വാഴ്ച ജീവന്മരണ പോരാട്ടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ സെമിയിലിടം നേടാന്‍ പോരടിക്കുന്ന അത്ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ളാസ്റ്റേഴ്സും കൊല്‍ക്കത്തയിലെ രവീന്ദ്ര സരോബാര്‍ സ്റ്റേഡിയത്തില്‍ പന്തുതട്ടും. കളിയുടെ എണ്ണത്തിലും പോയന്‍റ് നിലയിലും ഒപ്പത്തിനൊപ്പമുള്ള രണ്ടുപേര്‍ക്കും ജയത്തില്‍ കുറഞ്ഞൊരു ലക്ഷ്യവുമില്ല. ജയം നേടുന്നവര്‍ക്ക് സമ്മര്‍ദങ്ങളില്ലാതെ സെമിയുറപ്പ്. സമനിലയോ, തോല്‍വിയോ വഴങ്ങിയാല്‍ നെഞ്ചിടിപ്പും കൂടും. 12 കളിയില്‍ 18 പോയന്‍റുമായി കൊല്‍ക്കത്തയും ബ്ളാസ്റ്റേഴ്സും മൂന്നും നാലും സ്ഥാനത്താണ്. കൊല്‍ക്കത്തക്കാര്‍ക്ക് അവസാന കളിയും സ്വന്തം മണ്ണിലാണ്. എതിരാളി പുണെ. ബ്ളാസ്റ്റേഴ്സിന് കൊച്ചിയിലാണ് അവസാന കളി. എങ്കിലും, സെമി കൈ്ളമാക്സ് അവസനത്തിലേക്ക് മാറ്റിവെക്കാതെ കൊല്‍ക്കത്തയില്‍ തീര്‍ക്കാനാണ് ഇരു ടീമുകളുടെയും പടയൊരുക്കം. ഇതുതന്നെമതി, കൊല്‍ക്കത്ത പോരിനെ ആളിക്കത്തിക്കാന്‍.

ബ്ളാസ്റ്റേഴ്സ് റീലോഡഡ്
മുംബൈയോടേറ്റ അഞ്ച് ഗോള്‍ തോല്‍വിയുടെ ക്ഷീണമെല്ലാം കൊച്ചിയില്‍ പുണെക്കെതിരെ കഴുകിക്കളഞ്ഞാണ് മഞ്ഞപ്പട കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയത്. പുണെയുടെ മൂര്‍ച്ചയേറിയ ആക്രമണത്തെ കൃത്യതയാര്‍ന്ന ഓപറേഷനിലൂടെ തകര്‍ത്ത പ്രതിരോധത്തിന്‍െറ മിടുക്കും, മുന്‍നിരയില്‍ മികച്ച നീക്കങ്ങളുമെല്ലാം ടീം കോമ്പിനേഷനില്‍ ആത്മവിശ്വാസം നല്‍കുന്നു. പുണെക്കെതിരെ പ്രയോഗിച്ച 4-4-2 ഫോര്‍മേഷനില്‍ മാറ്റമുണ്ടാവാനിടയില്ല. പ്രതിരോധത്തില്‍ ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബര്‍ട്ട്, ജിങ്കാന്‍, ഹോസു എന്നിവര്‍. മുന്നേറ്റത്തില്‍ കെര്‍വന്‍ ബെല്‍ഫോര്‍ട്ടും ഡക്കന്‍സ് നാസണും. വിങ്ങിലൂടെ ആക്രമിച്ചുകയറാന്‍ വിനീതും മുഹമ്മദ് റാഫിയും. മധ്യനിര ചാലകമാക്കാന്‍ മെഹ്താബ് ഹുസൈന്‍-അസ്റാക് മഹാമത്. ഗോളിയായി സന്ദീപ് നന്ദിയും. ഫോമിലേക്കുയര്‍ന്ന അന്‍േറാണിയോ ജര്‍മനും ദിദിയര്‍ കാദിയോയുമടങ്ങിയ പകരക്കാരുടെ ബെഞ്ചും ശക്തം. 
 

