സൗദിക്കെതിരായ മത്സരത്തിൽ സ്വന്തം താരത്തെ അപമാനിച്ച് ജർമൻ ആരാധകർ

ലെവർകൂസൻ: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ സൗദിക്കെതിരെ ജർമനിക്ക് ജയം. 2-1നാണ് ലോകകപ്പ് ചാമ്പ്യന്മാർ സൗദിയെ തോൽപിച്ചത്. എട്ടാം മിനിറ്റിൽ തിമോ വെർണർ, 43ാം മിനിറ്റിൽ ഒമർ ഹാസ്വാവി എന്നിവരാണ് ജർമനിയുടെ ഗോൾ നേടിയത്. 84ാം മിനിറ്റിൽ തൈസീർ അൽജാസം സൗദിക്കായി ഗോൾ നേടി. പിന്നീട് മികച്ച മുന്നേറ്റങ്ങൾ സൗദി നടത്തിയെങ്കിലും ഗോൾ വീണില്ല.

അതേസമയം ജർമൻ താരം ഇകായ് ഗുന്ദോനെ കാണികൾ കൂവലോടെയാണ് വരവേറ്റത്. തുർക്കി പ്രസിഡൻറ് റജബ് തയ്യിബ് ഉർദുഗാനൊപ്പം ഗുന്ദോനെ ഫോട്ടോക്ക് പോസ് ചെയ്തതാണ് ജർമൻ ആരാധകരെ ചൊടിപ്പിച്ചത്. എൻറെ പ്രസിഡൻറ് എന്ന് അദ്ദേഹം ഉർദുഗാനെ വിളിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷം ആസ്ട്രിയക്കെതിരായ മത്സരത്തിൽ ജർമൻ താരത്തിന് ആരാധക ആക്രമണം നേരിടേണ്ടി വന്നു. 


താരത്തിനെതിരായ ആക്രമണം നിർത്താൻ കോച്ച് ജോക്കിം ലോ ആവശ്യപ്പെട്ടിരുന്നു.  വിവാദത്തിൽ താരത്തെ മോചിപ്പിക്കാനായാണ് ഇന്നലെ പകരക്കാരനായി മത്സരത്തിനിറക്കിയത്. ഒാരോ തവണ ഗുന്ദോനെയുടെ കാലിൽ പന്ത് തട്ടുമ്പോഴെല്ലാം ആരാധകർ കൂവുകയായിരുന്നു. മെസൂത് ഒാസിലും ഗുന്ദോനെക്കൊപ്പം മെയിൽ ഉർദുഗാനെ കണ്ടിരുന്നു. പരിക്ക് കാരണം ഒാസിൽ ഇന്നലെ മത്സരത്തിനിറങ്ങിയിരുന്നില്ല. ഗുന്ദോനെയും ഒാസിലും തുർക്കിഷ് പാരമ്പര്യമുള്ളവരാണ്. 

അദ്ദേഹം ഒരു ചിത്രമെടുത്തു, ശരിയാണ്, പക്ഷേ ജർമ്മൻ മൂല്യങ്ങളെ പിന്തുണക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയതാണ്. ഇത്തരത്തിൽ ഒരാളെ നാണം കെടുത്തുന്നത് ആരെയും സഹായിക്കില്ല. ഗുന്ദോനെ ഇനിയെന്താണ് ചെയ്യേണ്ടത്- ജർമൻ കോച്ച് ജോക്കിം ലോ ചോദിച്ചു. 
 

Tags:    
News Summary - lkay Gundogan was booed by Germany fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.