ലണ്ടൻ: അടുത്ത സീസണിൽ യൂറോപ്പിലെ വമ്പന്മാർ കരുതിയിരിക്കേണ്ട സംഘമായിരിക്കും ചുകന്ന ചെകുത്താന്മാർ എന്നു തെളിയിച്ച്, പ്രീമിയർ ലീഗിൽ സോൾഷ്യർ ഇലവെൻറ മാജിക് ഷോ തുടരുന്നു. ലോക്ഡൗണിനു ശേഷം പരിക്കേറ്റ മുൻ നിര താരങ്ങളെല്ലാം മടങ്ങിവന്നപ്പോൾ വിശ്വരൂപം പുറത്തെടുക്കാൻ ഇവർക്ക് ഓൾഡ് ട്രഫോഡിലെ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയം ആവശ്യം വന്നില്ല.
യുവ താരങ്ങൾ ഒന്നിച്ചു കുതിച്ചപ്പോൾ ചാമ്പ്യൻസ് ലീഗ് ബർത്തിനായുള്ള നിർണായക പോരാട്ടത്തിൽ ബേൺമൗത്തിനെ മാഞ്ചസ്റ്റർ യുനൈറ്റഡ് 5-2നാണ് തകർത്തുവിട്ടത്. ഇതോടെ, ഒരു മത്സരം കൂടുതൽ കളിച്ചെങ്കിലും ചെൽസിയെ മറികടന്ന് യുനൈറ്റഡ് നാലാം സ്ഥാനത്തു കയറി. പ്രീമിയർ ലീഗിൽ യുനൈറ്റഡ് 2011നു ശേഷം സ്വന്തം തട്ടകത്തിൽ അഞ്ചു ഗോൾ അടിച്ചുകൂട്ടുന്നത് ഇതാദ്യമായാണ്.
കൗമാരതാരം മേസൺ ഗ്രീൻവുഡ് രണ്ടുവട്ടം വലകുലുക്കിയ മത്സരത്തിൽ മാർകസ് റാഷ്ഫോഡ്, ആൻറണി മാർഷ്യൽ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ ചേർന്നാണ് പട്ടിക പൂർത്തിയാക്കിയത്. അടിച്ചതിലേറെ അവസരങ്ങൾ വെറുതെ തുലച്ചില്ലായിരുന്നെങ്കിൽ യുനൈറ്റഡ് താരങ്ങൾക്ക് ഇതിലും വൻ മാർജിനിൽ ജയിക്കാമായിരുന്നു.
18 കാരൻ മാസൺ ഗ്രീൻവുഡാണ് കളിയിലെ താരമായത്. 15ാം മിനിറ്റിൽ യുനൈറ്റഡ് പ്രതിരോധത്തിനുണ്ടായ വീഴ്ച്ചയിൽ വഴങ്ങിയ ഗോൾ തിരിച്ചടിക്കുന്നത് ഗ്രീൻ വുഡിലൂടെയാണ്. പിന്നാലെ പെനാൽറ്റിയിലൂടെ മാർകസ് റാഷ്ഫോഡും ആൻറണി മാർഷ്യലും ഗോൾ നേടിയതോടെ ആദ്യ പകുതി പിരിയും മുമ്പ് തന്നെ യുനൈറ്റഡ് മുന്നിലെത്തി. രണ്ടാം പകുതി ഗ്രീൻ വുഡ് രണ്ടാം ഗോൾ നേടിയതിനു പിന്നാലെ രണ്ടു ഗോളുകൾക്ക് അസിസ്റ്റ് നൽകി മിന്നും ഫോമിൽ കളിച്ച ബ്രൂണോ ഫെർണാണ്ടസും ഗോൾ നേടിയതോടെ യുനൈറ്റഡ് ‘ഫൈവ് സ്റ്റാറായി’. പെനാൽറ്റിയിലായിരുന്നു (ജോഷ്വ കിങ്-49) എതിരാളികളുടെ രണ്ടാം ഗോൾ.
വാർഡി ലെസ്റ്റർ
ഡബ്ളടിച്ച് ജാമി വാർഡി മുന്നിൽനിന്ന് നയിച്ച കളിയിൽ നൈജീരിയൻ സ്ട്രൈക്കർ കെലേച്ചി ഇഹിയാനാഷോയും സ്കോർ ചെയ്തപ്പോൾ ക്രിസ്റ്റൽ പാലസിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളിന് ലെസ്റ്റർ സിറ്റി ജയംനേടി. 58 പോയൻറുമായി മൂന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മുന്നേറുകയാണ് ലെസ്റ്റർ.
മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ നോർവിചിനെയും(1-0) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.