കൊല്‍ക്കത്തയില്‍ ജയിച്ച് സമ്മര്‍ദം ഒഴിവാക്കാനാണ് കോച്ച് കോപ്പല്‍ താരങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദേശം. കേരളം ജയിച്ച അഞ്ചില്‍ നാലും ഹോം ഗ്രൗണ്ടിലാണ്. എവേ മണ്ണില്‍ ഒരു ജയം മാത്രമാണ് സമ്പാദ്യം. മറുനാട്ടില്‍ 10 ഗോള്‍ വഴങ്ങിയപ്പോള്‍ മൂന്ന് ഗോളേ തിരിച്ചടിക്കാനുമായിട്ടുള്ളൂ. കണക്കുകളെല്ലാം പ്രതികൂലമാവുമ്പോഴും നിലവിലെ ഫോമില്‍ ടീമിന് ജയിക്കാനാവുമെന്ന് കോച്ച് കോപ്പല്‍. ‘മൂന്ന് പോയന്‍റ് ഇരു ടീമിനും നിര്‍ണായകമാണ്. അവസാന ഏതാനും കളികളില്‍ നിര്‍ഭാഗ്യംകൊണ്ടാണ് കൊല്‍ക്കത്ത സമനില വഴങ്ങിയത്. മികച്ച മുന്നേറ്റമാണ് അവരുടേത്. എങ്കിലും ഞങ്ങളുടെ പരമാവധി ഗ്രൗണ്ടില്‍ കാണാം. ജയത്തില്‍ കുറഞ്ഞ ലക്ഷ്യമൊന്നുമില്ല’ -കോപ്പല്‍ പറഞ്ഞു.

മിന്നും ഫോമില്‍ കൊല്‍ക്കത്ത
നാല് സമനിലകള്‍ക്കുശേഷം ഗോവക്കെതിരെ ജയിച്ചാണ് കൊല്‍ക്കത്ത ഒരുങ്ങുന്നത്. ബ്ളാസ്റ്റേഴ്സിനെതിരെ കൊച്ചിയില്‍ നേടിയ ജയവും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. നിലവിലെ ഫോം അടിസ്ഥാനത്തില്‍ സെമിയിലത്തെുന്ന മൂന്നാം ടീമാവും കൊല്‍ക്കത്തയെന്ന് കോച്ച് മൊളീന. ‘എതിരാളിയെ ഭയക്കാതെ കളിക്കാനും ജയിക്കാനുമുള്ള ആത്മവിശ്വാസം ടീമിനുണ്ട്. പ്രതിരോധവും മുന്നേറ്റവും ശക്തമാണെന്ന് ഗോവയില്‍ ഒരിക്കല്‍കൂടി തെളിയിച്ചുകഴിഞ്ഞു’ -കോച്ച് പറഞ്ഞു. അതേമസയം, സമീഗ് ദൗതീ, സ്റ്റീഫന്‍ പിയേഴ്സന്‍, ലാല്‍റിന്‍ഡിക റാല്‍തെ എന്നിവരുടെ പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും ഗെയിം പ്ളാനിന് വെല്ലുവിളിയാണ്. മാര്‍ക്വീതാരം ഹെല്‍ഡര്‍ പോസ്റ്റിഗ, ഇയാന്‍ ഹ്യൂം, ഹാവി ലാറ എന്നിവരാണ് മുന്‍ ചാമ്പ്യന്മാരുടെ കരുത്ത്. പ്രതിരോധത്തില്‍ അര്‍ണബ് മൊണ്ഡലും പ്രീതം കോട്ടലും അടക്കമുള്ള ഇന്ത്യന്‍ താരങ്ങളും മികച്ച ഫോമിലാണ്. 15 ഗോള്‍ നേടിയപ്പോള്‍ 13 ഗോളേ ഇവര്‍ വഴങ്ങിയിട്ടുള്ളൂ.
Tags:    
News Summary - kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.