ലണ്ടൻ: നീണ്ട മൂന്നു പതിറ്റാണ്ടിെൻറ കാത്തിരിപ്പ് അവസാനിപ്പിച്ച് പ്രിമിയർ ലീഗിൽ എന്നേ കിരീടമുറപ്പിച്ചവർക്കു മുന്നിൽ വീഴാൻ റെക്കോഡുകൾ ഇനിയുമുണ്ടായിരുന്നു. ബദ്ധവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ പോയൻറ് വേട്ടക്കാരാകാമെന്ന വലിയ നേട്ടമായിരുന്നു അതിലൊന്ന്. പക്ഷേ, അരുതാത്ത രണ്ടു വൻ പിഴവുകളിൽ ലിവർപൂളിെൻറ പിൻനിര എല്ലാം തീർത്തു. ആഴ്സനലിനോട് ടീം ചോദിച്ചുവാങ്ങിയത് 2-1െൻറ ഞെട്ടിക്കുന്ന തോൽവി.
രണ്ടു സീസൺ മുമ്പ് 100 പോയൻറ് നേടിയാണ് സിറ്റി ലീഗിൽ റെക്കോഡ് പുസ്തകത്തിലേക്ക് കയറിയത്. ഏഴു കളി ബാക്കിനിൽക്കെ ഇത്തവണ കിരീടമുറപ്പിച്ച ലിവർപൂളിന് അതിലേറെ നേടാനാകുമെന്ന് ഉറപ്പിച്ചവരേറെ. എന്നിട്ടും കിരീടനേട്ടത്തിെൻറ അവസാനിക്കാത്ത ആഘോഷവുമായി ഉഴപ്പിയ ടീം ബുധനാഴ്ച രാത്രി എല്ലാം കൈവിട്ടു. അതും വിർജിൽ വാൻ ഡൈക്, അലിസൺ എന്നീ അതികായർ വരുത്തിയ മാപ്പർഹിക്കാത്ത രണ്ടു പിഴവുകളിൽ എതിർ ടീമിന് സ്വന്തം പോസ്റ്റിൽ പന്ത് തളികയിൽ വെച്ചുനൽകി.
തുടക്കം മുതൽ കളി നിയന്ത്രിച്ച ലിവർപൂൾ 20ാം മിനിറ്റിൽ സാദിയോ മാനേയിലൂടെ ലീഡ് പിടിച്ചു. സ്റ്റാർ സ്ട്രൈകർ ഒബാമെയാങ് ഇല്ലാതെ ഇറങ്ങിയ ഗണ്ണേഴ്സിന് പിടിവള്ളിയായി ആദ്യ അബദ്ധം വാൻ ഡൈകിെൻറ കാലുകളിൽ സംഭവിക്കുന്നത് 12 മിനിറ്റ് കഴിഞ്ഞ്. സ്വന്തം ബോക്സിൽ അപകടമൊഴിവാക്കാൻ അശ്രദ്ധമായി നൽകിയ ബാക് പാസ് ഓടിപ്പിടിച്ച അലക്സാണ്ടർ ലക്കാസെറ്റ് ഗോളിയെയും ഡ്രിബിൾ ചെയ്തുകടന്ന് പോസ്റ്റിലേക്ക് ചെത്തിയിട്ടു. സ്കോർ 1-1.
കളി കൈവിട്ടില്ലെങ്കിലും ഇടക്ക് മിന്നലാക്രമണവുമായി ഒപ്പംനിന്ന ആഴ്സനലിന് വൈകാതെ ലീഡും ലഭിച്ചു. ഇത്തവണ സംഭാവന നൽകിയത് ഗോളി അലിസണായിരുന്നുവെന്ന് മാത്രം. റോബർട്സനെ ലക്ഷ്യമിട്ട് ഗോളി തട്ടിനൽകിയ പന്ത് വീണ്ടും പിടിച്ചെടുത്ത ലക്കാസെറ്റ് പോസ്റ്റിനു മുന്നിൽ കാത്തിരുന്ന റീസ് നെൽസണ്‍ കൈമാറി. ഇടതുകോർണറിൽ അനായാസമായി അടിച്ചുകയറ്റിയതോടെ ലിവർപൂൾ കോച്ച് േക്ലാപും കുട്ടികളും ഒരുപോലെ തലയിൽ കൈവെച്ചു. എത്ര വലിയ തോൽവിയിലും ടീമിനൊപ്പം നിന്ന േക്ലാപ് ടീമിനെതിരെ അരിഷം മുഴുവൻ പുറത്തെടുത്തതും അപൂർവ കാഴ്ചയായി. ‘ആഴ്സനലിന് അവസരങ്ങളില്ലായിരുന്നു. ഇങ്ങനെ ഗോൾ വെച്ചുനീട്ടിയാൽ ഫുട്ബാളിൽ കളി ജയിക്കാനാവില്ലെന്നാ’യിരുന്നു േകാച്ചിെൻറ പ്രതികരണം.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ശനിയാഴ്ച എഫ്.എ കപ്പ് സെമി കളിക്കാനിരിക്കെ ആഴ്സനലിന് ജയം ആവേശമാകും. മറുവശത്ത്, 93 പോയൻറുള്ള ലിവർപൂളിന് ഇനിയുള്ള രണ്ടു കളികൾ ജയിക്കാനായാൽപോലും 99 പോയേൻറ പൂർത്തിയാക്കാനാകൂ. ആൻഫീൽഡിൽ ചെൽസിയുമായാണ് ടീമിെൻറ അടുത്ത മത്സരം.
സിറ്റിക്ക് ജയം
രണ്ടാമത്തെ മത്സരത്തിൽ ബേൺമൗത്തിനെ ഒന്നിനെതിരെ രണ്ടു ഗോളിന്തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി ഒന്നാമതുള്ള ലിവർപൂളുമായി പോയൻറ് അകലം 18 ആക്കി ചുരുക്കി. സിറ്റിക്കായി സിൽവയും ഗബ്രിയേൽ ജീസസും സ്കോർ ചെയ്തപ്പോൾ ബ്രൂക്സ് ബേൺമൗത്തിനുവേണ്ടി ആശ്വാസ ഗോൾ കണ്ടെത്തി.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.